അപകടാവസ്ഥയിലുള്ള മതിലിലേക്ക് ലോറി ചരിഞ്ഞു
1575917
Tuesday, July 15, 2025 6:54 AM IST
ചോറ്റാനിക്കര: അപകടാവസ്ഥയിലുള്ള സ്കൂൾ മതിലിനരികിൽ പാർക്ക് ചെയ്തിരുന ലോറി മതിലിലേയ്ക്ക് ചേർന്ന് ചരിഞ്ഞത് പരിഭ്രാന്തി പരത്തി. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പിനോട് ചേർന്ന് ചരിഞ്ഞു നിൽക്കുന്ന മതിലിലേക്കാണ് ലോറി ചരിഞ്ഞത്.
ഞായറാഴ്ച്ച വൈകിട്ട് മഴയെത്തുടർന്ന് മണ്ണൊലിച്ച് പോയതിനാലാണ് ഇവിടെ റോഡരികിൽ പാർക്ക് ചെയ്ത ലോറി ചരിഞ്ഞത്. തുടർന്ന് തിങ്കളാഴ്ച്ച ഉച്ചയോടെ മുളന്തുരുത്തി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കുകയായിരുന്നു. മതിൽ ചരിഞ്ഞ ഭാഗത്ത് വിഎച്ച്എസ്സി കെട്ടിടമുള്ളതിനാൽ ലോറി മാറ്റുന്ന സമയത്തുള്ള അപകട സാഹചര്യം മുൻനിർത്തി സ്കൂളിന് ഉച്ചയ്ക്ക് ശേഷം അവധി നൽകി.
ഇവിടെ റോഡ് നിരപ്പിനെക്കാളും താഴ്ന്ന നിലയിലാണ് സ്കൂൾ വളപ്പ് സ്ഥിതി ചെയ്യുന്നത്. മതിലിന്റെ താഴെയുള്ള കരിങ്കൽ കെട്ടിനടിയിൽനിന്നു മണ്ണൊലിച്ച് പോയതോടെ മതിലിന്റെ സ്ഥിതി കൂടുതൽ പരിതാപകരമായിരുന്നു. മതിൽ ഇടിഞ്ഞാൽ സ്കൂൾ വളപ്പിലേക്ക് വീഴുമെന്നതിനാൽ ഈ ഭാഗത്തുള്ള ടോയ്ലറ്റ് ബ്ലോക്കിലേയ്ക്കുള്ള പ്രവേശനവും തടഞ്ഞിട്ടുണ്ട്.
അപകടാവസ്ഥയിൽ ചരിഞ്ഞു നിൽക്കുന്ന മതിൽ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് സേനാംഗങ്ങൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ഇബി അധികൃതരും വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും സംഭവ സ്ഥലത്തെത്തിയിരുന്നു.