ജില്ലയില്‍ പ്രതീക്ഷയുടെ 148 പച്ചത്തുരുത്തുകള്‍
1588029
Sunday, August 31, 2025 4:16 AM IST
കൊച്ചി: പച്ചത്തുരുത്തിന്റെ തണലിലേക്ക് വ്യവസായ ജില്ല. വിവിധയിടങ്ങളിലായി ജില്ലയിലെ 24.8 ഏക്കറിലായി 148 പച്ചത്തുരുത്തുകളാണ് ഹരിത കേരളം മിഷന് ഇതിനോടകം നിര്‍മിച്ചിട്ടുള്ളത്. കൊച്ചി കോര്‍പറേഷനില്‍ വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമായി 4.18 ഏക്കറിലായി 32 പച്ചത്തുരുത്തുകള്‍ തയാറാക്കി.
ഒരു കോടി വൃക്ഷത്തൈകള്‍ നടുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച ഒരു തൈ നടാം വൃക്ഷവത്കരണ കാന്പയിന്റെ ഭാഗമായി ജില്ലയില്‍ 5,92,050 ലക്ഷം തൈകളും കൈമാറ്റം നടത്താനാണ് ഹരിത കേരള മിഷന് ലക്ഷ്യമിടുന്നത്. ഇതുവരെ ജില്ലയില്‍ 4,13,327 തൈകളാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, സംഘടനകള്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ള വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
തരിശായ പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്തു കൊണ്ടാണ് ഓരോ സ്ഥലവും പച്ചത്തുരുത്തുകളാക്കുന്നത്.
വിദേശ സസ്യങ്ങള്‍, അധിനിവേശ സസ്യങ്ങള്‍ എന്നിവ ഒഴിവാക്കി പ്ലാവ്, ഈട്ടി, വേങ്ങ, ആഞ്ഞിലി, മാവ്, കുടംപുളി തുടങ്ങി ഫലവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ചെറുസസ്യങ്ങള്ക്കുമാണ് പച്ചത്തുരുത്തില്‍ പ്രാമുഖ്യം നല്‍കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്.
തൈകള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പച്ചത്തുരുത്ത് നിര്‍മിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്ദ്ധര്‍, വനവത്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ദധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതിയാണ് നല്‍കുന്നത്.