എന്‍ജിനീയറിംഗ് കോളജിലെ ഓണാഘോഷം: നിയമലംഘനത്തില്‍ വാഹനവകുപ്പിന്റെ നടപടി
1588033
Sunday, August 31, 2025 4:16 AM IST
കൊച്ചി: മൂവാറ്റുപുഴയിലെ ഇലാഹിയ എന്‍ജിനീയറിംഗ് കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വാടകയ്ക്ക് എടുത്ത കെഎസ്ആര്‍ടിസി ബസിലും മറ്റു സ്വകാര്യ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ അപകടകരമായി സഞ്ചരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
ആഘോഷത്തിന്റെ ഭാഗമായി കൈയും തലയും പുറത്തിട്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുകയും കെഎസ്ആര്‍ടിസി ബസിന്റെ ഫുട്ട് സ്റ്റെപ്പില്‍ നിന്ന്, വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുകയും സ്വകാര്യ കാറുകളില്‍ വിദ്യാര്‍ഥികള്‍ റോഡിലൂടെ പ്രകടനം നടത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി അനവധി പരാതികളാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടി ഓഫീസില്‍ ലഭിച്ചത്.
തുടര്‍ന്ന് എറണാകുളം ആര്‍ടിഒയുടെ (എന്‍ഫോഴ്സ്മെന്റ്) ഉത്തരവില്‍ നടത്തിയ അന്വേഷണത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. പരാതികളുടെ തുടര്‍ നടപടിയായി ബസ് ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യുകയും ഡ്രൈവര്‍ക്ക് ഐഡിടിആര്‍ ട്രെയിനിംഗിന് നിര്‍ദേശിക്കുകയും ചെയ്തു.
മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ഹാജരാകുന്ന മുറയ്ക്ക് വാഹനം ഓടിച്ചവരുടെ ലൈസന്‍സില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.