ഡ്രൈവിംഗിനിടെ അസ്വസ്ഥതയുണ്ടായ മധ്യവയസ്കന് മരിച്ചു
1438544
Tuesday, July 23, 2024 11:40 PM IST
നെടുങ്കണ്ടം: ഡ്രൈവിംഗിനിടെ രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. പാറത്തോടെ രത്നമില്ലം ഗാന്ധരൂപന് (56) ആണ് മരിച്ചത്.
കഴിഞ്ഞദിവസം കല്ക്കൂന്തലിലാണ് സംഭവം. ജീപ്പ് ഓടിച്ച് വരികയായിരുന്ന ഗാന്ധരൂപന് പ്രഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലൂടെ തെന്നിനീങ്ങി. ഇതു കണ്ട് പിന്നാലെ എത്തിയ സ്കൂള്‍ ബസ് ഡ്രൈവറായ നെടുങ്കണ്ടം സ്വദേശി വിനോദ് ഗാന്ധരൂപന് മദ്യപിച്ച് വാഹ നം ഓടിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദിച്ചു. ഉടന്‍ തന്നെ ഗാന്ധരൂപന് കുഴഞ്ഞുവീണു.
തുടര്‍ന്ന് നാട്ടുകാർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചു.
മരണകാരണം മര്ദനമല്ലെന്ന് ഡോക്ടര്‍മാരും പോലീസും പറഞ്ഞു. തലയിലെ ഞരമ്പ് പൊട്ടി രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മര്‍ദിച്ചതിന് വിനോദിനെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.