തൊടുപുഴയോടുള്ള അവഗണന: യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
1431233
Monday, June 24, 2024 3:49 AM IST
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരേ ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയ്ക്കെതിരെയും തൊടുപുഴ അര്‍ബന്‍ ബാങ്കിലെ സഹകരണ കൊള്ളയ്ക്കുമെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തൊടുപുഴയ്ക്ക് അനുവദിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് വിരുദ്ധ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തൊടുപുഴ മാരിയില്‍കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാത്തത് ദുരുദ്ദേശ്യപരമാണ്.
തൊടുപുഴ സിവില്‍ സ്റ്റേഷന് അനക്സ്, സ്റ്റേഡിയം, കുരുതിക്കളം-വണ്ണപ്പുറം-ചേലച്ചുവട് റോഡ് നിര്‍മാണം, മലങ്കര ടൂറിസം പദ്ധതി തുടങ്ങിയവ വികസനവിരുദ്ധ നയത്തിന്റെ ഉദാഹരണങ്ങളാണ്. തൊടുപുഴ അര്‍ബന്‍ ബാങ്കില്‍ സിപിഎം ഭരണസമിതി നടത്തിയ തട്ടിപ്പ് ഉള്‍പ്പെടെ സഹകരണ അഴിമതിക്കെതിരേ ജനകീയ കണ്‍വന്‍ഷനുകള്‍ നടത്താനും യോഗം തീരുമാനിച്ചു.
നിയോജകമണ്ഡലം ചെയര്മാന് എ.എം. ഹാരിദ് അധ്യക്ഷത വഹിച്ചു. എന്‍.ഐ. ബെന്നി, അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍, റോയ് കെ. പൗലോസ്, ജോണ്‍ നെടിയപാല, ടി.കെ. നവാസ്, അഡ്വ. കെ.എസ്. സിറിയക്, രാജു ഓടയ്ക്കല്‍, ടോമി കാവാലം, എം.എ. കരീം, കൃഷ്ണന് കണിയാപുരം, ജോയ് മൈലാടി, കെ.ജി. സജിമോന്‍, സുരേഷ് രാജു എന്നിവര്‍ പ്രസംഗിച്ചു.