ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
1466730
Tuesday, November 5, 2024 7:26 AM IST
തൊടുപുഴ: ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ ഏറെ ആകര്‍ഷകമാണെങ്കിലും പലയിടത്തും അപകടം പതിയിരിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. മഴക്കാലത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന മലവെള്ളപ്പാച്ചില്‍ വിനോദസഞ്ചാരികളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കുകയാണ്.
ശക്തമായി മഴയുള്ളപ്പോള്‍ പോലും പാറക്കെട്ടുകളിലൂടെയും മറ്റും വിനോദസഞ്ചാരികള്‍ ദുഷ്കരമായ ഇടങ്ങളിലേക്കു കടക്കുന്നതാണ് ഇതിനു വഴിവയ്ക്കുന്നത്. എന്നാല്‍ ശക്തമായ മഴ മുന്നറിയിപ്പുള്ളപ്പോള്‍ വിനോദസഞ്ചാരികള്‍ ഇത്തരം മേഖലകളിലേക്കു കടക്കുന്നത് തടയാനോ വിലക്കാനോ മതിയായ സംവിധാനങ്ങള്‍ ഇല്ലെന്നതാണു വസ്തുത.
കഴിഞ്ഞ ദിവസം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിലും ഏതാനും ദിവസം മുമ്പ് ആനയാടിക്കുത്തിലും വിനോദസഞ്ചാരികള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ജില്ലയില്‍ ചെറുതും വലുതുമായി നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. ഒട്ടേറെ പേര് സന്ദര്‍ശിക്കുന്ന ഇത്തരം കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പു ബോര്‍ഡുകളോ ഇല്ല. തൊടുപുഴയ്ക്കു സമീപം തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത്, അരുവിക്കുത്ത്, ഇലപ്പള്ളി, ഞണ്ടിറുക്കി തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ദിവസേന നൂറുകണക്കിന് പേരെത്തുന്നുണ്ട്.
മലയുടെ അടിവാരങ്ങളിലാണ് ദൃശ്യഭംഗി സമ്മാനിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ വിനോദസഞ്ചാരികള്‍ കുടുംബസമേതവും സംഘം ചേര്‍ന്നും എത്തും. തൊമ്മന്‍കുത്തിലും മറ്റും വിനോദസഞ്ചാരികള്‍ വെള്ളത്തിലിറങ്ങുന്നതിനെതിരേ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്ന് സന്ദര്‍ശകര്‍ പുഴയിലും മറ്റും ഇറങ്ങാറുണ്ട്. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താനും മറ്റുമായാണ് സഞ്ചാരികള്‍ പുഴയിലിറങ്ങുന്നത്.
ഞായറാഴ്ച വൈകുന്നേരാണ് തൊമ്മന്‍കുത്ത് ഏഴുനില കുത്തിന് സമീപം സഞ്ചാരികള്‍ കുടുങ്ങിയത്. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്ക് വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെണ്മണി, പാല്‍ക്കുളംമേട്, മനയത്തടം എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തു. ഇതോടെ മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തിയതാണ് വിനയായത്.
സംഘത്തിലുണ്ടായിരുന്നവര്‍ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയും മറ്റും ഇക്കരെ കടന്നെങ്കിലും ഒരു യുവാവും യുവതിയും തുരുത്തില് കുടുങ്ങുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും ടൂറിസ്റ്റ് ഗൈഡുകളുമാണ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയത്.
ഏതാനും നാളുകള്‍ക്കു മുമ്പ് ആനയാടിക്കുത്തില്‍ കുടുങ്ങിയ 15ഓളം വിനോദസഞ്ചാരികളെ തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം ഏറെ ശ്രമകരമായാണ് അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തിയത്.
പ്രദേശത്ത് മഴ ഇല്ലെങ്കിലും ഇവിടേക്കുള്ള ജലപ്രവാഹത്തിന്റെ സ്രോതസുകളായ മലനിരകളില്‍ മഴ പെയ്താല്‍ വെള്ളച്ചാട്ടത്തിലേക്ക് അനിയന്ത്രിതമായ തോതില്‍ വെള്ളം കുത്തിയൊലിച്ചെത്തും. ഇതാണ് പലപ്പോഴും അപകടസാധ്യതയുയര്ത്തുന്നത്. മഴ മുന്നറിയിപ്പുള്ള സമയങ്ങളില്‍ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.