ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
1466408
Monday, November 4, 2024 4:12 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്യത്യസ്തതയാണ് ഇദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ചെലവ് കുറച്ച് പരമാവധി ലാഭം നേടുകയാണ് ഇദ്ദേഹത്തിന്റെ രീതി. ഇതിന് സ്വന്തം ആശയങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ചപ്പോൾ ലഭിച്ചത് നൂറുമേനി വിളവും മികച്ചവരുമാനവും. ഇതോടെ ചേന കൃഷി സ്പെഷലിസ്റ്റായി ഇദ്ദേഹം മാറിക്കഴിഞ്ഞു.
ചേനകൃഷി ചെയ്തുവരുന്ന നിരവധികർഷകർ ഇദ്ദേഹത്തിന്റെ അനുഭവസന്പത്ത് ചോദിച്ച് മനസിലാക്കിയാണ് ഇപ്പോൾ കൃഷി ചെയ്തുവരുന്നത്. നേരത്തേ ചെറിയ തോതിലാണ് കൃഷി ചെയ്തിരുന്നതെങ്കിൽ കഴിഞ്ഞ മൂന്നുവർഷമായി രണ്ടരയേക്കർ സ്ഥലത്താണ് ചേനമാത്രം കൃഷി ചെയ്തുവരുന്നത്. സീസണിൽ വിളവെടുത്ത് വിൽക്കാനും തയാറല്ല. വിത്ത് ചേനയായി വിൽപ്പന നടത്തുകയാണ് രീതി. ഇതു മികച്ചവില ലഭിക്കുന്നതിന് ഇടയാക്കുന്നതായി ഇദ്ദേഹം പറയുന്നു.
കൃഷിയിലും വ്യത്യസ്തത
ചേനകൃഷിയിൽ ജോണ്‍സണ്‍ന്റെ പൊടിക്കൈകളും ശൈലികളുമാണ് കൃഷി വിജയമാകാൻ പ്രധാന കാരണം പുരയിടവും പാടവുമായി രണ്ടരയേക്കർ സ്ഥലത്താണ് ഇദ്ദേഹം കൃഷിചെയ്തുവരുന്നത്. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുകയാണ് ആദ്യപടി.
സ്ഥലം വൃത്തിയാക്കിയ ശേഷം കയർപിടിച്ച് അതിൽ രണ്ടരയടി അകലത്തിൽ അടയാളം രേഖപ്പെടുത്തി ചേന നടേണ്ട സ്ഥലം മാർക്ക് ചെയ്യും. പിന്നീട് ചെറിയ കുഴികളെടുത്ത് ഒരുകിലോയോളം വലിപ്പമുള്ള ചേനവിത്ത് നടും. അടിവളമായി ചാണകം, കോഴിക്കാഷ്ടം, കുമ്മായം എന്നിവ കൂട്ടിക്കലർത്തി ഒരുകിലോയോളം ഇട്ട് മണ്ണ് വെട്ടിമൂടും. ചേന വളരുന്നതനുസരിച്ച് വീണ്ടും വളം നൽകും. ചാണക സ്ലറിയും കോഴിവളവുമാണ് പ്രധാന വളം.
നാലുതവണ വളപ്രയോഗം നടത്തുമെങ്കിലും ഒരു തവണ മാത്രം രാസവളം നൽകും. കൃഷിയിടത്തിൽ കാട് വളരുന്പോൾ കളനാശിനി തളിക്കും. ഇതിനും ജോണ്സന് തന്റേതായ രീതിയുണ്ട്. മുളച്ചുപൊങ്ങിയ ചേനത്തണ്ടിനു മുകളിൽ അടിവശം വെട്ടിനീക്കിയ കുപ്പി ഇറക്കിവയ്ക്കും.
കളനാശിനി സ്പ്രേ ചെയ്യുന്പോൾ ചേനയുടെ തണ്ടിൽ വീഴാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കൂടുതൽ വളർന്ന തണ്ടിനുമുകളിൽ ചാക്കിട്ടുമൂടുകയോ ബക്കറ്റ് ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യും. കളനാശിനി സ്പ്രേ ചെയ്യുന്നതിനുസരിച്ച് ഒരുഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് കുപ്പികൾ നീക്കിവയ്ക്കും.
ജോലിക്ക് സഹായിക്കാൻ ഭാര്യയും ഒപ്പമുണ്ടാകും. അതിനാൽ രണ്ടരയേക്കർ സ്ഥലത്ത് ഒരുമണിക്കൂറിനുള്ളിൽ കളനാശിനി സ്പ്രേ ചെയ്യാനാകും. തൊഴിലാളികളെ ഉപയോഗിച്ച് കളനീക്കണമെങ്കിൽ കൂലിയിനത്തിൽ വൻതുക നൽകേണ്ടിവരും. ഈ നഷ്ടം ഒഴിവാക്കാനാണ് കളനാശിനിയെ ആശ്രയിക്കുന്നത്.
വിളവെടുപ്പ് നവംബറിൽ
നവംബർ മാസത്തോടെ വിളവെടുപ്പു നടത്തും. ഒരുമാസം കഴിയുന്പോൾ മുളകുത്തി ചാണകപ്പാലിൽ മുക്കി കമഴ്ത്തി വയ്ക്കും. വിത്തുകൾക്ക് കേടുവരാതിരിക്കാൻ മരുന്നും ചാണകപ്പാലിൽ ചേർക്കും. പിന്നീട് വെള്ളം വലിയുന്നതുവരെ നിരത്തിവയ്ക്കും. ജലാംശം പൂർണമായും വറ്റിയ ശേഷം കമഴ്ത്തി അടുക്കിവയ്ക്കും.
പുതുമഴ പെയ്യുന്പോഴാണ് വിപണിയിൽ വിത്തിന് കൂടുതൽ ഡിമാൻഡ്. അതിനാൽ ഈ സമയം വരെ വിത്തുകൾ സൂക്ഷിക്കും. തൊടുപുഴ കാഡ്സ് ഓപ്പണ്‍ മാർക്കറ്റ് മുഖേനയാണ് വിത്തുകൾ വിറ്റഴിക്കുന്നത്. വലിപ്പമുള്ള ചേനവിത്തിന് ഡിമാന്‍ഡ് കുറവായതിനാൽ കാറ്ററിംഗ് സ്ഥാപനങ്ങൾക്കോ ഹോട്ടലുകൾക്കോ വിൽക്കും. ചെറിയ ഇടത്തരം ചേനവിത്തിനാണ് കൂടുതൽ ഡിമാന്‍ഡ്.
സ്വന്തം ആവശ്യത്തിനുള്ളത് മാറ്റിവച്ചശേഷം ബാക്കിയുള്ളവയാണ് വിൽക്കുന്നത്. കൂലിവർധനമൂലം തന്നാണ്ട് വിളകളുടെ കൃഷി ജില്ലയിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ടുവർഷമായി ചേനയ്ക്ക് വൻ ഡിമാന്‍ഡാണ്. ഇത്തവണ ഓണത്തിന് കിലോയ്ക്ക് 60-65 തോതിലായിരുന്നു വില.
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 100-125 രൂപയായിരുന്നുവിത്ത് വില. സമീപനാളിലെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ തവണ ലഭിച്ചത്. മികച്ച വിലയുണ്ടായിരുന്നതിനാൽ കൃഷി ഏറെ ലാഭകരമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ഭാര്യ ജെസിയും മൂന്നുപെണ്മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഇവരും കൃഷിയിൽ സഹായത്തിന് ഒപ്പമുണ്ടാകും. എന്നാൽ മക്കൾ ജോലിയിൽ പ്രവേശിച്ചതോടെ ഭാര്യ ജെസിയുടെ സഹായമാണ് പ്രധാനമായുള്ളത്.
അധ്വാനവും പരിചരണവും കുറവ്
അധ്വാനം ഏറെ കുറവും സമയത്തിന്റെ ലഭ്യതയനുസരിച്ച് പരിചരണം നൽകിയാൽ മതിയെന്നതും ചേനകൃഷിയുടെ പ്രത്യേകതയാണ്. ഇതു മറ്റുകൃഷികളെ അപേക്ഷിച്ച് ചേനകൃഷിയോട് താത്പര്യം വർധിക്കാനും കാരണമായി.
കരഭൂമിക്കുപുറമേ താഴ്ന്ന സ്ഥലത്തുമാണ് കൃഷിചെയ്യുന്നത്. ഓരോ തവണയും കൃഷിയിറക്കുന്പോൾ കരയിലെ വിത്ത് താഴ്ന്ന പ്രദേശത്തും ഇവിടുത്തേത് കരയിലും നടും. ഇതാണ് നാളുകളായി ചെയ്തുവരുന്ന രീതി. ഇതു കൂടുതൽ വിളവ് ലഭിക്കാനും കാരണമാകുന്നു.
വിത്ത് നടുന്പോൾ മുളച്ചത് ഒരുമിച്ചു നടണം. മുളയ്ക്കാത്തവ അൽപ്പം അകലത്തിൽ മറ്റൊരിടത്ത് നടണം. വളർച്ചയിലെ ഏറ്റക്കുറച്ചിലുകൾ വിളവിനെ ബാധിക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. മുളയില്ലാത്ത വിത്തുകൾ മുളച്ചുവരാൻ താമസമെടുക്കും.
ചേനകൃഷിയിൽ തന്റേതായ ശൈലി പ്രയോഗിക്കുന്നതാണ് കൃഷി വിജയത്തിലെത്താൻ കാരണം. തൊഴിലാളികളെ ഉപയോഗിച്ച് കൃഷിചെയ്താൽ ബാക്കിപത്രം നഷ്ടം മാത്രമായിരിക്കുമെന്നാണ് ഈ കർഷകന്റെ നിരീക്ഷണം.