ഫ്ലാറ്റ് സമുച്ചയത്തിലെ സ്റ്റീം ബാത്ത് യൂണിറ്റിന് തീപിടിച്ചു
1575922
Tuesday, July 15, 2025 6:55 AM IST
ഇടക്കൊച്ചി: ഇടക്കൊച്ചിയിലുള്ള കെന്റ് ബേ വാച്ച് സ്യൂട്ട്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ സ്റ്റീം ബാത്ത് യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. അരൂരിൽനിന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് നിഗമനം.
ദിവസ വാടകയ്ക്ക് നല്കിവരുന്ന സർവീസ് അപ്പാർട്ട്മെന്റാണിത്. കെട്ടിടത്തിലെ സ്വിമ്മിംഗ് പൂളിന് സമീപമാണ് സ്റ്റീം ബാത്ത് യൂണിറ്റ് സ്ഥാപിച്ചിരുന്നത്. തീപിടുത്തം നടന്ന സമയം പൂളിനു സമീപത്ത് സന്ദർശകർ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരും പരിഭ്രാന്തരായി ഇവിടേക്കെത്തി. 15 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.
അരൂർ ഫയർ സ്റ്റേഷനിലെ അസി. ഫയർ ഓഫീസർ പി.എ. നിഷാദ്, റെസ്ക്യു ഓഫീസർമാരായ എം.വി. ഹർഷകുമാർ, പി.വി. സൂരജ്, എസ്. ലെനിൻ, ബിജു കെ. ഉണ്ണി, ഡ്രൈവർ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.