അറ്റകുറ്റപ്പണികൾ കഴിഞ്ഞു : ഗോശ്രീ സമാന്തരപാലം ഇന്ന് തുറക്കും
1588032
Sunday, August 31, 2025 4:16 AM IST
വൈപ്പിൻ: രണ്ടര മാസങ്ങൾക്കു മുമ്പ് അറ്റകുറ്റപ്പണികൾക്കായി അടച്ച ഗോശ്രീ വല്ലാർപാടം - മുളവുകാട് സമാന്തരപാലം ഇന്നു രാവിലെ ഒന്പതിന് ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞ് നീങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്ക് പതിവായതോടെ റസിഡൻസ് അസോസിയേഷൻ അപെക്സ് സംഘടനയായ ഫ്രാഗ്, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകൾ ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു.
ഇതിന്റെ ഭാഗമായി ഗോശ്രീ മനുഷ്യവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലത്തിന്റെ മാതൃകയേന്തിയും, ഫ്രാഗിന്റെ നേതൃത്വത്തിൽ പാലത്തിൽ വനിതകൾ ഫുട്ബോൾ കളിച്ചും പിന്നോട്ടു നടന്നു പ്രതിഷേധം അറിയിച്ചു.
തുടർന്ന് ഫ്രാഗ് പ്രതിനിധികളും നാഷണൽ ഹൈവേ അഥോറിറ്റിഉദ്യോഗസ്ഥരും സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 27ന് പാലം തുറക്കും എന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്.
എന്നാൽ ശക്തമായ മഴയെ തുടർന്ന് ടാറിംഗ് നടത്താൻ പറ്റാതെ വന്നതോടെയാണ് പാലം തുറക്കൽ 31 ലേക്ക് മാറിയത്.