‘സംസ്ഥാന സർക്കാർ പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിക്കണം’
1575915
Tuesday, July 15, 2025 6:54 AM IST
വൈപ്പിൻ: മുനമ്പം ഹാർബർ നവീകരണത്തിനു സംസ്ഥാന സർക്കാർ ശിപാർശയും വിശദ പദ്ധതിരേഖയും കേന്ദ്ര സർക്കാരിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾ രംഗത്ത്. ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാർ വിശദമായ പദ്ധതിരേഖ സമർപ്പിക്കണമെന്ന് ഹൈബി ഈഡൻ എംപിയെ കേന്ദ്ര ഫിഷറീസ് മന്ത്രി അറിയിച്ചതിന് തുടർന്നാണിത്.
രണ്ട് പതിറ്റാണ്ട് മുമ്പ് മാതൃക ഫിഷിംഗ് ഹാർബർ ആയി പ്രഖ്യാപിച്ച മുനമ്പത്തിന് പിന്നീട് എന്നും അവഗണനയായിരുന്നുവെന്ന് ബോട്ട്ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ് പറയുന്നു. ഹാർബറിൽനിന്ന് കിട്ടുന്ന കോടികളുടെ വരുമാനം ഇവിടുത്തെ വികസനത്തിനുവേണ്ടി ഉപയോഗിക്കുന്നില്ല.
ഹാർബറിൽ നാലാമതായി ഒരു ബർത്തും ലേല ഹാളും കൂടി സ്ഥാപിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ഇന്ത്യയിൽനിന്നും മത്സ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഹാർബർ സന്ദർശിച്ചപ്പോൾ ആവശ്യപ്പെട്ട പ്രകാരം ഒന്നാമത്തെ ലേല ഹാൾ അടച്ചു കെട്ടുകയും ശീതീകരിക്കുകയും വേണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയില്ല. ഈ സാഹചര്യത്തിൽ സർക്കാർ പദ്ധതിരേഖ സമർപ്പിക്കുമ്പോൾ ഇക്കാര്യംകൂടി പരിഗണിക്കണമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആവശ്യപ്പെട്ടു.