ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് അംഗങ്ങൾ നൽകിയ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫിലും യുഡിഎഫിലും ഏഴു വീതം അംഗങ്ങളുള്ള ഭരണസമിതിയിൽ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് എൽഡിഎഫിലെ ഏഴ് അംഗങ്ങൾ വിട്ടു നിന്നതോടെ ചർച്ച നടത്താനായില്ല. സ്വന്തം മുന്നണിയിലെ അംഗങ്ങളെപ്പോലും വിശ്വാസത്തിലെടുക്കാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ എൽഡിഎഫ് അംഗങ്ങളുടെ ഇടയിൽപോലും അസ്വാരസ്യം ഉണ്ടെന്നും അതുകൊണ്ട് പ്രസിഡന്റ് സ്ഥാനം ഇടതുപക്ഷത്തിന് നഷ്ടപ്പെടുമെന്ന ചിന്തയാണ് ഉന്നത നേതൃത്വം ഇടപെട്ട് എൽഡിഎഫ് അംഗങ്ങളെ തടവിൽ പാർപ്പിച്ചതിനു പിന്നിലെന്നും യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലാണ് ജില്ലാ ആസ്ഥാന പഞ്ചായത്തെന്നും പഞ്ചായത്തംഗങ്ങളായ വിൻസന്റ് വള്ളാടി, ടിന്റു സുഭാഷ് ,അലീസ് ജോസ്, ഏലിയാമ്മ ജോയി, സെലിൻ വിൻസന്റ്, കെ. കുട്ടായി, അജീഷ് വേലായുധൻ എന്നിവർ ആരോപിച്ചു.