കുടിയേറ്റ പിതാവ് തൊമ്മൻകൊച്ചിന് നൂറാം പിറന്നാൾ
1438548
Tuesday, July 23, 2024 11:40 PM IST
റെജി ജോസഫ്
കോട്ടയം: പെരുവന്താനം മുളങ്കുന്നിലെ കുടിയേറ്റ പിതാവിന് വെള്ളിയാഴ്ച നൂറാം പിറന്നാള്‍. അധ്വാനം ആരാധനയാക്കിയ വാണിയപ്പുരയ്ക്കല്‍ തോമസ് മത്തായിയെന്ന തൊമ്മന്കൊച്ചിന് ആശംസകള്‍ നേരാന്‍ വീടും നാടും സെന്റ് ആന്റണീസ് പള്ളിയില്‍ സംഗമിക്കും.
മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍ എന്നിവരും വൈദികഗണവും കൃതജ്ഞതാബലിയിലും അനുമോദനത്തിലും പങ്കുചേരും.
സീറോ മലബാര്‍സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും ഒന്‍പതു സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പിതാവ് തൊമ്മന്കൊച്ച് നൂറായുസിന്റെ ദൈവകൃപയ്ക്ക് നന്ദി പറയുകയാണ്.
എണ്‍പത്തിയഞ്ച് വര്‍ഷം മുന്‍പ് എലിക്കുളത്തുനിന്നായിരുന്നു മുളങ്കുന്നിലേക്കുള്ള
ആ കുടിയേറ്റം. തൊമ്മന്കൊച്ചിനൊപ്പം സഹോദരങ്ങളായ ജോസഫും മാത്യുവും കുഞ്ഞുവര്ക്കിയുമുണ്ടായിരുന്നു.
മലനാടിന്റെ കവാടമായ പെരുവന്താനം മലയോരത്തിലെ പൊന്നുവിളയുന്ന കന്നിമണ്ണില്‍ തെങ്ങും കുരുമുളകും കവുങ്ങും ഇഞ്ചിയുമായിരുന്നു ആദ്യകൃഷി. ഇടവിളയായി കപ്പയും ചേനയും ചേമ്പും കാച്ചിലും. രാവു പകലാക്കി വിയര്‍പ്പൊഴുക്കിയ കാലമാണത്. തൊമ്മന്കൊച്ചിനൊപ്പം ചോര നീരാക്കി ജോലി ചെയ്യാനുള്ള കരുതലിന്റെ മനസോടെ ഭാര്യ കുഞ്ഞേലിയുമുണ്ടായിരുന്നു.
പല നാടുകളില്‍നിന്നും കുടിയേറിയെത്തിയ അയല്‍ക്കാരുടെ ഒരുമയും സ്നേഹവും കരുതലുമായിരുന്നു അന്നത്തെ പിന്‍ബലം. അയല്‍ക്കൂട്ടം ഒന്നുചേര്‍ന്ന് ഓരോ പുരയിടത്തിലും കിളച്ചുപണിതു കൊടുക്കുന്ന മാറ്റാള്പണിയുടെ കാലമാണത്. നാളികേരവുമായി പീരുമേട്ടിലേക്കും കുരുമുളകുമായി മുണ്ടക്കയത്തേക്കും അടയ്ക്കയുമായി പൊന്കുന്നത്തേക്കുമൊക്കെ ഭാരച്ചാക്കുകളുമായുള്ള നടത്തം. അതല്ലെങ്കില്‍ ചരക്കെത്തിക്കാന്‍ കാളവണ്ടിയെ ആശ്രയിക്കണം. മോട്ടോര്‍ വാഹനങ്ങള്‍ അക്കാലത്ത് കെകെ റോഡില്‍ അത്യപൂര്‍വമായിരുന്നു.
കുടിയേറ്റത്തിന്റെ ആദ്യദശകങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുണ്ടക്കയത്തും പെരുവന്താനത്തുമൊക്കെ വരെ നടന്നു പോകണം. പിന്നീടാണ് നിര്മലഗിരിയില് കുരിശുപള്ളിയും ഇടവകയുമൊക്കെ വന്നത്.
കുഞ്ഞ്, കുഞ്ഞേപ്പ്, തോമാച്ചന്, ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കല്‍, അവിരാച്ചന്, മേരി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ആന്റണി, പരേതരായ മത്തായി, അക്കമ്മ എന്നിവരാണ് തൊമ്മന്കൊച്ചിന്റെ മക്കള്‍.