അഭ്യാസയാത്രയ്ക്ക് അറുതിയില്ല; വീണ്ടും യുവാക്കളുടെ അപകടയാത്ര
1430887
Sunday, June 23, 2024 3:54 AM IST
മൂന്നാർ: മൂന്നാറിൽ യുവാക്കളുടെ അപകട അഭ്യാസയാത്രയ്ക്ക് അറുതിയില്ല. ഒരു വശത്ത് കർശന നടപടികളുമായി മോട്ടാർ വാഹന വകുപ്പ് രംഗത്തുള്ളപ്പോൾ ത്തന്നെയാണ് നിയമത്തിന് പുല്ലുവില കൽപ്പിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം.
കൊച്ചള - ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പിനും ആനയിറങ്കലിനും ഇടയ്ക്കുള്ള പാതയിലാണ് യുവാക്കൾ വീണ്ടും കാറിൽ അപകടകരമായ രീതിയിൽ സഞ്ചരിച്ചത്. പിൻഭാഗത്തുനിന്നും രണ്ടു വശങ്ങളിലൂടെയുള്ള വിൻഡോ വഴി ശരീരം പുറത്തിട്ട് ഡോറിൽ ഇരുന്നാണ് യുവാക്കൾ സഞ്ചരിച്ചത്.
രണ്ടാഴ്ചയ്ക്കിടെ സമാനമായ അഞ്ചു സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അഞ്ചു വാഹനങ്ങൾക്കും യാത്രക്കാർക്കും എതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയും സ്വീകരിച്ചിരുന്നു.
നടപടികൾ കർശനമാക്കിയിട്ടും യുവാക്കൾ അഭ്യാസം തുടരുന്നത് മോട്ടോർവാഹന വകുപ്പിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.
നിയമലംഘനം പതിവാകുന്ന സാഹചര്യത്തിൽ അതിർത്തികളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും ബോധവത്കരണം നടത്തുന്നത് അടക്കമുള്ള പദ്ധതികൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ബോധവത്കരണം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.