ചപ്പാത്തിൽ പെരിയാർ കൈയേറി ബഹുനിലക്കെട്ടിടം നിർമിക്കുന്നതായി പരാതി
1430759
Saturday, June 22, 2024 3:22 AM IST
ഉപ്പുതറ: പെരിയാർതീരം കൈയേറി ബഹുനില കെട്ടിടങ്ങൾ പണിയുന്നതായി പരാതി. ചപ്പാത്ത് ടൗണിലാണ് അനധികൃത കെട്ടിട നിർമാണങ്ങൾ നടക്കുന്നത്. റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് ഒരു കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. അതിനിടെ തൊട്ടടുത്ത് മറ്റൊരു കെട്ടിടവും പണി തുടങ്ങി.
പൂർത്തിയാകാറായ കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ് മേയ് നാലിന് ആനവിലാസം വില്ലേജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. സ്റ്റോപ് മെമ്മോ അവഗണിച്ച് നിർമാണം തുടർന്നിട്ടും തുടർനടപടിയെടുക്കാൻ റവന്യു വകുപ്പ് തയാറായില്ല.
മുൻപ് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനത്തിന്റെ മുൻഭാഗം മലയോര ഹൈവേക്കുവേണ്ടി പൊളിച്ചിരുന്നു. ഇതിനു ശേഷമാണ് പെരിയാർ കൈയേറി പിന്നിലേക്കു പുതിയ നിർമാണം തുടങ്ങിയത്.
പെരിയാറിലെ നീരൊഴുക്ക് തടഞ്ഞാണ് നിർമാണം നടക്കുന്നത്. പെരിയാർ കൈയേറിയുള്ള നിർമാണം വർഷങ്ങളായി നടക്കുന്നുണ്ട്. അപ്പോഴെല്ലാം പഞ്ചായത്തും റവന്യു വകുപ്പും സ്റ്റോപ് മെമ്മോ നൽകും. പിന്നീട് ഒരു നടപടിയും സ്വീകരിക്കാറില്ല.
നടപടി എടുക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നതാണ് വീണ്ടും പെരിയാർ കൈയേറിയുള്ള നിർമാണം നടക്കാൻ കാരണം. എന്നാൽ, 50 വർഷമായി കെട്ടിട നമ്പറും ലൈസൻസും അടക്കം നിയമപരമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനം ബലപ്പെടുത്തുകയാണ് ചെയ്തതെന്നും പെരിയാർ കൈയേറിയിട്ടില്ലന്നും കെട്ടിട ഉടമ പറയുന്നു.