റോഡരികിലെ അടിക്കാട് വെട്ടിത്തെളിച്ച് ജനകീയ കൂട്ടായ്മ
1575906
Tuesday, July 15, 2025 6:54 AM IST
കോതമംഗലം: കാട്ടാന ശല്യം രൂക്ഷമായ കോട്ടപ്പടി വാവേലിയിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാവേലി - കുളങ്ങാട്ടുകുഴി റോഡരികിലെ അടിക്കാട് വെട്ടിത്തെളിച്ചു. കോട്ടപ്പാറ വനത്തിൽ നിന്നും പിഡബ്ല്യുഡി റോഡ് കുറുകെ കടന്ന് കർഷകരുടെ കൃഷിയിടങ്ങളിലേയ്ക്ക് ആന ഉൾപ്പടെയുള്ള വന്യജീവികളുടെ സ്ഥിര സഞ്ചാരപാതയാണ് കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള ഭാഗം.
അടിക്കാട് വെട്ടിത്തെളിച്ചതിലൂടെ റോഡ് മുറിച്ച് കടക്കാൻ ഒരുങ്ങുന്ന ആനകളും, പന്നികളും ഉൾപ്പടെയുള്ള വന്യജീവികളെ ഡ്രൈവർമാർക്ക് അകലെ നിന്ന് കാണാൻ സാധിക്കും. ഈ റോഡിലൂടെ ദിവസേന യാത്ര ചെയ്യുന്ന കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ള നിരവധി ആളുകളുടെ മാസങ്ങളായിട്ടുള്ള ആവശ്യമാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ യാഥാർഥ്യമായത്.
ആനകളെ തുരത്താൻ എത്തുന്ന റാപ്പിഡ് റെസ്പോണ്സ് ടീം അംഗങ്ങൾക്കും അടിക്കാട് നീക്കം ചെയ്യുന്നത് വലിയൊരു ആശ്വാസമാണ്.
രാത്രി ടോർച്ച് തെളിച്ച് വന്യജീവി സാന്നിധ്യം പരിശോധന നടത്തുന്നതിന് അടിക്കാട് തടസം സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ തൊട്ടടുത്ത് വരുന്പോഴായിരുന്നു പലപ്പോഴും ആനകളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞയാഴ്ച് രണ്ട് ബൈക്ക് യാത്രികർ ആനയുടെ മുന്നിൽ പെടുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തു.
ഓടി റോഡിലേക്ക് കയറിയ ആനയുടെ മുന്നിൽ നിന്നും ബസിൽ കയറാനായി അതിലൂടെ നടന്നു വന്നിരുന്ന കാൽ നടയാത്രക്കാരൻ കാട്ടിലേക്ക് എടുത്തു ചാടിയാണ് രക്ഷപ്പെട്ടത്.
വന വികസന ഏജൻസിയുടെ വനസംരക്ഷണ സമിതി മാതൃകയിൽ പൊതുജനങ്ങളെയും വാച്ചർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്ഥിരം സമിതികളുണ്ടാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അടിക്കാട് നീക്കം ചെയ്യൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേരള വിദ്യാർഥി കോണ്ഗ്രസ് -എം ജില്ല പ്രസിഡന്റ് ബിനിൽ വാവേലി ആവശ്യപ്പെട്ടു.