‘മിഷന് റാബീസ്'കാമ്പയിനുമായി കൊച്ചി കോര്പറേഷന്
1575923
Tuesday, July 15, 2025 6:55 AM IST
കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വാക്സിനേറ്റ് ചെയ്യുന്ന ക്യാമ്പയിനുമായി കൊച്ചി കോര്പറേഷന്. പതിനായിരം നായ്ക്കളെ ഒറ്റയടിക്ക് വാക്സിനേറ്റ് ചെയ്യുന്ന ‘മിഷന് റാബീസ്' ക്യാമ്പയിന് ഓഗസ്റ്റ് ആദ്യവാരം നടക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് പറഞ്ഞു. ഇതിനായി ആറ് നായ പിടുത്തക്കാരെക്കൂടി കരാര്‍ അടിസ്ഥാനത്തില്‍ ഗോവയില്‍ നിന്ന് കൊണ്ടുവരും.
നിലവില്‍ ഈ ജോലി ചെയ്യുന്ന പരിശീലനം ലഭിച്ച അഞ്ച് ഡോഗ് കാച്ചര്മാരുണ്ട്. കൂടുതല്‍ പേര് വരുന്നതോടെ നഗരത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസി(ഡബ്ല്യുവിഎസ്)ല്‍ നിന്നാണ് ഡോഗ് കാച്ചര്‍മാരെ എത്തിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. വേതനം ഉള്‍പ്പെടെയുള്ള ഇവരുടെ ചെലവുകള്‍ നഗരസഭ വഹിക്കും. നിലവിലുള്ള നായ പിടിത്തക്കാര്‍ക്ക് പ്രതിമാസം 21,000 ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് നഗരസഭ നല്‍കുന്നത്.
നായ പിടുത്തത്തിനായി ഒരു വാഹനം മാത്രമേ നിലവിലുള്ളു. ക്യാമ്പയിന് ആരംഭിക്കുമ്പോള്‍ രണ്ട് വാഹനങ്ങള്‍ക്കൂടി കുടുതലായി വാങ്ങും. ബ്രഹ്മപുരത്തുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) യൂണിറ്റില്‍ 40 നായ്ക്കളെ ഒരേസമയം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഒരു കൂടും നിര്‍മിക്കും.
ക്യാമ്പയിന് മുന്നോടിയായി ബ്രഹ്മപുരത്തെ എബിസി യൂണിറ്റ് നവീകരണവും പൂര്‍ത്തീകരിക്കും. ശസ്ത്രക്രിയ ടേബിളുകളുടെ എണ്ണം ഒന്നില്‍ നിന്ന് മൂന്നായി ഉയര്‍ത്തും. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ഒരു ഡോക്ടറെകൂടി കൂടുതലായി നിയമിച്ചിട്ടുണ്ട്. ഇതോടെ പ്രതിദിനം നായ്ക്കളുടെ വന്ധ്യംകരണം എട്ടില്‍ നിന്ന് 12 ആയി ഉയര്‍ന്നിരുന്നു. പെണ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വന്ധീകരണത്തിന് ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലങ്ങളില്‍ തന്നെ തുറന്നു വിടും.