കിണറ്റില്‍ വീണ്ടും കാട്ടുകൊന്പൻ; 12 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
1588356
Monday, September 1, 2025 2:48 AM IST
കോട്ടപ്പടി വടക്കുംഭാഗത്ത് ജനവാസമേഖലയിൽ
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടുകൊമ്പനെ രക്ഷപ്പെടുത്തി. വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്തു സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ എംഎൽഎ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ രക്ഷാദൗത്യം ഒരു മണിക്കൂറോളം വീണ്ടും വൈകി.
കോട്ടപ്പാറ പ്ലാന്റേഷനില്‍ നിന്നു ഒരു കിലോമീറ്ററോളം അകലെയുള്ള വിച്ചാട്ട് വര്‍ഗീസിന്റെ പുരയിടത്തിലെ കിണറില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് കാട്ടുകൊമ്പന് വീണത്. രാവിലെ ഏഴോടെയാണ് ആന കിണറ്റിലുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നു വനപാലകാരെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
നാല് ആനകളാണ് വനത്തിൽ നിന്നു ജനവാസ മേഖലയിൽ രാത്രിയിൽ ഇറങ്ങിയത്. കൊമ്പനാന ഒറ്റതിരിഞ്ഞ് കിണറിന്റെ ഭാഗത്ത് എത്തുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ളതായിരുന്നു കിണര്‍.
ആനയെ കരയ്ക്കു കയറ്റാൻ വനംവകുപ്പ് നീക്കം ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കാട്ടാനശല്യം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ആനയെ കരയ്ക്കു കയറ്റാന്‍ തകര്‍ക്കുന്ന കിണര്‍ കാലതാമസമില്ലാതെ പുനര്‍നിര്‍മിച്ചു നല്‍കണമെന്നും വീട്ടുടമയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയർന്നു.
ഡിഎഫ്ഒ പി. കാര്‍ത്തിക് സ്ഥലത്തെത്തി ചര്‍ച്ച നടത്തി നാട്ടുകാരെ അനുനയിപ്പിച്ചു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫെന്‍സിംഗ് ജോലി വേഗത്തില്‍ പൂർത്തിയാക്കാമെന്നും സ്ഥലമുടമയ്ക്കു ഒരു ലക്ഷം രൂപ കൈമാറാമെന്നുമുള്ള ഉറപ്പിലാണു നാട്ടുകാര്‍ വഴങ്ങിയത്.
ഇതിനിടെ ഒരു മണിക്കൂറോളം കഴിഞ്ഞു സ്ഥലത്തെത്തിയ ആന്റണി ജോണ്‍ എംഎല്‍എ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഫെന്‍സിംഗ് നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നതിലും സ്ഥലം ഉടമയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതിലും ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പു നല്‍കണമെന്നായിരുന്നു ആവശ്യം.
ഇതോടെ രക്ഷാദൗത്യം നിർത്തിവച്ചു. ഒരു മണിക്കൂർ പിന്നിട്ട ശേഷം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക സ്ഥലത്തെത്തി എംഎല്‍എയുമായി ചര്‍ച്ച നടത്തി. ഏതാനും മിനിട്ടുകള്‍ക്കുശേഷം കളക്ടര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു പിന്നീട് ദൗത്യം പുനരാരംഭിച്ചത്.
മഴ ഫെൻസിംഗ് നിർമാണത്തെ തടസപ്പെടുത്തിയിരിക്കാമെന്നും പ്രവർത്തനങ്ങളുടെ മേൽനോട്ടം കളക്ടർ, എംഎൽഎ, ഡിഎഫ്ഒ എന്നിവർ വിലയിരുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും കളക്ടർ പറഞ്ഞു. കിണര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് ആനയ്ക്ക് സ്വയം കയറാന്‍ കഴിയുന്ന വിധത്തില്‍ വഴിയുണ്ടാക്കിയാണു ആനയെ കരയ്ക്കെത്തിച്ചത്.
കരയ്ക്ക് കയറിയ ആന റബ്ബര്‍ തോട്ടത്തിലൂടെ പ്ലാന്റേഷന് ലക്ഷ്യമാക്കി ഓടി. വനംപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. രാവിലെ പതിനൊന്നോടെ ആരംഭിച്ച ദൗത്യം ഉച്ചകഴിഞ്ഞ് രണ്ടിനാണ് വിജയകരമായി അവസാനിച്ചത്. 12 മണിക്കൂറോളം ആനയ്ക്ക് കിണറ്റില്‍ കിടക്കേണ്ടിവന്നു.
എംഎൽഎയുടെ ശ്രമം സ്വന്തം തടി രക്ഷിക്കാനെന്ന് ഷിബു തെക്കുംപുറം
കോതമംഗലം: കോട്ടപ്പടിയിലെ വന്യമൃഗശല്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പഴിചാരി സ്വന്തം തടി രക്ഷിക്കാൻ ശ്രമിക്കുകയാണ് എംഎൽഎയെന്ന് യുഡിഎഫ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം. കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ വിളിച്ചു വരുത്തുന്നതും ജനപ്രതിനിധിയായ അദ്ദേഹം പരാജയപ്പെട്ടതിന്റെ തെളിവാണ്.
കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ വനാതിർത്തി സംരക്ഷിക്കാൻ മൂന്നേമുക്കാൽ കോടി രൂപ മുടക്കി ഫെൻസിംഗ് പദ്ധത നടപ്പാക്കുമെന്ന് വനം മന്ത്രി പ്രഖ്യാപിച്ചിട്ട് എട്ടു മാസമായി. ആർഭാടമായ ഉദ്ഘാടനമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് നടുവിൽ ഓരോ നിമിഷവും ഭയപ്പെട്ട് ജീവിക്കുന്ന കോട്ടപ്പടിയിലെ മനുഷ്യരെ ഇനിയും കബളിപ്പിക്കുമാനുള്ള ശ്രമം അനുവദിക്കില്ലെന്നും സർക്കാരിനും എംഎൽഎയ്ക്കുമെതിരെ യുഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഷിബു തെക്കുംപുറം പറഞ്ഞു.