വ്യാജവീഡിയോ പ്രചാരണത്തിനെതിരേ വനംവകുപ്പ് പോലീസിൽ പരാതി നൽകി
1569386
Sunday, June 22, 2025 6:27 AM IST
മംഗലംഡാം: വണ്ടാഴിയിൽ പുലിയെ കണ്ടെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരേ വനംവകുപ്പ് പോലീസിൽ പരാതി നല്കി. വണ്ടാഴി മംഗലംഡാം റോഡിൽ പുലിയെ കണ്ടെന്ന രീതിയിൽ കടുവയുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയതിനെതിരെയാണ് മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം മംഗലംഡാം പോലീസിൽ പരാതി നല്കിയിട്ടുള്ളത്.
റോഡരികിലെ പാലത്തിനുമുകളിൽ കടുവ ഇരിക്കുന്ന വീഡിയോയാണ് വണ്ടാഴിയിൽ കണ്ടതെന്ന നിലയിൽ വ്യാജമായി പ്രചരിക്കുന്നത്.
ഇതു സംബന്ധിച്ച് ഇന്നലെ ദീപികയിൽ വാർത്ത നൽകിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതിയിലാക്കുകയും ചെയ്യുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കർണാടകയിലൊ മറ്റൊ ഉള്ള വീഡിയോ ആണ് വണ്ടാഴിയിൽ കണ്ടെന്ന നിലയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.