കട്ടപ്പന-പുളിയന്മല റോഡിന്റെ ഗതാഗതതടസത്തിന് ശാശ്വതപരിഹാരം വേണമെന്ന ആവശ്യം ശക്തം
1436828
Wednesday, July 17, 2024 11:35 PM IST
കട്ടപ്പന: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പാറക്കടവ് - പുളിയന്മല റോഡിൽ നിരന്തരമായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു . ഏതെങ്കിലും വലിയ വാഹനം റോഡിൽ കുടുങ്ങിയാൽ മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടാകുന്ന സ്ഥിതിയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും എത്തേണ്ടവർ മണിക്കൂറോളം റോഡിൽ കുടുങ്ങും.
പാതയ്ക്ക് ആവശ്യമായ വീതി ഇല്ലാത്തതും നാലോളം വലിയ ഹെയർപിൻ വളവുകളുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. നിരന്തരമായി ഗതാഗത തടസം ഉണ്ടാകുമ്പോഴും പരിഹരിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഗതാഗതതടസം ഉണ്ടാകുന്ന വേളയിൽ കട്ടപ്പന പാറക്കടവിൽ എത്തിച്ചേരാൻ മൂന്ന് ബൈ റോഡുകൾ മേഖലയിലുണ്ട് . എന്നാൽ, നഗരസഭ ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തയാറാവാത്തതോടെ പ്രധാന പാതയെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
മഴ ശക്തമാകുന്നതോടെ കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗങ്ങളിൽ മരം കടപുഴകി വീഴുന്നതും ഒടിഞ്ഞുവീഴുന്നതും മണ്ണിടിയുന്നതും പതിവാണ്.
ഇതുവലിയ ഗതാഗതക്കുരുക്കിലേക്ക് നയിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും തമിഴ്നാട്ടിലേക്ക് ചരക്കുവണ്ടികൾ പോകുകയും വരികയും ചെയ്യുന്ന പാതകൂടിയാണിത്.
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ നവീകരണം ഉണ്ടെങ്കിലും പദ്ധതിക്ക് കാലതാമസം ഉണ്ടാകുന്നതും വെല്ലുവിളിയാണ്. അടിയന്തരമായി ബൈ റോഡുകൾ നവീകരിക്കുകയും പാറക്കടവ്-പുളിമല റോഡിന്റെ നിലവിലെ അപകടസാഹചര്യങ്ങൾ പരിഹരിക്കുകയും ചരക്കുവാഹനങ്ങൾക്ക് വൺവേ ക്രമീകരിച്ച് നിയന്ത്രണം ഉണ്ടാവുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.