കോട്ടപ്പടിയിൽ കാട്ടാന കുടില്‍ തകര്‍ത്തു
1575253
Sunday, July 13, 2025 5:15 AM IST
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് ആന കുടില്‍ തകര്‍ത്തു. വടക്കുംഭാഗത്ത് മണ്ണോര്ക്കോട്ട് പുത്തന്‍പുരക്കല്‍ മോഹനന്റെ കൂടിലാണ് ആന തകര്‍ത്തത്. ജനവാസ മേഖലയില്‍ കടന്നുകയറിയ ആനക്കൂട്ടത്തിലൊന്നാണ് കുടില്‍ തകര്‍ത്തത്. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടുണ്ടാക്കിയ കുടിലാണിത്.
കുടിലിന്റെ തൂണുകള്‍ ഒടിഞ്ഞിട്ടുണ്ട്. തുണികള്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ അലമാര മറിഞ്ഞുവീണു. മോഹനന്റെയും സഹോദരന്റെയും കുടിലുകള്‍ ചേര്‍ന്നുതന്നെയാണ്. ഇതിനിടയിലൂടെ ആന കടന്നുപോയപ്പോഴാണ് കുടില്‍ തകര്‍ന്നത്.
വളര്‍ത്തുനായയുടെ കുര കേട്ടാണ് ആന വരുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ അവര്‍ പുറത്തേക്ക് മാറിയതിനാലാണ് ആളപായം ഒഴിവായത്. മറ്റൊരു ഭാഗത്തുനിന്നു വനപാലകര്‍ ഓടിച്ച ആനകളിലൊന്നാണ് കൂട്ടംവിട്ട് ഇവരുടെ കുടിലിന്റെ ഭാഗത്തേക്ക് ഓടിയത്. മുട്ടത്തുപാറയില് ഞാറ്റുംകാലായില്‍ ജോര്‍ജിന്റെ വീടിന്റെ മതിലും ഗേറ്റും ആന തകര്‍ത്തു.
വീടിനോട് ചേർന്നുള്ള കൃഷിയും നശിപ്പിച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളിലും ആന വ്യാപകമായി നാശം വിതച്ചിട്ടുണ്ട്. കോട്ടപ്പടി പഞ്ചായത്തില്‍ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന ആറംഗ കാട്ടാനക്കൂട്ടമാണ് വെള്ളിയാഴ്ച രാത്രിയിലും വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളില്‍ ആനകള്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.