ലൈഫിൽനിന്ന് ഒഴിവാക്കി, സിനിമയിൽ ലൈഫായി
1438541
Tuesday, July 23, 2024 11:40 PM IST
ഉപ്പുതറ: മൺകട്ട കെട്ടിയ ഭിത്തി, കാട്ടു കഴുക്കോൽ പാകി പുല്ലു മേഞ്ഞ വീട്. ഇത് വാഗമൺ ഉളുപ്പൂണി മഠത്തിൽ ഷാജന്റെ വീട്. ഭാര്യ മിനിയും രണ്ടാൺ മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത് രണ്ട് മുറികൾ മാത്രമുള്ള ഈ കൂരയിൽ.
എട്ടു വർഷ മുൻപ് ലൈഫിൽ വീടിന് അപേക്ഷിച്ചു. എന്നാൽ, മിനിയുടെ പേര് റേഷൻ കാർഡിൽ ഇല്ലാത്തതിനാൽ അപേക്ഷ നിരസിച്ചു. റേഷൻ കാർഡിൽ പേരു ചേർത്ത് വീടിന് വീണ്ടും അപേക്ഷ നൽകി. അപ്പോഴതാ ജനറൽ വിഭാഗത്തിന് വീടില്ല. ജനറൽ വിഭാഗത്തിലെ ഗുണഭോക്തൃ ലിസ്റ്റിലുള്ളവർക്ക് വീടു നൽകി കഴിഞ്ഞാലേ ഷാജന്റെ അപേക്ഷ പരിഗണിക്കൂ.
കൂലിപ്പണിക്കാരനായ ഷാജന് പുതിയ വീടു പണിയാൻ മറ്റു മാർഗമില്ലായിരുന്നു. മലമുകളിൽനിന്നു മേച്ചിൽ പുല്ല് ചെത്തിയെടുത്ത്് പുരയ്ക്കു മുകളിൽ മേഞ്ഞ് നനയാതെ സംരക്ഷിക്കും. ലൈഫിൽ വീടു കിട്ടാത്ത വിഷമത്തിൽ കഴിയുമ്പോഴാണ് സിനിമ എന്ന സൗഭാഗ്യം പടി കയറി വന്നത്.
ആദ്യം ഫഗദ് ഫാസിൽ നായകനായ കാർബൺ എന്ന സിനിമയ്ക്കാണ് ഷാജന്റെ പുല്ലുമേഞ്ഞ വീട് വേദിയായത്. പിന്നീട് ആസിഫ് അലി നായകനായ ആണും പെണ്ണും എന്ന സിനിമയ്ക്കും ലൊക്കേഷനായി. വാടകയായി ഭേദപ്പെട്ട പ്രതിഫലവും കിട്ടി. ഇഷ്ട താരങ്ങളെ കാണാനും ഇടപെടാനും കഴിഞ്ഞു. അങ്ങനെ ഷാജന്റെ പുല്ലു മേഞ്ഞ വീട് നാട്ടിൽ താരമായി.
അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ഒരു കോടിയോളം രൂപ സമാഹരിച്ച് എട്ടുകിലോമീറ്റർ റോഡ് ടാർ ചെയ്ത് മാതൃകയായ ഉളുപ്പൂണിയിലെ നാട്ടുകാർക്ക് ഷാജന്റെ വീട്ടിലൂടെ മറ്റൊരു അഭിമാനവും നേടാനായി. എങ്കിലും വീടു നൽകുന്നതിൽ അധികൃതർ കാട്ടുന്ന അവഗണനയിൽ ചെറിയൊരു നൊമ്പരവും പരിഭവവും ഷാജന്റെ കുടുംബത്തിനുണ്ട്.