പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന എംഎൽഎ രാജി വയ്ക്കണമെന്ന്
1575903
Tuesday, July 15, 2025 6:54 AM IST
കോതമംഗലം : സ്ക്കൂൾ വിദ്യാർഥിനിയെ നിരന്തരം ഉപദ്രവിച്ചു എന്ന കേസിൽ റിമാൻഡിലായ പോക്സോ കേസ് പ്രതി കെ.വി. തോമസിന് ജയിലനകത്തും സംരക്ഷണം തുടരുന്ന ആന്റണി ജോണ്‍ എംഎൽഎയ്ക്ക് തത് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം.
പെണ്‍കുട്ടിയും കുടുംബാംഗങ്ങളും പോലീസിൽ കൊടുത്ത പരാതിയിൽ നടപടി വൈകിപ്പിക്കുകയും ഇരയേയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തത് അപമാനമാണ്. നാട്ടിൽ നിയമവാഴ്ച നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള ആളാണ് എംഎൽഎ. ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും ലഭിക്കുന്ന നീതി പൂർണമാകണമെങ്കിൽ എംഎൽഎ രാജിവച്ചേ മതിയാകൂയെന്നും ഷിബു തെക്കുംപുറം പറഞ്ഞു.
യുഡിഎഫ് പ്രതിഷേധം നാളെ
കോതമംഗലം : പോക്സോ കേസിലെ പ്രതിയെ സംരക്ഷിക്കുന്ന ആന്റണി ജോണ്‍ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് കോതമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ചെയർമാൻ ടി.യു. കുരുവിള, കണ്‍വീനർ എം.എസ്. എൽദോസ് എന്നിവർ അറിയിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.