കോസ്റ്റൽ ഹൈവേ : ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമായി; വേണ്ടത് 58.4 ഹെക്ടർ
1588035
Sunday, August 31, 2025 4:16 AM IST
കുടിയൊഴിപ്പിക്കേണ്ടത് 2600 കുടുംബങ്ങളെ
വൈപ്പിൻ: കോസ്റ്റൽ ഹൈവേ നിർമാണത്തിനായി എറണാകുളം ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമായി. കൊച്ചിൻ കോർപ്പറേഷൻ, ചെല്ലാനം, കുമ്പളങ്ങി, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി മൊത്തം 58.4 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏകേദേശം 2,898 പ്ലോട്ടുകളാണ് വരിക. ഇതിൽ 2,600 കുടുംബങ്ങളും 170 വ്യാപാര സ്ഥാപനങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ 48 കിലോമീറ്റർ നീളമാണ് ഹൈവേയ്ക്ക് വരുന്നത്.
നിർമാണം രണ്ട് റീച്ചുകളിലായിട്ടാണ് നടക്കുക. സൗത്ത് ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള 21.3 കിലോമീറ്ററാണ് ആദ്യറീച്ച്. സൗത്ത് പുതുവൈപ്പ് മുതൽ മുനമ്പം വരെയുള്ള 26.7 കിലോമീറ്ററാണ് രണ്ടാമത്തെ റീച്ചിൽ വരുന്നത്. ആദ്യ റീച്ചിന് നിലവിലുള്ള ചെല്ലാനം തീരദേശ റോഡിന്റെ വശങ്ങളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഇവിടെ നിരവധി വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും ഒഴിപ്പിക്കേണ്ടി വരും.
എന്നാൽ രണ്ടാമത്തെ റീച്ചായ വൈപ്പിൻ മേഖലയിൽ താരതമ്യേന തുറസായ സ്ഥലങ്ങളും ചെമ്മീൻ പാടങ്ങളുമായതിനാൽ വീടുകൾ അധികം ഉൾപ്പെടുന്നില്ല. ഇപ്പോൾ രണ്ടാമത്തെ റീച്ചിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് ഇറങ്ങിയിരിക്കുന്നത്.
രണ്ടാം റീച്ചിൽ ചിലയിടങ്ങളിൽ ഹൈവേ അല്പം മാറി പോകുന്നുണ്ടെങ്കിലും ഭൂരിഭാഗം മേഖലകളിലും നിലവിലുള്ള തീരദേശ റോഡിനോടു ചേർന്നാണ് അലൈൻമെന്റ്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ലഭിക്കുകയും വിദഗ്ധസമിതിയുടെ അനുമതി ലഭിക്കുകയും ചെയ്തതിനുശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
സാമൂഹ്യ പ്രത്യാഘാത ലഘൂകരണ നടപടികളിലൂടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയപാതകളിലെ തിരക്ക് കുറയ്ക്കുക. തീരദേശ തുറമുഖങ്ങളും ഫിഷിംഗ് ഹാർബറുകളും തമ്മിൽ ബന്ധിപ്പിക്കുക. ഇതുവഴി മത്സ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് വികസനം സാധ്യമാക്കുക.
ഇതോടൊപ്പം ടൂറിസം വികസനവും കൂടി മുന്നിൽക്കണ്ടാണ് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് കോസ്റ്റൽ ഹൈവേ പ്രോജക്ടിനു സർക്കാർ രൂപം നൽകിയത്.