എറണാകുളത്ത് സര്‍ക്കാര്‍ ചെലവില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ സ്റ്റാന്‍ഡ്
1588027
Sunday, August 31, 2025 4:16 AM IST
ധനവകുപ്പ് 12 കോടി രൂപ അനുവദിച്ചു
കൊച്ചി: മെട്രോ നഗരത്തിന് നാണക്കേടായി ശോചനീയമായ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പകരം പുതിയ സ്റ്റാന്‍ഡ് വരുന്നു. ഇത്തവണ സര്‍ക്കാര്‍ ചെലവിലാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചെറുതും വലുതമായ ഒട്ടേറെ പദ്ധതികള്‍ വന്നെങ്കിലും പലവിധ തടസങ്ങളില്‍ കുടുങ്ങി അതൊക്കെ മുടങ്ങിപ്പോകുകയായിരുന്നു.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഇപ്പോള്‍ ധനവകുപ്പ് പച്ചക്കോടി വീശിയതോടെയാണ് പതിറ്റാറുകളായുള്ള കൊച്ചിയുടെ സ്വപ്നം യാഥാർഥ്യമാകുന്നത്.
കാരിക്കാമുറി പാര്‍ക്കിംഗ് യാര്‍ഡില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് സെന്റ് ജോസഫ്സ് യുപി സ്കൂളിന് സമീപമുള്ള സ്ഥലത്താണ് പുതിയ സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. പുതിയ സ്റ്റാന്‍ഡിനായി ധനവകുപ്പ് 12 കോടി രൂപ അനുവദിച്ചു. ഇന്നലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തുക അനുവദിച്ച കാര്യം അറിയിച്ചത്. മറ്റു ചെലവുകള്‍ കൂടിവരുമ്പോള്‍ തുക വര്‍ധിപ്പിച്ചേക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ സ്റ്റാന്‍ഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സിഎസ്എംഎല്ലിന്റെ ധനസഹായത്തില്‍ വൈറ്റില ഹബ്ബുമായി ചേര്‍ന്ന് വിഭാവനം ചെയ്ത രൂപരേഖയിലാണ് പുതിയ സ്റ്റാന്‍ഡിന്റെ നിര്‍മാണവും. വാണിജ്യാടിസ്ഥാനത്തിലുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ ഉണ്ടാകില്ല. നിലവിലെ സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നതിനേക്കാള്‍ കുറച്ചുകൂടി ഉയരമുള്ള സ്ഥലമായതിനാല്‍ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നതാണ് കാരിക്കാമുറി പാര്‍ക്കിംഗ് യാര്‍ഡിനെ പദ്ധതിക്കായി തെരഞ്ഞെടുക്കാന്‍ കാരണം. ഇവിടേക്കുള്ള റോഡുകള്‍ നവീകരിക്കേണ്ടതുണ്ട്.
എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് കേരളത്തില്‍ ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന സ്ഥലമാണ്. നിലവിലെ ബസ്സ്റ്റാന്‍ഡില്‍ മഴക്കാലത്ത് വെള്ളം കയറുന്നതിന്റെ പ്രശ്നമുണ്ട്. ഇവിടം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം നേരത്തെ മുതലുണ്ട്. മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷറഫ് മുഹമ്മദ്,
പൊതുമരാമത്ത് കെട്ടിട വിഭാഗം അസിറ്റന്റ് എക്സിക്യൂട്ടീവ് എൻനീയര്‍ കെ.ആര്. ബിനു, കെഎസ്ആർടിസി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലേഖ, അസി. ട്രാന്‍സ്പോര്‍ട് ഓഫീസര്‍ എ. അജിത്ത്, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ആന്റണി വര്‍ഗീസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിര്‍മാണം സ്റ്റീല്‍ സ്ട്രക്ച്ചറില്‍
പൂര്‍ണമായും സ്റ്റീല്‍ സ്ട്രച്ചറില്‍ ആയിരിക്കും സ്റ്റാന്‍ഡിന്റെ നിര്‍മാണം. നേരത്തെ തയാറാക്കിയ ടോട്ടല്‍ സ്റ്റേഷന് സര്‍വേ റിപോര്‍ട്ടുകള്‍ പൊതുമരാമത്തു വകുപ്പിന് ലഭിച്ചാലുടന്‍ ആര്ക്കിടക്ച്ചറല് വിഭാഗം ഡ്രോയിംഗ് തയാറാക്കും. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടാണ് ഡിസൈന്‍ തയാറാക്കുന്നത്. ഡിസൈന്‍ ആയാല്‍ അതിനനുസരിച്ചുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കും.