ജില്ലയിൽ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങൾ : വീട്ടമ്മയടക്കം മൂന്നുപേർ മരിച്ചു
1588357
Monday, September 1, 2025 2:48 AM IST
കോതമംഗലം/കളമശേരി: ജില്ലയിൽ മൂന്ന് വ്യത്യസ്ത ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാൻ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്നാട് സ്വദേശിയും നെല്ലിക്കുഴിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും കളമശേരിയിൽ ടാങ്കർലോറിയുടെ പിന്നിലിടിച്ച് റോഡിൽ വീണ് മറ്റൊരു ലോറിക്കടിയിൽ പെട്ട് ബിടെക് വിദ്യാർഥിയുമാണ് മരിച്ചത്.
തമിഴ്നാട് വിരുതനഗർ സ്വദേശി വിഘ്നേഷ് പ്രഭു (30), നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം പുളിമൂട്ടിൽ ഇബ്രാഹിമിന്റെ ഭാര്യ കദീജ (65), നോർത്ത് കളമശേരി ഏലൂർ റോഡിൽ സുമാ നിവാസിൽ (ഗോൾഡൻ ഹോട്ടൽ) സുരേഷിന്റെ മകൻ സിദ്ധാർഥൻ (19) എന്നിവരാണ് മരിച്ചത്.
നേര്യമംഗലത്ത് ഇന്നലെ രാവിലെ 11.45ന് ചെമ്പൻകുഴി ഷാപ്പുംപടിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. വിഘ്നേഷ് വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഊന്നുകൽ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. കൊച്ചിയിൽ നിന്ന് പടക്കവും കമ്പിത്തിരിയുമായി ഇടുക്കി ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ്. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
നെല്ലിക്കുഴിയിൽ ശനിയാഴ്ച രാവിലെ ആറിന് കനാൽ പാലത്തിന് സമീപമായിരുന്നു ബൈ ക്കിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ അപകടം. ഗുരുതരമായി പരിക്കേറ്റ കദീജ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കബറടക്കം നടത്തി. മക്കൾ: സുബൈദ, സുബൈർ. മരുമക്കൾ: സലീം മിസ്ബാഹി, റഷിദ.
കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിൽ ടാങ്കർ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് റോഡിൽ വീണ ബിടെക് വിദ്യാർഥി മറ്റൊരു ലോറിക്കടിയിൽപ്പെട്ടാ ണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ പൂജാരി വളവിന് സമീപമായിരുന്നു അപകടം. കളമശേരിയിൽ നിന്നു കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിന്നിലാണ് ബൈക്ക് ഇടിച്ചത്.
തുടർന്ന് റോഡിൽ വീണ സിദ്ധാർഥന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അമ്മ: വിനീത, സഹോദരൻ: ആദിത്യ.