പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം: തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന വേണം
1431245
Monday, June 24, 2024 3:59 AM IST
കട്ടപ്പന: പോലീസിന്റെ തൊഴിലിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും മറ്റു ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് യൂണിറ്റുകളില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള പോലീസ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ സമ്മര്‍ദം വിലയിരുത്തി അടിയന്തര ഇടപെടല്‍ നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണം.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസികവും ശാരീരികവുമായ ആരോഗ്യ കാര്യങ്ങളിലടക്കം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സജീവ ഇടപെടല്‍ നടത്തുന്നതിനാവണം സമിതിയെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജിഡി ചാര്‍ജ് വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ജിഡി അസിസ്റ്റന്റിനെ ഓരോ സ്റ്റേഷനിലും നിയമിക്കുന്നതിനുവേണ്ട നടപടി പോലീസ് വകുപ്പ് സ്വീകരിക്കണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കട്ടപ്പന ഓസാനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. അനീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ടോമി, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജയ്ബി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. പ്രദീപന്, ജില്ലാ സെക്രട്ടറി ഇ. ജി. മനോജ് കുമാര്‍, അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എസ്.ആര്. ഷിനോദാസ്, സെക്രട്ടറി എം. എം. അജിത്ത്കുമാര്‍, വൈസ് പ്രസിഡന്റ് സഞ്ജു വി. കൃഷ്ണന്, ട്രഷറര്‍ ജി.പി. അഭിജിത്ത്, ഡിവൈഎസ്പിമാരായ പി.വി. ബേബി, എം.ആര്. മധുബാബു, കെ.ആര്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.