മുതിർന്ന പൗരനിൽ നിന്ന് 25 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
1575926
Tuesday, July 15, 2025 6:55 AM IST
കിഴക്കമ്പലം: ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുതിർന്ന പൗരനിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബീഹാർ നളന്ദ സ്വദേശി വിശാൽ കുമാറി(21)നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം സ്വദേശിക്കാണ് പണം നഷ്ടമായത്. സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പ് സംഘത്തെ പരിചയപ്പെടുന്നത്. ഒരു ദേശസാൽകൃത ബാങ്കിൽ നിന്ന് 50 ലക്ഷം രൂപയുടെ ലോൺ തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. പ്രോസസിംഗ് ഫീ, ഇൻഷ്വറൻസ്, ബാങ്കിലെ നിയമങ്ങൾ മാറിയെന്നു പറഞ്ഞ് അതിന് ഫീ തുടങ്ങി ഓരോരോ കാരണങ്ങൾ പറഞ്ഞ്പണം വാങ്ങുകയായിരുന്നു. പിന്നീട് പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ നളന്ദയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ പ്രതികളിലൊരാളുണ്ടെന്ന് മനസിലാക്കി. തുടർന്ന് വേഷം മാറി ദിവസങ്ങളോളം അവിടെ താമസിച്ച് സാഹസികമായി പിടികൂടി ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്ഐ എൻ.കെ. ജേക്കബ് സീനിയർ സിപിഒമാരായ കെ.കെ. ഷിബു, മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.