ലഹരിക്കെതിരേ റിട്ട. എസ്ഐയുടെ സൈക്കിൾയാത്രയ്ക്കു സ്വീകരണം
1568754
Friday, June 20, 2025 2:05 AM IST
അഗളി: റിട്ട. എസ്ഐ ഷാജഹാന്റെ ലഹരിക്കെതിരേയുള്ള ബോധവത്കരണ സൈക്കിൾ സവാരിക്ക് അട്ടപ്പാടിയിൽ വൻസ്വീകരണം നൽകി.
മേയ് 31ന് കൊല്ലത്തുനിന്നും ആരംഭിച്ച കേരളത്തിലെ 14 ജില്ലകളിൽ സന്ദർശിച്ച് 2025 കിലോമീറ്റർ സൈക്കിൾയാത്ര നടത്തിയാണ് ഷാജഹാൻ അട്ടപ്പാടിയിലെത്തിയത്.
കഴിഞ്ഞദിവസം അട്ടപ്പാടി ചുരംകടന്ന് മുക്കാലിയിലെത്തിയ അദ്ദേഹത്തിനു ജനപ്രതിനിധികളും ജനാവലിയുംചേർന്ന് സ്വീകരണം നൽകി. കൽക്കണ്ടി ജംഗ്ഷനിലും പൗരാവലി സ്വീകരണം ഒരുക്കി.
തുടർന്ന് കൂക്കംപാളയം സെന്റ് പീറ്റേഴ്സ് സ്കൂളിൽ അധികൃതരും വിദ്യാർഥികളും ചേർന്ന് എതിരേറ്റു. അഗളി പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽ ഖയ്യും ആശംസകൾ നേർന്നു. പിടിഎ പ്രസിഡന്റ് ഷക്കീർ സ്വാഗതവും അധ്യാപക പ്രതിനിധി നന്ദിയും പറഞ്ഞു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശം സംബന്ധിച്ച് ഷാജഹാൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസെടുക്കുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
തുടർന്ന് അഗളി ഹയർ സെക്കൻഡറി സ്കൂളിലും പോലീസ് സ്റ്റേഷനിലും കില ആസ്ഥാനകേന്ദ്രത്തിലും സ്വീകരണം നൽകി. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കെ മേയ് 31നായിരുന്നു ഷാജഹാന്റെ റിട്ടയർമെന്റ്.
അന്നുതന്നെ ലഹരിക്കെതിരെ കാഹളവുമായി ഷാജഹാൻ സൈക്കിൾയാത്രായജ്ഞം തുടങ്ങി. മന്ത്രി ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്.