മൂലമറ്റം: വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്നു വെട്ടിയിട്ടിരിക്കുന്ന തടികൾ മഴയും വെയിലുമേറ്റ് നശിക്കുന്നു. മൂലമറ്റം ഇന്റർമീഡിയറ്റ് -ആഡിറ്റ് റോഡിന്റെ സൈഡിലാണ് തടി വെട്ടിക്കൂട്ടിയിരിക്കുന്നത്. ഇടുക്കി പദ്ധതിയുടെ ആവശ്യത്തിനായി ഇന്റർമീഡിയറ്റ് ആഡിറ്റിൽ ടണൽ നിർമിക്കുന്നതിനായി വൈദ്യുതി സ്വകാര്യ വ്യക്തികളിൽനിന്ന് പൊന്നുംവിലയ്ക്കാണ് സ്ഥലം ഏറ്റെടുത്തതും റോഡ് നിർമിച്ചതും. ഈ റോഡിന്റെ താഴ്ഭാഗത്തെ ചില വീടുകൾക്ക് മരങ്ങൾ ഭീഷണിയാണെന്ന് പറഞ്ഞ് ജില്ലാ കളക്ടർക്ക് അപേക്ഷ കൊടുത്തിരുന്നു. തുടർന്ന് കളക്ടറുടെ നിർദേശപ്രകാരമാണ് തടികൾ വെട്ടിയിട്ടത്.
ഈ തടികൾ ലേലം ചെയ്യണമെങ്കിൽ വനംവകുപ്പാണ് വില നിശ്ചയിച്ചു നൽകേണ്ടത്. അവർ മൂന്നു ലക്ഷം രുപയാണ് വില നിശ്ചയിച്ചത്. മൂന്നു തവണ തടികൾ ലേലത്തിന് വച്ചെങ്കിലും ആരും ലേലം വിളിക്കാൻ തയാറായില്ല. തടിക്ക് ഒരു ലക്ഷം മാത്രമേ വിലയുള്ളുവെന്നാണ് വ്യാപാരികൾ പറയുന്നത്. ഇതു സംബന്ധിച്ച് വൈദ്യുതി ബോർഡ് ആർഡിഒയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തടിയുടെ വില തങ്ങൾ നൽകേണ്ടി വരുമോയെന്ന ഭീതിയിലാണ് ബോർഡ് ഉദ്യോഗസ്ഥർ. ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് തടി നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.