മേമുട്ടം-മൂലമറ്റം റോഡ് നിർമാണം അവതാളത്തിൽ
1438543
Tuesday, July 23, 2024 11:40 PM IST
ഉപ്പുതറ: വനംവകുപ്പിന്റെ എതിർപ്പു മൂലം മൂലമറ്റം - മേമുട്ടം - ഉളുപ്പൂണി-വാഗമൺ റോഡു നിർമാണം തടസപ്പെട്ടു. മൂലമറ്റം മുതൽ മേമുട്ടം വരെയുള്ള ഏഴു കിലോമീറ്റർ ദൂരം പണി തീർന്നു. ബാക്കിയുള്ള മൂന്ന് കിലോമീറ്റർ നിർമാണമാണ് തടസപ്പെട്ടിരിക്കുന്നത്. ഹൈറേഞ്ചിലെ കുടിയേറ്റ കാലം മുതലുള്ള നടപ്പാത 1977- 78 കാലത്ത് നാട്ടുകാർ ജീപ്പ് കടന്നുപോകാവുന്ന നിലയിൽ വീതി കൂട്ടി പണിതു.
നാട്ടുകാരുടെ ആവശ്യപ്രകാരം റോഡ് വികസനത്തിന്റെ ആദ്യപടിയായി സർവേ നടത്തുന്നതിന് 2012-2013 വർഷത്തിൽ പി.ടി. തോമസ് എം പി 15 ലക്ഷം അനുവദിക്കുകയും 9.38 കോടി രൂപയുടെ ഡിപി ആർ തയാറാക്കി സംസ്ഥാന സർക്കാരിനു നൽകുകയും ചെയ്തു. എന്നാൽ, ഭരണാനുമതി ലഭിക്കാതെവന്നതോടെ റോഡ് വികസന സമിതി ചെയർമാൻ എം.ഡി. ദേവദാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സർക്കാർ ഫണ്ട് അനുവദിച്ചു. പൊതുമരാമത്തു വകുപ്പ് ടെൻഡർ വിളിച്ച് പണി തുടങ്ങിയപ്പോൾ വനം വകുപ്പ് തടസവാദം ഉന്നയിക്കുകയും നിർമാണം നിലയ്ക്കുകയുമായിരുന്നു.
തുടർന്ന് ഗോത്രവർഗ കമ്മീഷൻ ഇടപെട്ടു. കമീഷൻ ഉത്തരവ് നൽകിയതോടെ കോതമംഗലം ഡിവിഷനിൽ നിന്നുള്ള എതിർപ്പു നീങ്ങി. രണ്ടു ഘട്ടമായി നിർമാണം നടത്താനായിരുന്നു കോടതി നിർദേശം. തുടർന്ന് മേമുട്ടം വരെയുള്ള ഏഴു കിലോമീറ്റർ നിർമാണം നടക്കുകയും ചെയ്തു. ഇതിനു ശേഷമുള്ള ഉളുപ്പൂണി വെരെയുള്ള മൂന്നു കിലോമീറ്റർ പണി തുടങ്ങാറായതോടെ വനം കോട്ടയം ഡിവിഷൻ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ നിർമാണം മുടങ്ങി .വനം വകുപ്പിന് ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളൊന്നുമില്ല. റവന്യു തരിശ് എന്നാണ് ഈ പ്രദേശം റവന്യു രേഖകളിലുള്ളത്.
വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്താനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്. പാത കടന്നു പോകുന്നിടത്തെ രണ്ട് ആദിവാസി ഗ്രാമങ്ങൾ വികസിക്കുകയും ചെയ്യും. എല്ലാത്തരത്തിലും പ്രയോജനപ്പെടുന്ന റോഡ് വികസനത്തിനാണ് വനം വകുപ്പ് എതിർപ്പു നിൽക്കുന്നത്.
ഹൈക്കോടതിയുടെയും ഗോത്രവർഗ കമ്മീഷന്റെയും ഉത്തരവുണ്ടായിട്ടും റോഡ് നിർമാണത്തിനു വനംവകുപ്പ് തടസം നിൽക്കുന്നതിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് റോഡ് വികസന സമിതി ചെയർമാൻ എം. ഡി. ദേവദാസ് പറഞ്ഞു.