വനംവകുപ്പ് ക്യാന്പ് ഷെഡിൽ ജീവനക്കാരുടെ എണ്ണം കൂട്ടി
1283069
Saturday, April 1, 2023 12:58 AM IST
മണ്ണാർക്കാട് : പുലിശല്യം രൂക്ഷമായ തത്തേങ്ങലത്തെ വനം വകുപ്പിന്റെ ക്യാന്പ് ഷെഡിൽ ജീവനക്കാരുടെ എണ്ണം കൂട്ടി. കഴിഞ്ഞ ഒരു വർഷത്തോളമായി തത്തേങ്ങലം മേഖലയിൽ പുലിശല്യം രൂക്ഷമാണ്.
നിരവധി പേരുടെ വളർത്തുമൃഗങ്ങളെ പുലികൾ കൊന്നു തിന്നിരുന്നു. കൂടാതെ വഴിയാത്രക്കാർ ഉൾപ്പെടെ പുലികളെ കാണുന്ന അവസ്ഥയും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
ഇതേതുടർന്ന് ഈ മേഖലയിൽ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചു. എന്നാൽ പുലി കുടുങ്ങിയിരുന്നില്ല. തുടർന്നാണ് മൂന്നു ജീവനക്കാരെ വനം വകുപ്പ് അധികമായി നിയമിച്ചത്.
ഇവരുടെ കാര്യക്ഷമമായ പ്രവർത്തനം ഒരു പരിധി വരെ ഈ മേഖലയിൽ പുലി ശല്യം കുറച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
രാത്രിയും പകലും ഒരുപോലെ പട്രോളിംഗ് നടത്താനാവുന്നുണ്ടെന്ന് ക്യാന്പ് ജീവനക്കാർ പറയുന്നു.
ഇതുകൊണ്ടാവാം പുലി ശല്യം കുറഞ്ഞതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ഭവാനി ഫോറസ്റ്റ് റേഞ്ചിൽ സൈലന്റ് വാലി സംരക്ഷണ വന മേഖലയിലാണ് തത്തേങ്ങലം ഫോറസ്റ്റ് ക്യാന്പ് ഷെഡ് ഉള്ളത്.
സൈലന്റ് വാലി സംരക്ഷണ വനമേഖലയിലാണ് പുതിയതായി നിയമിച്ചവരുടെ പ്രവർത്തന മേഖല.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ജീവനക്കാരും ആർആർടി ടീമും ഇടക്കിടെ പരിശോധന നടത്തുന്നത് വന്യമൃഗ ശല്യം കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് ക്യാന്പ് ജീവനക്കാർ പറഞ്ഞു.
വനാതിർത്തിയിൽ അടിക്കാടുകൾ വെട്ടിത്തെളിച്ചതും കാട്ടുതീ തടയുന്നതിനായി ഫയർ ട്രാക്ക് ഒരുക്കിയതും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.