എറണാകുളം നോര്‍ത്തിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം
1575927
Tuesday, July 15, 2025 6:55 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളിനു സമീപം ഫര്‍ണിച്ചര്‍ കടയില്‍ ഇന്നലെ പുലര്‍ച്ചെയോടെ വന്‍ തീപിടുത്തം. ഷെയര്‍ ലാന്‍ഡ് സെക്കന്‍ഡ് ഫര്‍ണിച്ചര്‍ എന്ന യൂസ്ഡ് ഫര്‍ണിച്ചറുകള്‍ വില്പന നടത്തുന്ന കടയിലാണ് പുലര്‍ച്ചെ മൂന്നോടെ തീപിടിത്തമുണ്ടായത്.
അഗ്നിക്ഷാസേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൊടുവിലാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. സമീപത്ത് മൂന്ന് പെട്രോള്‍ പമ്പുകളും, കടയ്ക്കു പിറകിലായി രണ്ടു ഫ്ളാറ്റുകളും ഒരു വീടുമുണ്ട്. സമീപത്തു കൂടി മെട്രോ റെയിലും കടന്നു പോകുന്നുണ്ട്. തീ നിയന്ത്രണവിധേയമായെങ്കിലും കടയില്‍ നിന്നും പുകയുയര്‍ന്നത് ചെറിയ തോതില്‍ ആശങ്ക സൃഷ്ടിച്ചു.
കടയ്ക്കുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളെല്ലാം കത്തി നശിച്ചു. മേശ, കസേര, സെറ്റി, അലമാര ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളാണ് കത്തിനശിച്ചത്. സമീപത്തെ ഹോട്ടല്‍ കെട്ടിടത്തിനും നേരിയ നാശമുണ്ട്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളില്‍ നിന്ന് ചോര്‍ച്ചയുണ്ടായി തീ പടര്‍ന്നതായി അഗ്നി രക്ഷാസേന അറിയിച്ചു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പൊട്ടിത്തറി ഒഴിവായത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.
കഴിഞ്ഞ എട്ടു വര്‍ഷമായി യൂസ്ഡ് ഓഫീസ് ഫര്‍ണിച്ചറുകളുടെ വില്പന നടത്തിവന്ന സ്ഥാപനത്തിന്റെ ഉടമ എളമക്കര കറുകപ്പിള്ളി വീട്ടില്‍ ഹാരിസാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഹാരിസ് കടയടച്ച് വീട്ടിലേക്ക് പോയത്. കടയിലെ മെയിന്‍ സ്വിച്ചും ഓഫാക്കിയിരുന്നു. പുലര്‍ച്ചെ സമീപവാസികളാണ് തീപിടിച്ച വിവരം ഹാരിസിനെ അറിയിച്ചത്. ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി.
രണ്ടു മണിക്കൂറിനുള്ളില്‍ തീയണച്ച് സേന
ഷീറ്റുകൊണ്ട് പണിത ഏകദേശം 1,800 സ്ക്വയര്‍ ഫീറ്റിലുള്ള കട പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ അഗ്നിരക്ഷാസേന എത്തുമ്പോള്‍ അകത്ത് തീ ആളിക്കത്തുന്ന നിലയിലായിരുന്നു. മേല്‍ക്കൂരയും തീയില്‍ തകര്‍ന്നു വീണു.
കടയുടെ പൂട്ടുപൊളിച്ച് വശങ്ങളിലെ ഷീറ്റുകള്‍ തകര്‍ത്താണ് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഫയര്‍ സ്റ്റേഷന് ഓഫീസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗാന്ധിനഗര്‍, ക്ലബ് റോഡ്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഒമ്പതു ഫയര്‍ യൂണിറ്റുകള്‍ രണ്ടു മണിക്കൂര്‍ നേരം കിണഞ്ഞു പരിശ്രമിച്ചാണ് തീയണച്ചത്.
കടയ്ക്കുള്ളില്‍ ഇരുമ്പും പ്ലാസ്റ്റിക്കും കൊണ്ട് നിര്‍മിച്ച വസ്തുക്കളായതിനാല്‍ തീ അണയ്ക്കുന്ന ദൗത്യം കഠിനമായിരുന്നു. കെഎംആര്‍എല്ലില്‍ നിന്നും പമ്പിംഗിനായി വെള്ളം ഉപയോഗിച്ചു.
അഗ്നിരക്ഷാസേനയും എറണാകുളം സെന്‍ട്രല്‍ പോലീസും ഉടന്‍ തന്നെ സമീപത്തെ ഫ്ളാറ്റുകളിലെയും വീട്ടിലെയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനവും നിര്ത്തിവയ്പിച്ചതിനാല് കൂടുതല്‍ ദുരന്തം ഒഴിവായി. ഈ വഴിയുള്ള ഗതാഗതം പോലീസ് തിരിച്ചുവിട്ടു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ അഗ്നിശമന സംവിധാനങ്ങളില്ലെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ പറഞ്ഞു.
മോഷണശ്രമം സംശയിക്കുന്നതായി കടയുടമ
തീപിടുത്തത്തില്‍ മോഷണശ്രം സംശയിക്കുന്നതായി കടയുടമ ഹാരിസ് പറഞ്ഞു. പതിവു പോലെ മെയിന്‍ സ്വിച്ച് ഇന്നലെ രാത്രിയും ഓഫാക്കിയിരുന്നു. മോഷ്ടിക്കാനായി കയറിയ ആരെങ്കിലും ലൈറ്ററോ മറ്റ് തെളിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഈ കടയില്‍ മോഷണശ്രമം ഉണ്ടായിട്ടുണ്ടെന്ന് ഉടമ വ്യക്തമാക്കി.