മാരിയിൽ കലുങ്ക് പാലം : അപ്രോച്ച് റോഡ് നിർമാണ എസ്റ്റിമേറ്റ് തിരിച്ചയച്ചു
1430771
Saturday, June 22, 2024 3:32 AM IST
തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് സമർപ്പിച്ച ഫയലിൽ വീണ്ടും ചോദ്യം ഉന്നയിച്ച് ചീഫ് എൻജനീയർക്ക് തിരിച്ചയച്ചു.
ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് പുതിയ ചോദ്യവുമായി ഫയൽ തിരിച്ചയച്ചത്. പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാൻ 2.70 കോടിയാണ് വേണ്ടിയിരുന്നത്. കാഞ്ഞിരമറ്റം ഭാഗത്ത് 90 ലക്ഷം രൂപയും, ഒളമറ്റം ഭാഗത്ത് 1.80 കോടിയും ചെലവും വരുന്ന എസ്റ്റിമേറ്റാണ് തയാറാക്കിയത്.
ഇതിൽ ഒളമറ്റം ഭാഗത്തെ നിർമാണത്തിന് ആവശ്യമായ 1.80 കോടി പി.ജെ. ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുകയും നിർമാണം നടന്നു വരികയുമാണ്. കാഞ്ഞിരമറ്റം ഭാഗത്തേക്ക് ആവശ്യമുള്ള 90 ലക്ഷം രൂപ പാലം നിർമാണത്തിന് അനുവദിച്ച ഫണ്ടിൽ മിച്ചമുണ്ട്.
ഈ തുകയ്ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാനാണ് സർക്കാരിലേക്ക് ഫയൽ അയച്ചത്. ഈ ഫയൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ മടക്കി അയച്ചിരുന്നു. ഈ ഭാഗത്തെ നിർമ്മാണം കൂടി പൂർത്തീകരിച്ചാൽ മാത്രമേ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകു.
റോഡ് നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നൽകാത്തത് തൊടുപുഴയോടുള്ള കനത്ത അവഗണനയാണെന്ന് കേരള കോണ്ഗ്രസ് ഉന്നതാധികാരസമിതി അംഗവും മുനിസിപ്പൽ കൗണ്സിലറുമായ അഡ്വ. ജോസഫ് ജോണ് ആരോപിച്ചു.
എസ്റ്റിമേറ്റിന് അനുമതി ലഭിക്കാൻ ഒന്നര വർഷമായി കാത്തിരിപ്പു തുടരുകയാണ്. ചീഫ് ടെക്നിക്കൽ എക്സാമിനർ വരെ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നേരത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദർശിക്കുകയും നിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇതുവരെയും എസ്റ്റിമേറ്റിന് അനുമതി ലഭിട്ടില്ല. ഈ നില തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.