ജില്ലാ പബ്ലിക് ലൈബ്രറിയിൽ വായനദിനാഘോഷം
1568756
Friday, June 20, 2025 2:05 AM IST
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറിയുടെ വായന ദിനാഘോഷം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ അധ്യക്ഷത വഹിച്ച പരിപാടി ആരംഭിച്ചത് ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന പ്രശസ്തകഥയുടെ വായനയോടെയാണ്.
എഴുത്തുകാരനും ചിറ്റൂർ- തത്തമംഗലം മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർമാനുമായ എം. ശിവകുമാറാണ് കഥ വായിച്ചത്. മുണ്ടശേരി അവാർഡ് ജേതാവ് ഡോ.പി.ആർ. ജയശീലൻ പ്രഭാഷണം നടത്തി. കവയിത്രി ജ്യോതിബായ് പരിയാടത്ത്, ആർ.ശാന്തകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ലാ പബ്ലിക് ലൈബ്രറി സെമിനാർ ഹാളിലെ നിറഞ്ഞ സദസിൽ വായനയുടെ സമകാലിക പ്രാധാന്യവും ചർച്ചചെയ്തു. കെ.ആർ.ഇന്ദു, പ്രഫ.കെ. മോഹൻദാസ്, മുരളി എസ്. കുമാർ പങ്കെടുത്തു. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലെ 60 കുട്ടികൾ വായന ദിനത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറി സന്ദർശിക്കുകയും ചെയ്തു.