കെഎസ്ആർടിസി ബസ് സ്റ്റേഷൻ: നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു
1575255
Sunday, July 13, 2025 5:18 AM IST
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിന്റെയും പുതിയ കെട്ടിട സമുച്ചയത്തിന്റെയും നിർമാണോദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. ഒരു പതിറ്റാണ്ടായി നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ ശോചനീയാവസ്ഥയിലായിരുന്നു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 4.25 കോടി അനുവദിച്ചാണ് നിർമാണം നടത്തുന്നത്. ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തികൾക്കായി 2.75 കോടി കെഎസ്ആർടിസി വകുപ്പിൽനിന്നു നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ വർക്ക് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ആരും എടുക്കാൻ തയാറാകാതെ വന്ന സാഹചര്യത്തിൽ പല കരാറുകാരുമായി എംഎൽഎ നേരിട്ട് ബന്ധപ്പെട്ടു.
കെഎസ്ആർടിസി വകുപ്പ് വകയിരുത്തിയിരിക്കുന്ന ഫണ്ടിൽ നിന്നുള്ള വർക്കുകൾ എടുക്കാൻ ആരും തയാറാവാതെ വന്ന സാഹചര്യത്തിലാണ് മൂവാറ്റുപുഴയിലെ കെഎസ്ആർടിസി നവീകരണം സാധ്യമാക്കുന്നതിനായി 2023-24 വർഷത്തെ എംഎൽഎ ഫണ്ടിന്റെ 90 ശതമാനവും ഇതിനായി വകയിരുത്തിയതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
ഒന്‍പതര വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് ഒരു മുഖം കൈവരിക്കാൻ കഴിയുന്നതിൽ അഭിമാനകരമായ സന്തോഷമുണ്ടെന്ന് മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരണത്തിന്റെ പാതയിലെത്തുന്നത്.
മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, നഗരസഭ വൈസ് ചെയർപേഴ്സണ്‍ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. അലിയാർ, കെ.പി. അബ്രഹാം, ഷെൽമി ജോണ്‍സ്, ഒ.പി. ബേബി, നഗരസഭാംഗം ജോസ് കുര്യാക്കോസ്, എ. മുഹമ്മദ് ബഷീർ, കെ.എം. പരീത്,
കെ.എം. സലിം, വർഗീസ് മാത്യു, പി.എ. ബഷീർ, മുഹമ്മദ് പനയ്ക്കൻ, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, ജോസ് പെരുന്പിള്ളിക്കുന്നേൽ, ഷൈസണ്‍ പി. മാങ്ങഴ, തോംസണ്‍ പീച്ചപ്പിള്ളി, സുരേന്ദ്രൻ, അനിൽ വാളകം, ജിനു ആന്റണി മടേയ്ക്കൽ, ജോയ്സ് മേരി ആന്റണി, അമൽ ബാബു, അസം ബീഗം, മേരിക്കുട്ടി ചാക്കോ, ഷാജു കുര്യാക്കോസ്, എ. അസീം എന്നിവർ പ്രസംഗിച്ചു.