ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം
1430889
Sunday, June 23, 2024 3:54 AM IST
നെടുങ്കണ്ടം: ജില്ലയില്‍ വീണ്ടും പുറമ്പോക്ക് ഭൂമി കൈയേറി പാര്‍ട്ടി ഓഫീസ് നിര്‍മാണം. കൂട്ടാറിലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കിയ കെട്ടിടത്തില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് തുറന്നത്. ഈ സ്ഥലം കൈയേറിയതാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നു. കൂട്ടാര്‍ ടൗണില്‍ റവന്യൂ പുറമ്പോക്ക് ഭൂമി കൈയേറി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടത്തില്‍ നിരോധനം മറികടന്ന് നിര്‍മാണം നടത്തുകയും ഓഫീസ് തുറക്കുകയുമായിരുന്നു.
നിര്‍മാണം വീണ്ടും ആരംഭിച്ചപ്പോള്‍ത്തന്നെ വില്ലേജ് ഓഫീസര്‍ വീണ്ടും നിരോധന ഉത്തരവ് നല്‍കിയെങ്കിലും ഒരാഴ്ചയോളം നിര്‍മാണ പ്രവൃത്തികള്‍ നടത്തി ഓഫീസ് തുറക്കുകയായിരുന്നു.
ഉടുമ്പന്‍ചോല താലൂക്കില്‍ കരുണാപുരം വില്ലേജില്‍ 61/1ല്‍ പെട്ട ഭൂമിയില്‍ പത്തുവര്‍ഷം മുമ്പാണ് ഈ കെട്ടിടം നിര്‍മിച്ചത്. എസ്എന്‍ഡിപി കൂട്ടാര്‍ ശാഖാ യോഗമാണ് അന്ന് നിര്‍മാണം നടത്തിയത്. എന്നാല്‍, നിര്‍മാണ ഘട്ടത്തില്‍ തന്നെ ഇത് റവന്യൂ പുറമ്പോക്ക് കൈയേറിയാണെന്ന് കണ്ടെത്തിയിരുന്നു.
പിന്‍ഭാഗം തോട് പുറമ്പോക്കും മുന്‍ഭാഗം റോഡ് പുറമ്പോക്കുമാണ്. നിരോധന ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തികളില്‍ നിന്നും എസ്എന്‍ഡിപി പിന്മാറിയിരുന്നു. പിന്നീട് വര്‍ഷങ്ങളായി വെറുതെ കിടക്കുകയായിരുന്ന കെട്ടിടത്തിലാണ് ഈ മാസം 12 ന് സിപിഐ കൂട്ടാര്‍ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഓഫീസ് പണി ആരംഭിച്ചത്.
നിര്‍മാണം തടഞ്ഞ് ഉത്തരവിട്ട കെട്ടിടത്തില്‍ ഇഷ്ടിക കെട്ടി റൂമുകള്‍ തിരിച്ചു. ഇതിനെ തുടര്‍ന്ന് 14 ന് കരുണാപുരം വില്ലേജ് ഓഫീസര്‍ വീണ്ടും സ്റ്റോപ്പ് മെമ്മോ നല്കി. എന്നാല്‍, സിപിഐ ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക നേതൃത്വം കെട്ടിടം പണി പൂര്‍ത്തീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഓഫീസിന്റെ ഉദ്ഘാടനവും നടത്തി.
സംഭവത്തില്‍ ഉടുമ്പന്‍ചോല എല്‍ആര്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാനാണ് റവന്യൂ സംഘത്തിന്റെ നീക്കം. ഇതേ സമയം, സിപിഐ ജില്ലാ നേതൃത്വത്തിന്റെ സമ്മര്ദത്തത്തുടര്ന്ന് ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നിയമലംഘനം നടന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.