District News
കല്പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില് മെറ്റീരിയില് വിതരണം ചെയ്ത വകയില് കോട്ടയം എംപി കെ. ഫ്രാന്സിസ് ജോര്ജിന്റെ ശിപാര്ശയില് വയനാട്ടില് അഞ്ച് പഞ്ചായത്തുകള്ക്ക് കുടിശിക അനുവദിച്ചത് വിവാദത്തില്.
കുടിശിക ജോയിന്റ് പ്രോഗ്രാം കോ-ഓര്ഡിനേറ്റര്(ജെപിസി)മുഖേന പഞ്ചായത്തുകള്ക്ക് ലഭ്യമാക്കുന്ന കീഴ്വഴക്കം മറികടന്ന് വികസിത് ഭാരത് ഫോര് റോസ്ഗാര് ആന്ഡ് അജീവിക മിഷന് ഗ്രാമീണ് (വിബി-ജി റാം) ഡയറക്ടര് കുടിശിക അനുവദിച്ചത് ക്രമക്കേടും വിവേചനവുമാണെന്ന് ഓള് കേരള ഗവ. കോണ്ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി ഒ.കെ. സക്കീര്, ട്രഷറര് വി.ജെ. ഷാജി, മറ്റു ഭാരവാഹികളായ ആന്റണി താന്നിക്കല്, സാദിഖ് ബത്തേരി, പി.ബി. ഹരീഷ്, സെയ്തലവി പൊഴുതന എന്നിവര് വാര്ത്താസമ്മേളനത്തില് ആരോപിച്ചു.
ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്, ശാന്തന്പാറ, ഉടുമ്പന്ചോല, കരിംകുന്നം, മണക്കാട്, പുറപ്പുഴ, വയനാട്ടിലെ കണിയാമ്പറ്റ, മേപ്പാടി, മീനങ്ങാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകള്ക്കാണ് ഫ്രാന്സിസ് ജോര്ജ് എംപിയുടെ ശിപാര്ശിയില് കുടിശിക അനുവദിച്ചത്.
ജില്ലയില് കുടിശിക അനുവദിച്ച പഞ്ചായത്തുകള്ക്ക് മെറ്റീരിയല് വിതരണം ചെയ്തത് മൂവാറ്റുപുഴയിലുള്ള സ്ഥാപനമാണെന്നാണ് അസോസിയേഷന്റെ അന്വേഷണത്തില് അറിയാനായത്. 2026 ജൂണ് 30 വരെ തൊഴിലുറപ്പ് പദ്ധതിയില് പൂര്ത്തിയാക്കിയ പ്രവൃത്തികള്ക്ക് മെറ്റീരിയില് വിതരണം ചെയ്ത വകയില് ജില്ലയിലെ 22 പഞ്ചായത്തുകളിലായി ഗവ. കരാറുകാര്ക്ക് 34.29 കോടി രൂപയാണ് കുടിശിക. ഈ തുക അനുവദിക്കുന്നതിന് ജില്ലാ ജെപിസി ജൂലൈ 23ന് മിഷന് ഡയറക്ടര്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നു.
മുന്കാലങ്ങളില് റിപ്പോര്ട്ട് പ്രകാരം മിഷന് ഡയറക്ടര് തുക ജെപിസിക്ക് അനുവദിക്കുകയും മുന്ഗണനാക്രമത്തില് എല്ലാ പഞ്ചായത്തുകള്ക്കും ആനുപാതികമായി ലഭ്യമാക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല് ഇത്തവണ അഞ്ച് പഞ്ചായത്തുകള്ക്ക് മാത്രമായി മിഷന് ഡയറക്ടര് നേരട്ട് മുഴുവന് തുകയും നല്കി. ഈ ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകണം.
മറ്റു പഞ്ചായത്തുകള്ക്ക് കുടിശിക ഉടന് അനുവദിക്കാത്തപക്ഷം വിബി-ജി റാം പദ്ധതിയുമായി ബന്ധപ്പെട്ട ടെന്ഡറുകളില് കരാറുകാര് പങ്കെടുക്കില്ല. ജില്ലയിലെ മുഴുവന് പഞ്ചായത്തുകള്ക്കും കുടിശിക ലഭ്യമാക്കുന്നതിന് മിഷന് ഡയറക്ടര്ക്ക് ശിപാര്ശ നല്കുന്നതിന് വയനാ് എംപി പ്രിയങ്ക ഗാന്ധിക്ക് അസോസിയേഷന് നിവേദനം നല്കിയതായും ഭാരവാഹികള് പറഞ്ഞു.
District News
കൽപ്പറ്റ: വീടുകളിൽ സോളാർ വൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പിഎം സൂര്യഘർ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്യാന്പും സൗജന്യ സ്പോട്ട് രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. 15ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലാണ് "സേവ സേതു’ അഭിയാൻ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ പി. വിശ്വനാഥൻ അധ്യക്ഷത വഹിക്കും.
കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ സി.പി. സുധീഷ് വിഷയാവതരണം നടത്തും. ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ സർക്കാർ സബ്സിഡി ലഭിക്കും. സോളാർ പ്ലാന്റ് കന്പനികളുടെയും വായ്പാ സൗകര്യം നൽകുന്ന ബാങ്കുകളുടെയും കൗണ്ടറുകളും ക്യാന്പിലുണ്ടാകും. രജിസ്ട്രേഷനായി ആധാർ കാർഡിന്റെ പകർപ്പ്, വൈദ്യുതി ബിൽ, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം.
District News
സുല്ത്താന് ബത്തേരി: നമ്പിക്കൊല്ലി-കല്ലൂര് ലിങ്ക് റോഡില് മഴയില് രൂപപ്പെട്ട കുഴികള് ഇരുചക്രവാഹന യാത്രക്കാര്ക്ക് അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടര്ന്ന് റോഡിന്റെ വിവിധ ഭാഗങ്ങളില് വെള്ളം ഒലിച്ചിറങ്ങിയാണ് കുഴികള് രൂപപ്പെട്ടത്.
കുഴികള് ശ്രദ്ധയില്പ്പെടാതെ ഇരുചക്രവാഹനങ്ങള് അപകടത്തില്പ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളില് കുഴികള് തിരിച്ചറിയാന് കഴിയാത്തത് അപകടസാധ്യത വര്ധിപ്പിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളില് വെള്ളം കെട്ടിനില്ക്കുന്നതും യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അപകടസാധ്യത ഒഴിവാക്കാന് റോഡിലെ കുഴികള് അടച്ച് ഗതാഗതയോഗ്യമാക്കാന് ബന്ധപ്പെട്ട അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
District News
വടുവന്ചാല്: മൂപ്പൈനാട് കുടുബരോഗ്യകേന്ദ്രത്തില് പലതവണ ചികിത്സനേടി രോഗമുക്തി നേടിയ വ്യക്തി ആന്റി ബയോട്ടിക് കഴിച്ചതിനെത്തുടര്ന്നുണ്ടായ അലര്ജി ചികിത്സയിലെ പിഴവുമൂലമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം വ്യാജ പ്രചാരണം നടത്തിയതില് സ്റ്റാഫ് കൗണ്സില് പ്രതിഷേധിച്ചു. കുപ്രചാരണങ്ങള് രോഗികള്ക്ക് പൊതു ആരോഗ്യ സംവിധാനത്തിലും ആശുപത്രികളിലുമുള്ള വിശ്വാസ്യത തകരുന്നതിന് ഇടയാക്കുമെന്ന് കൗണ്സില് അഭിപ്രായപ്പെട്ടു.
ആരോഗ്യപ്രവര്ത്തകരുടെ അഭിമാനത്തെയും സുരക്ഷയെയും ആശങ്കയില്ലാതെ ജോലിചെയ്യാനുള്ള അവകാശത്തെയും വെല്ലുവിളിക്കുന്ന വിധത്തില് തെറ്റായ ആരോപണങ്ങള് ഉന്നയിക്കുന്നവര്ക്കെതിരേ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഡോ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ. അതുല്യ അജയ്, നഴ്സിംഗ് ഓഫിസര് രാധിക, ഹെല്ത്ത് ഇന്സ്പെക്ടര് ഇന്ദുലേഖ, സ്റ്റാഫ് കൗണ്സില് സെക്രട്ടറി അജേഷ്, ക്ലാര്ക്ക് പ്രജീഷ് എന്നിവര് പ്രസംഗിച്ചു.
District News
പുല്പ്പള്ളി: മുള്ളന്കൊല്ലി, പുല്പ്പള്ളി പ്രദേശങ്ങളിലെ ജനങ്ങള്ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ മത്സ്യവും മാംസവും ന്യായമായ വിലയില് ലഭ്യമാക്കുന്നതിനായി പഞ്ചായത്തുകള് നേരിട്ട് മത്സ്യ-മാംസ മാര്ക്കറ്റുകള് ആരംഭിക്കണമെന്ന് ആം ആദ്മി പാര്ട്ടി പുല്പ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില് പുല്പ്പള്ളിയിലും മുള്ളന്കൊല്ലിയിലും സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിലാണ് മത്സ്യ-മാംസ മാര്ക്കറ്റുകള് പ്രവര്ത്തിക്കുന്നത്. എന്നാല് ഇവിടെ വില്ക്കുന്ന മത്സ്യത്തിന്റെയും മാംസത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിനും ആവശ്യമായ പരിശോധനകള് കൃത്യമായി നടക്കുന്നില്ലെന്ന പരാതികള് വ്യാപകമാണ്.ജനങ്ങളുടെ ആരോഗ്യവും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതിനും പഞ്ചായത്തുകളും ആരോഗ്യവകുപ്പും കര്ശനമായ പരിശോധനകള് നടത്തണം.
അതോടൊപ്പം പോത്തിറച്ചി എന്ന പേരില് കാളയിറച്ചി വില്ക്കുന്നതായും ഉപഭോക്താക്കളില്നിന്ന് പോത്തിറച്ചിയുടെ വില ഈടാക്കുന്നതായും പരാതികളുണ്ട്. ഇത്തരം പരാതികള് പരിശോധിച്ച് വില്ക്കുന്ന മാംസത്തിന്റെ ഇനം ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ആവശ്യമായ നടപടികള് സ്വീകരിച്ചില്ലെങ്കില് പൊതുജനങ്ങളെ അണിനിരത്തി സമരപരിപാടികളുമായി ആം ആദ്മി പാര്ട്ടി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ആം ആദ്മി പാര്ട്ടി ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലില് യോഗം ഉദ്ഘാടനം ചെയ്തു. മുള്ളന്കൊല്ലി കമ്മിറ്റി പ്രസിഡന്റ് ആന്റണി പൂത്തോട്ടാല്, പുല്പ്പള്ളി കമ്മിറ്റി പ്രസിഡന്റ് തോമസ് ഒറ്റക്കുന്നേല്, സിനി ആന്റണി, എ.എം. ചാക്കോ, ഉലഹന്നാന് മേമാട്ട്, വര്ഗീസ് കുരിശുവിളയില്, അജി കാഞ്ഞിരക്കാട്ട്, സിനോജ് കാനാട്ട്, ഷാജി വണ്ടന്നൂര്, ഷിനോജ് കണ്ണംപള്ളി, സാബു ഏബ്രഹാം, സിജു പൂത്തോട്ടാല്, കെ.ജി. ബെന്നി, തോമസ് വെച്ചുവീട്ടിക്കല്, മാത്യു തറയില്, ഷിബി വണ്ടന്നൂര് തുടങ്ങിയവര് പ്രസംഗിച്ചു.
District News
മേപ്പാടി: മിനിമം പെന്ഷന് 9,000 രൂപയാക്കണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷന്(പിഎഫ്പിഎ) ജില്ലാ സമ്മേളനം സര്ക്കാരിനോട് ആവശ്യപ്പെട്ടു. പെന്ഷനില് ക്ഷാമബത്ത ഏര്പ്പെടുത്തുക, ആനക്കാംപൊയില്-കള്ളാടി തുരങ്കപാത നിര്മാണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു അഖിലേന്ത്യ കോ-ഓര്ഡിനേഷന് കമ്മിറ്റി പ്രസിഡന്റ് എം. ധര്മജന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി.
യു. കരുണന്-സിഐടിയു, ബി. സുരേഷ്ബാബു-ഐഎന്ടിയുസി, എന്.പി. ചന്ദ്രന്-ബിഎംഎസ്, എന്.ഒ. ദേവസി-എച്ച്എംഎസ്, എ. ബാലചന്ദ്രന്-എഐടിയുസി, പിഎഫ്പിഎ സംസ്ഥാന ട്രഷറര് സി. പ്രഭാകരന്, സി.എച്ച്. മമ്മി, വി. യൂസഫ്, കെ. സുകുമാരന് എന്നിവര് പ്രസംഗിച്ചു. ഭാരവാഹികളായി സി.എം. ശിവരാമന്-പ്രസിഡന്റ്, പി. അപ്പന് നമ്പ്യാര്-ജനറല് സെക്രട്ടറി, സി.എച്ച്. മമ്മി-ട്രഷറര് എന്നിവരെ തെരഞ്ഞെടുത്തു.
District News
കൽപ്പറ്റ: പനമരം ജനമൈത്രി പൊലിസ് കാപ്പുംച്ചാൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജുമായി സഹകരിച്ച് മെഗാ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
എൻഎസ്എസ്, എൻസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാന്പ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമിറ്റം ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷൻ ബാങ്കിലേക്കാണ് രക്തം ശേഖരിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ പി.വി. നീതു അധ്യക്ഷത വഹിച്ചു. പനമരം എഎസ്ഐ സുബീഷ്, ജനമൈത്രി പൊലിസ് പ്രതിനിധി സുരേഷ്, അസിസ്റ്റന്റ് പ്രഫസർ സഫീറ, ഡോ. ശുഭ, വിദ്യാർഥി പ്രതിനിധികളായ സഫുവാൻ, ഫിദ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: പേവിഷ വിമുക്ത കേരളം കാന്പയിനിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭയുടെ പേവിഷ നിർമാർജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾക്കായി വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കും.
തുടർന്ന് തെരുവുനായകൾക്കായും പ്രത്യേക പ്രതിരോധ കുത്തിവയ്പ് ക്യാന്പുകൾ നടത്തും.ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി.ജി. ബീന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സണ് ശശിധരൻ, ജില്ലാ വെറ്ററിനറി കേന്ദ്രം സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. സുനിൽ, ഫീൽഡ് ഓഫിസർ ആർ. രാജ് എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൂയിസ് മൗണ്ട് ആശുപത്രി സന്ദർശനവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ബൈജു മുഖ്യപ്രഭാഷണം നടത്തി. മാനസികാരോഗ്യ വെല്ലുവിളികൾ, പരിഹാരമാർഗങ്ങൾ, ലഹരിവിമുക്തി എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കാന്പസുകളിലെ എഴുപതോളം എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്തു. വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എൻഎസ്എസ് ജില്ലാ കോഡിനേറ്റർ രജീഷ്, വാർഡ് അംഗം ഷാജി വട്ടത്തറ, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സണ് ആമിന റുക്സാന, എൽഎസ്ജിഡി സീനിയർ സൂപ്രണ്ട് അശ്വിൻ, ആർജിഎസ്എ ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.കെ. പ്രവീണ, ആർജിഎസ്എ ജില്ലാ കമ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പേർട്ട് കെ. ആർ. ശരത്, ജില്ല പ്രോഗ്രാം മാനേജർ അനീഷ് ജോണ് ലോറൻസ്, ലൂയിസ് മൗണ്ട് സൈക്കോളജിസ്റ്റ് അൻവിൻ സോയി, സിസ്റ്റർ റോസ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കല്പ്പറ്റ: നിര്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന് ഗവ. കോണ്ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.പി. സണ്ണി, സെക്രട്ടറി ഒ.കെ. സക്കീര്, ട്രഷറര് വി.ജെ. ഷാജി, ആന്റണി താന്നിക്കല്, സാദിഖ് ബത്തേരി, പി.ബി. ഹരീഷ്, സെയ്തലവി പൊഴുതന എന്നിവര് വാര്ത്താസമ്മേളനത്തില് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗവ. കരാറുകാര് ഗുരുതര പ്രതിസന്ധിയിലാണ്. 9,000 കോടി രൂപയാണ് വിവിധ വകുപ്പുകളില്നിന്നു കാരാറുകാര്ക്ക് കിട്ടാനുള്ളത്.
നിര്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. ഒരു ബാരല് ടാറിന് 18,000 രൂപയാണ് നിലവില് വില. ഇറാനെതിരായ യുദ്ധം അമേരിക്കയും ഇസ്രയേലും ആരംഭിക്കുന്നതിനുമുമ്പ് ഇത് 6,000 രൂപയായിരുന്നു. ടാര് വില വ്യത്യാസം കരാറുകാര്ക്ക് ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉത്തരവായെങ്കിലും ഗ്രാമീണ റോഡുകള് കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയില്ല.
അതിനാല്ത്തന്നെ ഗ്രാമീണ റോഡുകളുടെ നിര്മാണം നിലച്ചിരിക്കയാണ്. റോഡ് ടാറിംഗ് ഏറ്റെടുക്കാന് കഴിയാത്ത സ്ഥിതിയാണ്. തദ്ദേശ വകുപ്പില് 2026-27 പദ്ധതി പ്രകാരം ടെന്ഡര് നടപടികള് ആരംഭിച്ച സാഹചര്യത്തില് ടാര് വില വിഷയത്തില് സര്ക്കാരിന്റെ അടിയന്തര ഇടപെടല് ഉണ്ടാകണം.
ഇതര ജില്ലകളില്നിന്നു എത്തിക്കുന്ന ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ വിലയും കൂലിച്ചെലവും വര്ധിച്ചിരിക്കയാണ്. എന്നിരിക്കേ 2021ലെ ഡിഎസ്ആര് (ഡിസ്ട്രിക്ട് ഷെഡ്യൂള് റേറ്റ്) പുതുക്കണമെന്നും അസോസിയേഷന് ഭാരവാഹികള് ആവശ്യപ്പെട്ടു.
District News
പുല്പ്പള്ളി: മേഖലയിലെ മുന്കാല വോളിബോള് താരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇന്ത്യന് താരം ടോം ജോസിനെ ആദരിച്ചു. പുല്പ്പള്ളി വൈഎംസിഎ ഹാളില് നടന്ന സംഗമത്തില് 50 ഓളം മുന് വോളിബോള് താരങ്ങള് പങ്കെടുത്തു. കല്പ്പറ്റ ഡിവൈഎസ്പി അഗസ്റ്റിന് സംഗമം ഉദ്ഘാടനം ചെയ്തു. ബേബി ചങ്ങാടക്കിരി അധ്യക്ഷത വഹിച്ചു. ജോണി പനച്ചിക്കല്, പി.എ. ഡീവന്സ്, വി.എന്. മോഹനന്, എ.കെ. മാത്യു എന്നിവര് പ്രസംഗിച്ചു.
District News
വാഴവറ്റ: ചെറുപ്പത്തിലേ കൃഷിയോട് സ്നേഹവും മണ്ണിനോടുള്ള കരുതലും വളർത്തുക എന്ന ലക്ഷ്യത്തോടെ വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് എഎൽപി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം വൈവിധ്യത്തിന്റെ വിസ്മയമാകുന്നു.
43 ഇനം പച്ചക്കറികൾ വിളയുന്ന തോട്ടം കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ കതിർ പദ്ധതിക്കും മാതൃകയാവുകയാണ്. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളിൽ 2026-2027 അധ്യയനവർഷത്തേക്കുള്ള കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് വേനൽക്കാല പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാന കാർഷിക വകുപ്പ് ആവിഷ്കരിച്ച കതിർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുൻപേ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൃഷിയിലൂടെ അറിവും അനുഭവവും പകർന്നുനൽകുന്നതിനൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന പുതുതലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചുവപ്പുചീര, പച്ചച്ചീര, കടുംചുവപ്പ് ചീര, അകത്തിച്ചീര, കാന്താരിമുളക്, കൊന്പൻമുളക്, കാപ്സികം, ബജിമുളക്, തക്കാളി, മല്ലിയില, ബ്രൊക്കോളി, കോളിഫ്ളവർ, ചുവന്ന കാബേജ്, വെള്ളക്കാബേജ്, മത്തൻ, വെണ്ട, മുള്ളങ്കി, ചൗചൗ, കോവൽ, വയലറ്റ് വഴുതന, പച്ച വഴുതന, ചുരക്ക, കുന്പളം, വെള്ളരി, ചേന്പ്, അമരപ്പയർ, പപ്പായ, ബീൻസ്, വള്ളിപ്പയർ, കുറ്റിപ്പയർ, ചതുരപ്പയർ, ചോളം, നിത്യവഴുതന, മുരിങ്ങ, കാരറ്റ്, പീച്ചിങ്ങ, കറിവേപ്പില തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് തോട്ടത്തിലുള്ളത്.
കുട്ടികൾക്ക് കൃഷിയുടെ പ്രായോഗിക പാഠങ്ങൾ പകർന്നുനൽകുന്ന ഈ സംരംഭത്തിന് സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കുന്നത്ത്, പ്രധാനാധ്യാപിക സിസ്റ്റർ ജിന്നി മേരി ജോസ്, അധ്യാപകരായ എം.ടി. ഷൈജു, എം. വിജിഷ, ആർഷ ആന്റോ, പി.ഡി. സൗമ്യ, പിടിഎ പ്രസിഡന്റ് ആദർശ, പിടിഎ അംഗങ്ങളായ ചന്ദ്രൻ, മിനി, ക്ലബ് കണ്വീനർമാരായ ഷിബിലി, ഹാനി എന്നിവരാണ് നേതൃത്വം നൽകുന്നു. സ്കൂളിലെ കതിർ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനായി സംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് പച്ചക്കറിത്തോട്ടം സന്ദർശിച്ചു. കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി ആവശ്യമായ പ്രോത്സാഹനവും പിന്തുണയും വാഗ്ദാനം ചെയ്തു.
District News
മാനന്തവാടി: പഞ്ചാരക്കൊല്ലി ജനവാസ മേഖലയില് കാട്ടുപോത്തിന് കൂട്ടമിറങ്ങി. തേയിലത്തോട്ടത്തില് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികള് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 10 ഓടെയാണ് ആറ് കാട്ടുപോത്തുകള് പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയില് എത്തിയത്. ജോലിയിലുണ്ടായിരുന്ന തൊഴിലാളികള് ഓടിമാറി.
പത്ത് ദിവസം മുമ്പ് ഈ പ്രദേശത്തുകൂടി പോകുകയായിരുന്ന സ്കൂള് ബസ് കാട്ടുപോത്ത് ആക്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് വനം വകുപ്പിന് നിരന്തരം പരാതി നല്കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര് ആരോപിച്ചു.വന്യമൃഗശല്യത്തില് പ്രതിഷേധിച്ച് ഉച്ചയ്ക്കുശേഷം നാട്ടുകാര് ബേഗൂര് റേഞ്ച് ഓഫിസിലെത്തി ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു.
തുടര്ന്ന് റേഞ്ച് ഓഫിസറുമായി നടത്തിയ ചര്ച്ചയില് ഇന്ന് ഡിഎഫ്ഒയുടെ സാന്നിധ്യത്തില് വീണ്ടും യോഗം ചേര്ന്ന് പരിഹാരം കാണാമെന്ന് ഉദ്യോഗസ്ഥര് ഉറപ്പുനല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര് പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചത്. ഇന്ന് നടക്കുന്ന അവസാനഘട്ട ചര്ച്ചയിലും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര് വ്യക്തമാക്കി.
District News
സുല്ത്താന് ബത്തേരി: ഐഎന്ടിയുസി റീജണല് കമ്മിറ്റിയുടെ നേതൃത്വത്തില് അവകാശ സംരക്ഷണ കണ്വന്ഷന് നടത്തി. കേന്ദ്രസര്ക്കാര് ലേബര് കോഡുകള് സൃഷ്ടിച്ച് തൊഴിലാളികളുടെ അവകാശങ്ങള് കവര്ന്നെടുക്കുന്നതില് പ്രതിഷേധിച്ചായിരുന്നു കണ്വന്ഷന്.
ഓട്ടോ ടാക്സി ചാര്ജ് വര്ധിപ്പിച്ച് തൊഴിലാളികള്ക്ക് ജീവിക്കാന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക, ഹരിതകര്മസേന തൊഴിലാളികള്ക്ക് സര്ക്കാര് ഓണറേറിയം നല്കുക, അങ്കണവാടി ജീവനക്കാരുടെ പെന്ഷന് കാലോചിതമായി വര്ധിപ്പിക്കുക, വിവിധ മേഖലകളില് തൊഴിലെടുക്കുന്ന ജീവനക്കാര്ക്ക് മാന്യമായി ജീവിക്കുന്നതിനുള്ള വേതനം സര്ക്കാര് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള് കണ്വന്ഷന് മുന്നോട്ടുവച്ചു.
ബത്തേരി ഇന്ദിരാഭവന് നടന്ന കണ്വന്ഷന് ഐ.സി. ബാലകൃഷ്ണന് എംഎല്എ ഉദ്ഘാടനം ചെയ്തു. റീജണല് പ്രസിഡന്റ് സി.എ. ഗോപി അധ്യക്ഷത വഹിച്ചു. ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. ഡി.പി. രാജശേഖരന്, ഉമ്മര് കുണ്ടാട്ടില്, സി.പി. വര്ഗീസ്, ജിജി അലക്സ്, സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്, മായ പ്രദീപ്, കെ.എം. വര്ഗീസ്, അസീസ് മാടാല, പി.എന്. ശിവന്, ജിനി തോമസ്, കെ.യു. മാനു, വി.പി. മൊയ്തീന്, മണി പാമ്പനാല്, മനോജ് ഉതുപ്പാന്, തുടങ്ങിയവര് പ്രസംഗിച്ചു.
District News
കല്പ്പറ്റ: സോഷ്യലിസ്റ്റ് സ്റ്റഡി സെന്റര് ഡോ. രാം മനോഹര് ലോഹ്യയുടെ 59-ാമത് ചരമവാര്ഷികദിനം ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു.
അനുസ്മരണ സമ്മേളനം വുഡ്ലാന്ഡ്സ് ഓഡിറ്റോറിയത്തില് (എം.പി. വീരേന്ദ്രകുമാര് നഗര്) സെന്റർ സംസ്ഥാന പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയത്തിലെ അനിവാര്യമായ സംഘര്ഷങ്ങളെല്ലാം മൂല്യങ്ങളുടെ മണ്ണില് വേരുറച്ചതായിരിക്കണമെന്ന് ലോഹ്യക്ക് നിര്ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വി.പി. വര്ക്കി അധ്യക്ഷത വഹിച്ചു. മുതിര്ന്ന സോഷ്യലിസ്റ്റ് വരദൂര് പദ്മയ്യ ഗൗഡറെ പൊന്നാട അണിയിച്ച് ആദരിച്ചു. മാടായി ലത്തീഫ്, വരദൂര് പത്മയ്യ ഗൗഡര്, ഷഫീര് റാവുത്തര്, ടി.സി. മുകുന്ദന്, വി. മഹേഷ്, കെ.എം. രാജു, കെ.ജി. രണരാജന്, കെ. മൊയ്തുട്ടി, ഷമീര് വൈത്തിരി എന്നിവര് പ്രസംഗിച്ചു.
District News
സുല്ത്താന് ബത്തേരി: വയനാട് റൗണ്ട് ടേബിള് 277ന്റെ നേതൃത്വത്തില് കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയുമായി സഹകരിച്ച് വയനാട് കിഡത്തോണ് നവംബര് 22ന് രാവിലെ എഴ്മുതല് സംഘടിപ്പിക്കുമെന്ന് റൗണ്ട് ടേബിള് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
കുട്ടികളില് ശാരീരിക ക്ഷമത, ഔട്ഡോര് ആക്ടിവിക്റ്റികള്, സമഗ്രമായ ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും അമിതമായ സ്ക്രീന് സമയത്തില് നിന്ന് മാറി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഡത്തോണ് 2026 സംഘടിപ്പിക്കുന്നത്.
അഞ്ച് മുതല് എട്ട് വയസുവരെയുമുള്ള കുട്ടികള്ക്ക് എണ്ണൂറ് മീറ്റര് ഓട്ടം, ഒമ്പത് മുതല് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്ക്ക് രണ്ട് കിലോമീറ്റര് മാരത്തോണ്, പതിമൂന്ന് മുതല് പതിനാറ് വരെപ്രായമുള്ള വിദ്യാര്ഥികള്ക്ക് നാല് കിലോമീറ്റര് ദൂരം മാരത്തോണ് എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ഒരുലക്ഷത്തി എണ്ണായിരം രൂപയുടെ സമ്മാനങ്ങള് വിതരണം ചെയ്യുന്ന കിഡത്തോണില് പങ്കെടുക്കുന്ന എല്ലാവര്ക്കും സര്ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കിഡത്തോണ്.
ഇന് എന്ന വെബ്സൈറ്റ് വഴി 28 വരെ രജിസ്റ്റര് ചെയ്യാമെന്നും ഭാരവാഹികള് അറിയിച്ചു. വാര്ത്താസമ്മേളനത്തില് റൗണ്ട് ടേബിള് ജില്ലാചെയര്മാന് ടിന്സ് തങ്കച്ചന്, സെക്രട്ടറി ഏലിയാസ് പോള്, ട്രഷറര് മാര്ട്ടിന് പൗലോസ്, കണ്വീനര്മാരായ അഖില് വര്ഗീസ്, വിപിന് പീറ്റര്, ടിന മാത്യു, സലീന രംഗന് എന്നിവര് പങ്കെടുത്തു.
District News
കൽപ്പറ്റ: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ മണ്ണ് പരിശോധന കാന്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.
17ന് രാവിലെ 10ന് ബത്തേരി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന "മണ്ണറിവ് 2026’ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി. അവറാൻ അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. സെമിനാറിൽ പങ്കെടുക്കുന്ന കർഷകരുടെ മണ്ണ് സാന്പിളുകൾ അന്നേദിവസം സൗജന്യമായി പരിശോധിച്ച് ഫലം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
District News
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബാണാസുര സാഗർ റിസർവോയറിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
പത്ത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മത്സ്യസന്പത്ത് വർധിപ്പിച്ച് മത്സ്യബന്ധനം ഉപജീവനമാർഗമാക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഹംസ, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കിരണ് ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വാർഡ് അംഗം തുടങ്ങിയവർ പങ്കെടുത്തു.
District News
തലപ്പുഴ: കെഎസ്എസ്പിയു തവിഞ്ഞാല് യൂണിറ്റ് കുടുംബസംഗമം യുപി സ്കൂള് ഹാളില് നടത്തി. ബ്ലോക്ക് സെക്രട്ടറി ഇബ്രാഹിം പള്ളിയാല് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോളി അധ്യക്ഷത വഹിച്ചു. സാംസ്കാരികവേദി ജില്ലാ കണ്വീനര് ജോര്ജ് മുഖ്യപ്രഭാഷണം നടത്തി.
District News
അനാസ്ഥയുടെ ഉദാഹരണമായി മാനാഞ്ചിറയിലെ അന്സാരി പാര്ക്ക്
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ ഹൃദയമാണ് മാനാഞ്ചിറയും തൊട്ടുചേര്ന്ന് സ്ഥിതി ചെയ്യുന്ന മാനാഞ്ചിറ പാര്ക്കും. എന്നാല്, കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് മാനാഞ്ചിറയിലെ അന്സാരി പാര്ക്ക്. കോഴിക്കോട് കോര്പറേഷന്റെ നേതൃത്വത്തില് നിര്മിക്കുകയും പരിപാലിക്കുകയും ചെയ്ത് വരുന്നതാണ് അന്സാരി പാര്ക്ക്. മാനാഞ്ചിറയിലെത്തുന്ന കുട്ടികള്ക്ക് സമയം ചെലവഴിക്കാനും കളിക്കാനുമായി തയാറാക്കിയതാണ് ഈ പാര്ക്ക്.
എന്നാല്, ഇന്ന് ഈ പാര്ക്കിന്റെ അവസ്ഥ കണ്ടാല് ആരും മൂക്കത്ത് വിരല് വച്ചുപോകും. ആര്ക്കോ വേണ്ടി നില കൊള്ളുന്നത് പോലെയാണ് പാര്ക്കിന്റെ നിലവിലെ അവസ്ഥ. കുട്ടികള്ക്ക് കളിക്കാനുള്ള സൗകര്യങ്ങളെല്ലാം നശിച്ച നിലയിലാണുള്ളത്. ഊഞ്ഞാല് പൊട്ടിവീണിട്ട് ആഴ്ചകളോളമായി. പൊട്ടി വീണ ഊഞ്ഞാല് എടുത്തുമാറ്റുകയോ മറ്റൊന്ന് പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല. മെറി ഗോ റൗണ്ടിലാകട്ടെ കുട്ടികള്ക്ക് ഇരിക്കാനുള്ള സീറ്റുകളെല്ലാം ഇളകിമാറിയ നിലയിലാണുള്ളത്.
പാർക്കാണ്, പക്ഷേ മൂക്കുപൊത്തി ഇരിക്കണം
കുട്ടികളും മുതിര്ന്നവരും പ്രായമായവരുമടക്കും നൂറുകണക്കിന് ആളുകള് ദിവസവും എത്തിച്ചേരുന്ന ഇടമാണ് മാനാഞ്ചിറ പാര്ക്ക്. എന്നാല്, പാര്ക്കിലെ മരത്തില്നിന്ന് വീഴുന്ന ഇലകളും ഓലകളും ഒടിഞ്ഞ മരക്കൊമ്പുകളുമെല്ലാം മാസങ്ങളോളമായി ഇവിടെ നിന്ന് നീക്കം ചെയ്യാതെ പാര്ക്കിനുള്ളില് കൂട്ടിയിട്ടിരിക്കുകയാണ്. കുട്ടികളുടെ പാര്ക്കിന് സമീപത്താണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇത് സുരക്ഷാ ആശങ്കയും ഉയര്ത്തുന്നുണ്ട്. രാഷ്ട്രീയ പാര്ട്ടികളുടെ ഫ്ളക്സ് ബോർഡുകളും പാര്ക്കിനുള്ളില് അലക്ഷ്യമായി തള്ളിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതര് ഇതൊന്നും കൃത്യമായി നീക്കം ചെയ്യുകയോ ആവശ്യമായ സുരക്ഷയൊരുക്കുകയോ ചെയ്യുന്നില്ല.
നഗരത്തിലെ വിവിധ ഇടങ്ങളില് നിന്ന് ശേഖരിച്ച മാലിന്യങ്ങള് ചാക്കിലാക്കി അന്സാരി പാര്ക്കിനുസമീപത്തായി കൂട്ടിയിട്ട നിലയിലാണുള്ളത്. ഇതിന് സമീപം മൂക്കുപൊത്തി ഇരിക്കേണ്ട അവസ്ഥയാണ് നിലവില് ജനത്തിന്.
"പുല്ല് പാര്ക്ക്'
കുട്ടികളുടെ പാര്ക്കും അതിനോട് ചേര്ന്ന ഇടവുമെല്ലാം നിറയെ പുല്ലുവളര്ന്ന് നില്ക്കുകയാണ്. ഇഴ ജന്തുക്കളും മറ്റും ഇതിനുള്ളില് പതിയിരിക്കാന് സാധ്യതയുണ്ടെന്ന് പാര്ക്കിലെത്തിയവര് പറയുന്നു. നഗരത്തിനുള്ളിലെ ഈ മനോഹരമായ ഇടം കൃത്യമായി പരിപാലിക്കണമെന്നും ഇവിടെ എത്തുന്നവര്ക്ക് വേണ്ട സൗകര്യം ഒരുക്കണമെന്നും അവര് കൂട്ടിച്ചേര്ത്തു. പാര്ക്കിനുള്ളിലെ ഓപ്പണ് സ്റ്റേജാകട്ടെ പരിചരണം ലഭിക്കാതെ നാശത്തിന്റെ വക്കിലാണുള്ളത്.
തകര്ന്ന് ഓപ്പണ് ജിമ്മും
ഒട്ടേറെയാളുകള് വ്യായാമം ചെയ്യുന്നതിനായി മാനാഞ്ചിറ മൈതാനത്തെ ഓപ്പണ് ജിമ്മില് എത്താറുണ്ട്. ജിമ്മിലെ ഉപകരണങ്ങളില് ചിലത് കാലപ്പഴക്കം മൂലം നശിച്ച നിലയിലാണുള്ളത്. ജിമ്മിനോട് ചേര്ന്ന് ഒരു മരത്തിന് ചുറ്റും തീര്ത്ത കല്ക്കെട്ട് പൂര്ണമായും തകര്ന്ന നിലയിലാണുള്ളത്.
District News
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിലുള്ള ജില്ലാ ഇന്ക്ലുസീവ് കായികമേള 15, 17 തീയതികളില് നടക്കും. 14ന് വൈകുന്നേരം മൂന്നിന് മേപ്പയ്യൂര് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളില് നടക്കുന്ന വിളംബര ജാഥയോട് കൂടി ഇന്ക്ലുസീവ് സ്പോര്ട്സിന് തുടക്കം കുറിക്കും.
15ന് രാവിലെ ഒമ്പതിന് കുട്ടികളുടെ മാര്ച്ച് പാസ്റ്റും ദീപശിഖാ പ്രയാണവും ഉണ്ടാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര് എരവത്ത് ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂര് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് അത്ലറ്റിക്സ് ഇനങ്ങളായ 4x100 മീറ്റര് റിലേ, 100 മീറ്റര് ഓട്ടം, മിക്സഡ് സ്റ്റാന്ഡിംഗ് ലോംഗ് ജംപ്, മിക്സഡ് സ്റ്റാന്ഡിംഗ് ബോള്ത്രോ എന്നീ ഇനങ്ങള് നടക്കും.
17ന് കോഴിക്കോട് ഫിസിക്കല് എഡ്യുക്കേഷന് ഗ്രൗണ്ടിലാണ് ഗെയിംസ് മത്സരങ്ങള്. എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യും.
ഫുട്ബോള്, ക്രിക്കറ്റ്, മിക്സഡ് ബാഡ്മിന്റണ് എന്നിവയും പെണ്കുട്ടികള്ക്ക് മാത്രമായി ബോചെ, ഹാന്ഡ്ബാള് എന്നിവയും നടക്കും. എല്ലാ മത്സരവിഭാഗത്തിലും ഭിന്നശേഷി മേഖലയിലെ വിവിധ വിഭാഗം കുട്ടികളും ഒപ്പം ജനറല് കുട്ടികളും ഉണ്ടാകുമെന്നതാണ് ഇന്ക്ലുസീവ് സ്പോര്ട്സിന്റെ പ്രത്യേകത.
എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്ഡിനേറ്റര് ഡോ. നിസാര് ചേലേരി, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫിസര് ഷമീം അഹമ്മദ്, സ്വാഗതസംഘം ഭാരവാഹികളായ ഷബീര് ജന്നത്ത്, പി. സിക്കന്തര്, നിഷാദ് പൊന്നങ്കണ്ടി, ഷമീം അഹമ്മദ്, അഷ്റഫ് ഇരിങ്ങത്ത് തുടങ്ങിയവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
District News
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് കോഴിക്കോട് മെഡിക്കല് കോളജ് പൊലിസ് സ്റ്റേഷന് പരിധിയില്നിന്നും വില്പ്പനയ്ക്കായി സൂക്ഷിച്ച 08.02 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പെരുമണ്ണ സ്വദേശി മറക്കാടിപ്പൊറ്റ വീട്ടില് കെ.കെ. ജംഷീറിനെ(34) സിറ്റി നാര്കോട്ടിക് സെല് അസി. കമ്മിഷണര് ജീവന് ജോര്ജിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫും മെഡിക്കല് കോളജ് പൊലിസും ചേര്ന്ന് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി കുറ്റിക്കാട്ടൂരിലായിരുന്നു മയക്കുമരുന്നു വേട്ട. സ്കൂട്ടറില് വരികയായിരുന്ന പ്രതി പൊലിസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന് ശ്രമിച്ചു.
തുടർന്ന് പൊലിസ് പിന്തുടര്ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ജംഷീറിന്റെ പക്കല് നിന്നും വിപണിയില് ഏകദേശം 35000 രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. മയക്കുമരുന്ന് മൊത്തവില്പ്പനക്കാരില് നിന്ന് ചെറിയ അളവില് മയക്കുമരുന്ന് വാങ്ങിച്ച് കുറ്റിക്കാട്ടൂര്, പൂവാട്ടുപറമ്പ്, പെരുമണ്ണ ഭാഗങ്ങളില് വില്പ്പന നടത്തുന്നവരില് പ്രധാനിയാണ് ജംഷീറെന്ന് പൊലിസ് പറഞ്ഞു.
മെഡിക്കല് കോളജ് പൊലിസ് സബ് ഇന്സ്പെക്ടര് അതുല് വസന്ത്, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് ശ്രീകുമാര്, ഹോം ഗാര്ഡ് ഉണ്ണികൃഷ്ണന്, കോഴിക്കോട് സിറ്റി ഡാന്സാഫ് സബ് ഇന്സ്പെക്ടര് മനോജ് ഇടയടത്ത്, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് അഖിലേഷ്, സിവില് പൊലിസ് ഓഫിസര്മാരായ സുനോജ്, ലതീഷ്, സരുണ്, ശ്രീശാന്ത്, തൗഫീഖ്, അഭിജിത്ത്, ദിനീഷ് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
District News
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് വാർഡിൽ പുഴംപാലി കാർത്ത്യായനിയുടെ കൃഷിയിടത്തിലെ കൃഷി നശിപ്പിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു.ഏകദേശം അറുപത് കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടിയാണ് വെടിവച്ച് കൊന്നത്.
പഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസ കമ്മിറ്റി ചെയർമാൻ സുഫീറ, മുൻ പഞ്ചായത്ത് മെംബർ അഷറഫ് പൂലോട്, കെ.വി. സെബാസ്റ്റ്യൻ, ബേബി സാനി എന്നിവരുടെ സാന്നിധ്യത്തില് കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു.
District News
പിഎം റാഹത്ത് പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്: റോഡപകടങ്ങളില്പ്പെടുന്നവര്ക്ക് സമയബന്ധിതമായി അടിയന്തര ചികിത്സയും ആശുപത്രി പരിചരണവും ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി പിഎം റാഹത്ത് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതി ജില്ലയിലെ മുഴുവന് സര്ക്കാര്,സ്വകാര്യ ആശുപത്രികള് മുഖേനയും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം ഒരുക്കിയത്.
പദ്ധതി പ്രകാരം റോഡപകടങ്ങളില്പ്പെടുന്നവര്ക്ക് അപകടം നടന്ന തീയതി മുതല് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം വരെ പൂര്ണമായും പണരഹിതമായി ചികിത്സ ലഭിക്കും. അപകടം നടന്ന ആദ്യ മണിക്കൂറിനുള്ളില് (ഗോള്ഡന് അവര് ) മുന്കൂറായി പണം അടയ്ക്കാതെ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കി മരണനിരക്ക് കുറയ്ക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള് ഒഴിവാക്കാനും സാധിക്കും. ദേശീയപാതകള്, സംസ്ഥാനപാതകള്, ജില്ലാ-ഗ്രാമീണ റോഡുകള് എന്നിവയുള്പ്പെടെ എല്ലാത്തരം റോഡുകളിലുമുണ്ടാകുന്ന മോട്ടോര് വാഹന അപകടങ്ങള്ക്ക് പദ്ധതി ബാധകമാണ്.
വ്യക്തിയുടെ തിരിച്ചറിയല് വിവരങ്ങള് ലഭ്യമല്ലെങ്കിലും ആദ്യ 24 മണിക്കൂറിനുള്ളില് പദ്ധതിയില് ഉള്പ്പെടുത്താം. വാഹനം തിരിച്ചറിഞ്ഞാല് ഇന്ഷ്വറന്സ് കൗണ്സില് വഴിയും വാഹനം തിരിച്ചറിയാന് കഴിയാത്ത സാഹചര്യത്തില് ജില്ലാ കളക്ടറുടെ അക്കൗണ്ടില്നിന്നുമാണ് ചികിത്സാ ചെലവിനുള്ള തുക അനുവദിക്കുന്നത്.
District News
കോഴിക്കോട്: സെന്സസ് 2027-ന്റെ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെന്സസ് ഉദ്യോഗസ്ഥര്ക്കുള്ള ജില്ലാതല പരിശീലന പരിപാടിക്ക് കോഴിക്കോട് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് തുടക്കമായി. പ്രിന്സിപ്പല് സെന്സസ് ഓഫിസര് കൂടിയായ ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 15 വരെ രണ്ട് ബാച്ചുകളിലായാണ് ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
സെന്സസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായ വി. വിഭ, അജിലി വാസുദേവന് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്. ജില്ലയിലെ സെന്സസ് പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ആകെ 60 ഉദ്യോഗസ്ഥരാണ് പരിശീലന പരിപാടിയില് പങ്കെടുക്കുന്നത്. ആദ്യഘട്ട സെന്സസ് വിജയകരമായി പൂര്ത്തീകരിച്ച ഉദ്യോഗസ്ഥരെ ചടങ്ങില് ആദരിച്ചു.രാജ്യത്തെ ആദ്യ ഡിജിറ്റല് സെന്സസിന്റെ ഭാഗമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ജനുവരി-ഫെബ്രുവരി മാസങ്ങളില് നടക്കും.
District News
കോഴിക്കോട്: നവോത്ഥാന ചിന്തകനും സാമൂഹിക പരിഷ്കര്ത്താവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനുമായ സര് സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണാര്ഥം നല്കി വരുന്ന സര് സയ്യിദ് പുരസ്കാരം പ്രവാസി എഴുത്തുകാരനും സാമൂഹിക, സാംസ്കാരിക പ്രവര്ത്തകനുമായ ഉസ്മാന് ഒഞ്ചിയത്തിന്. 25,000 രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. സര് സയ്യിദ് അഹമ്മദ് ഖാന്റെ 209-ാം ജന്മദിനത്തോട് അനുബന്ധിച്ച് 15ന് വൈകുന്നേരം നാലിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്വച്ച് നടക്കുന്ന ചടങ്ങില് എം.പി. അബ്ദുസമദ് സമദാനി എംപി പുരസ്കാരം സമര്പ്പിക്കുമെന്ന് സംഘാടകര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
സര് സയ്യിദ് മെമ്മോറിയല് ഫൗണ്ടേഷന് ചെയര്മാന് പ്രഫ. മുഹമ്മദ് ഹസന് ചടങ്ങില് അധ്യക്ഷത വഹിക്കും. വാര്ത്താസമ്മേളനത്തില് പ്രഫ. മുഹമ്മദ് ഹസന്, ആറ്റക്കോയ പള്ളിക്കണ്ടി, ഡോ. ഇ.കെ. ഗോവിന്ദവര്മരാജ, പി.ടി. നിസാര് എന്നിവര് പങ്കെടുത്തു.
District News
സർവീസ് ഇന്നുമുതല് ആരംഭിക്കും
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ പുതിയ കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് ഇന്നു മുതൽ ആരംഭിക്കുമെന്ന് സി.കെ. കാസിം എംഎൽഎ അറിയിച്ചു. കൊടിയത്തൂർ, ചെറുവാടി, മാവൂർ വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കും മണാശേരി എംഎഎംഒ കോളജ് വഴി കോഴിക്കോട്ടേക്കുമാണ് സർവീസ്. ചെറുവാടി, കൊടിയത്തൂർ, മുക്കം വഴി കോഴിക്കോട്ടേക്ക് നേരത്തെ കെഎസ്ആർടിസി സർവീസ് ഉണ്ടായിരുന്നു. അടുത്തകാലത്ത് ഈ സർവീസുകൾ പൂർണമായും നിർത്തിയിരുന്നു.
ഇത് നിത്യയാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ സർവീസുകൾ അനുവദിച്ചത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ പ്രയോജനം മലയോര മേഖലയിലുള്ളവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
District News
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. അവാർഡ് ജേതാക്കളെയും പ്രതിഭകളെയും ആദരിക്കൽ, വനിതാവേദി-സാംസ്കാരികവേദി സംഗമം, കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടന്നു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജയിംസ് ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു.
മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജെയിംസ് ജോഷി, രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ എ.എസ്. അഞ്ജന, മികച്ച സംരംഭക ദമ്പതികളായ പി.ടി. ഷാജു-ബീന ഷാജു, പൂക്കളമത്സരത്തിൽ യൂണിറ്റ്, ബ്ലോക്ക് തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എം. രത്നകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.വനിതാവേദി കൺവീനർ ആനി സഖറിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.എസ്. അഞ്ജന, ട്രഷറർ എം.എം. ജോസഫ്, വൈസ് പ്രസിഡന്റ് എം.ജെ. ജെയിംസ്, ജില്ലാ കമ്മിറ്റി അംഗം ജോസ് മാത്യു, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ടി. സദാനന്ദൻ, സാംസ്കാരികവേദി കൺവീനർ എം.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി. മലയോര ഹൈവേയിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ കമ്മിഷന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധ നൈറ്റ് മാർച്ച് ആർജെഡി ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളഞ്ഞുങ്കൽ, ജില്ലാ കമ്മിറ്റി അംഗം പി. അബ്ദുറഹിമാൻ, മുഹമ്മദ്കുട്ടി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
District News
ചെറുവണ്ണൂര്: തിരുഹൃദയ ഇടവകയിലെ അല്മായ സമിതിയുടെ നേതൃത്വത്തില് മതബോധന വിദ്യാര്ഥികളുടെ വ്യക്തിത്വ വികസനത്തിനായി സെമിനാര് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പില് ഉദ്ഘാടനം ചെയ്തു. അല്മായ സമിതി കോ- ഓര്ഡിനേറ്റര് രൂപാ മാനുവല് അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. ബിബിന് ബെന്നറ്റ്, പാരിഷ് കൗണ്സില് സെക്രട്ടറി ലൈജു ഇഗ്നേഷ്യസ്, മതബോധന പ്രധാനാധ്യാപകന് സനീഷ് ജോണ്, അല്മായ സമിതി സെക്രട്ടറി തോമസ് തോപ്പില് എന്നിവര് പ്രസംഗിച്ചു. അല്മായ സമിതി ആനിമേറ്റര് സിസ്റ്റര് ഡെയ്സി തോമസിന്റെ നേതൃത്വത്തില് സിസ്റ്റര് ജിസ്ന, സിസ്റ്റര് മോന്സി, സിസ്റ്റര് സിജി എന്നിവര് ക്ലാസുകള് നയിച്ചു.
District News
സംസ്ഥാന സര്ക്കാരിനെതിരേ പശ്ചിമഘട്ട ജനസംരക്ഷണ സമിതി
കോഴിക്കോട്: ജനവാസമേഖല ഒഴിവാക്കിയെന്നു പറഞ്ഞ് സംസ്ഥാന സര്ക്കാര് പ്രസിദ്ധീകരിച്ച പുതിയ ഇഎസ്എ മാപ്പിനെതിരേയും കടുത്ത ആരോപണങ്ങളുമായി കര്ഷക സംഘടനകള്. ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്കു മാറിയതിനൊപ്പം മന്തിന്റെ വലുപ്പം കൂടുകയും ചെയ്തുവെന്നതടക്കമുള്ള ഗുരുതുരമായ ആരോപണങ്ങളാണ് ഉയരുന്നത്. ചെരുപ്പിന് അനുസിച്ച് കാലുമുറിക്കുകയാണ് സര്ക്കാര് ചെയ്തതെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കള് ചൂണ്ടിക്കാട്ടി. പുതിയ മാപ്പില് അവ്യക്തതകളുണ്ടെന്ന് കിഫ സംസ്ഥാന ചെയര്മാന് അലക്സ് ഒഴുകയിലും പ്രതികരിച്ചു.
ഇഎസ്എ പ്രദേശങ്ങളുടെ കൃത്യമായ മാപ്പ് തയാറാക്കി ഏരിയ നിര്ണയിക്കുന്നതിന് പകരം ഏരിയ മുന്കൂട്ടി നിര്ണയിച്ച് അതിന് തക്കവിധത്തിലുള്ള മാപ്പ് തയാറാക്കലാണ് ഇപ്പോള് നടന്നിരിക്കുന്നതെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറല് കണ്വീനര് ഡോ. ചാക്കോ കാളംപറമ്പില് ചൂണ്ടിക്കാട്ടി. കേരളത്തിലെ 98 വില്ലേജുകളിലെ വനവിസ്തൃതി തെറ്റായി ഇഎസ്എ റിപ്പോര്ട്ടില് സമര്പ്പിക്കപ്പെട്ടതിലൂടെ സംഭവിച്ച പാളിച്ച ഇപ്പോള് തയാറാക്കിയ മാപ്പിലും ആവര്ത്തിക്കപ്പെടുകയാണ്. സര്ക്കാര് ഇപ്പോള് പുറത്തുവിട്ടിരിക്കുന്ന മാപ്പ് എല്ലാ അര്ഥത്തിലും ജനങ്ങളെ കബളിപ്പിക്കുന്ന വിധത്തിലാണ്.
ഇപ്പോഴത്തെ മാപ്പിലും വില്ലേജുകള് തിരിച്ചുള്ള വനത്തിന്റെ കണക്കില്ല. വില്ലേജുകള് തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പ് ഉപയോഗിച്ച് വില്ലേജുകളില് തങ്ങളുടെ ഭൂമി ഇഎസ്ഐയില് പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുവാന് ജനങ്ങള്ക്ക് നിര്വാഹമില്ല. ജിഐഎസ് മാപ്പ് ഗൂഗിള് മാപ്പുമായി ലിങ്ക് ചെയ്തിട്ടില്ല. മാപ്പില് യാതൊരുവിധ ലാന്ഡ്മാര്ക്കുകളും രേഖപ്പെടുത്തിയിട്ടില്ല. സാധാരണക്കാരന് പരിശോധിക്കാന് പറ്റിയ ഒരു ഫോര്മാറ്റില് അല്ല സര്ക്കാര് മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഡോ. ചാക്കോ കാളംപറമ്പില് ചൂണ്ടിക്കാട്ടി.
മുമ്പ് സമര്പ്പിക്കപ്പെട്ട റിപ്പോര്ട്ടുകളില്നിന്ന് വ്യത്യസ്തമായി നിലവിലുള്ള വനത്തെക്കാള് കൂടിയ അളവിലാണ് ഇപ്പോഴത്തെ മാപ്പില് വനവിസ്തൃതി കാണിച്ചിരിക്കുന്നത്. 25ലധികം വില്ലേജുകളില് ഈ അവസ്ഥയുണ്ട്. കോടഞ്ചേരിയില് സംസ്ഥാന സര്ക്കാരിന്റെ 2014ലെയും 2018ലെയും മുന് രേഖകളനുസരിച്ച് ഒമ്പത് ചതുരശ്ര കിലോമീറ്റര് വനം എന്നുള്ളത് പുതിയ റിപ്പോര്ട്ടില് 14.73 ചതുരശ്ര കിലോമീറ്ററായി വര്ധിപ്പിച്ചാണ് കാണിച്ചിരിക്കുന്നത്. ജില്ലയിലെ തിനൂരില് 3.57 ചതുരശ്ര കിലോമീറ്റര് വനഭൂമി 10.63 ചതുരശ്രകിലോമീറ്ററായി വര്ധിപ്പിച്ചാണ് പുതിയ മാപ്പില് കാണിച്ചിരിക്കുന്നത്.
അതുവഴി ഭാവിയില് കൂടുതല് കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും വനമാക്കി മാറ്റാനുള്ള നീക്കത്തിന് വഴിതെളിക്കുമെന്ന് ഡോ. ചാക്കോ കാളംപറമ്പില് അഭിപ്രായപ്പെട്ടു.
സര്ക്കാരിന്റെ ജനദ്രോഹപരമായ നടപടിക്കെതിരേ പശ്ചിമഘട്ട ജനസംരക്ഷണ സമിതി സമാനമായ മറ്റ് ജനകീയ കര്ഷക സംഘടനകളുമായി ചേര്ന്ന് ശക്തമായ പ്രതിഷേധസമരങ്ങളിലേക്ക് നീങ്ങുമെന്ന് സമിതി നേതാക്കള് അറിയിച്ചു. യോഗത്തില് സമിതി ചെയര്മാന് മോണ്. ഏബ്രഹാം വയലില്, ട്രഷറര് ടെന്നിസണ് ചാത്തംകണ്ടത്തില്, സംസ്ഥാന ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, ഷിനോയി അടയ്ക്കാപാറ തുടങ്ങിയവരും സംസാരിച്ചു.
മാപ്പിൽ ഒന്നും വ്യക്തമല്ല
ജിഐഎസ് മാപ്പ് മൊബൈല് ഫോണ് ഉപയോഗിച്ചുപോലും ചെക്ക് ചെയ്യാന് കഴിയില്ല. മാപ്പ് പരിശോധിക്കുമ്പോള് വിശദാംശങ്ങള് ഉടനെ വരാന് പോകുന്നുവെന്ന് മാത്രമാണ് എഴുതിക്കാണിക്കുന്നത്. സ്ഥലത്തിന്റെ പേര്, സ്ഥാപനങ്ങളുടെ പേര്, സര്വേ നമ്പര്, മറ്റെന്തെങ്കിലും മാനദണ്ഡങ്ങള് എന്നിവ ഉപയോഗിച്ച് പരിശോധിക്കാന് കഴിയാത്ത വിധത്തിലാണ് മാപ്പ് തയാറാക്കിയിരിക്കുന്നത്. ലാന്ഡ് മാര്ക്കുകള് ഉപയോഗിച്ച് ഓരോ വില്ലേജുകളിലെയും ഇഎസ്എ പ്രദേശങ്ങളുടെ അതിര്ത്തി പരിശോധിക്കാന് കഴിയുന്നില്ല.
വിദഗ്ധര്ക്കു പോലും മനസിലാക്കാന് സാധിക്കാത്ത വിധത്തില് ജില്ലയുടെ മൊത്തം മാപ്പാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഗൂഗിള് മാപ്പുമായി ജിഐഎസ് മാപ്പ് ലിങ്ക് ചെയ്തിരുന്നുവെങ്കില് അതിര്ത്തികള് ഏറെക്കുറെ വ്യക്തമാകുമായിരുന്നു.
District News
കൂരാച്ചുണ്ട്: കാട്ടാനക്ക് പിന്നാലെ കാട്ടുപന്നിയുടെ അതിക്രമത്തിൽ ഓട്ടപ്പാലം മേഖലയിലെ കർഷകർക്ക് വീണ്ടും കൃഷിനാശം. കൂരാച്ചുണ്ട് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട ഓട്ടപ്പാലത്തെ കർഷകൻ എഴുതുകണ്ടി എ.സി. രാമകൃഷ്ണന്റെ കപ്പകൃഷിയും അതിനോടനുബന്ധിച്ച് നട്ടുപരിപാലിച്ച ചോള കൃഷിയുമാണ് കാട്ടുപന്നികൾ കഴിഞ്ഞ രാത്രിയിൽ തകർത്തത്. വൻതുക ചെലവഴിച്ച് കൃഷി സംരക്ഷിക്കാൻ വേലി നിർമിച്ചിട്ടുള്ള സ്ഥലത്തെ കപ്പ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിക്കുന്നത്. നാല്പതോളം ചുവട് കപ്പ നശിപ്പിച്ചു.
ഇതിന് സമീപമുള്ള കർഷകൻ പൂവത്തിങ്കൽ സാബുവിന്റെ കപ്പകൃഷിയും വാഴകൃഷിയും കാട്ടുപന്നികൾ തകർത്തു. മാസങ്ങൾക്ക് മുമ്പ് കൂരാച്ചുണ്ട് പഞ്ചായത്തിൽ എംപാനൽ ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നികളെ കൊന്നൊടുക്കിയിരുന്നു. എന്നാൽ നീണ്ട ഇടവേള കഴിഞ്ഞതോടെ കാട്ടുപന്നികൾ പെറ്റു പെരുകിയിട്ടുണ്ട്.
പഞ്ചായത്തിൽ കാട്ടുപന്നി വേട്ട നടത്തണമെന്ന് കർഷകര് ആവശ്യമുയർത്തുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. തോക്കിന് ലൈസൻസുള്ള ഷൂട്ടർമാർ അതാതു വില്ലേജ് പരിധിക്ക് പുറത്ത് വേട്ടയിൽ പങ്കെടുക്കാൻ പാടില്ലെന്ന നിർദേശമുണ്ടെന്നാണ് കർഷകർ പറയുന്നത്. ഈ വിഷയം പന്നിവേട്ടയുടെ കാര്യത്തിൽ പ്രതിസന്ധിക്ക് കാരണമാകുമോയെന്ന ആശങ്ക കർഷകരിലുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടുപന്നികളെ കൊന്നൊടുക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
District News
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ബസുകളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരവും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് സ്റ്റാൻഡിലുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച നിയന്ത്രണംവിട്ട സ്വകാര്യബസ് യാത്രക്കാരുടെ ഇരിപ്പിടത്തിലേക്ക് പാഞ്ഞുകയറിയതാണ് ഒടുവിലത്തെ സംഭവം.
ബസ് കാത്തിരിക്കുകയായിരുന്ന രണ്ട് സ്ത്രീകൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു. വലിയ പരിക്കുകളില്ലാതെ ഇവർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. ബസ് ഇടിച്ചുകയറിയതിനെത്തുടർന്ന് ഇരിപ്പിടം ഭാഗികമായി തകർന്നു. ഇതിന് ദിവസങ്ങള് മുന്പ് കെഎസ്ആർടിസി ബസിന്റെ മുൻചക്രം കയറി പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അന്നുതന്നെ നടന്നുപോകുകയായിരുന്ന മറ്റൊരു സ്ത്രീയെയും സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. ബസുകൾ പാർക്ക് ചെയ്യുകയും യാത്രക്കാർ കാത്തുനിൽക്കുകയും ചെയ്യുന്ന സ്റ്റാൻഡിൽ സുരക്ഷാ ഭിത്തികളോ കോൺക്രീറ്റ് തൂണുകളോ സംരക്ഷണവേലികളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. സ്വകാര്യ ബസുകൾ 15 മിനിറ്റിലധികം സ്റ്റാൻഡിൽ പാർക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും നിർദേശം പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്.
District News
പേരാമ്പ്ര: ചെമ്പ്ര, ചക്കിട്ടപാറ ടൗണുകളിൽ 360 മീറ്റർ ദൂര ഭാഗത്ത് ഒരുവർഷം മുമ്പ് മുടങ്ങിയ മലയോര ഹൈവേ നിർമാണത്തിന് തീർപ്പ് ഉണ്ടാകുമോയെന്ന് നാളെ അറിയാം. റോഡിന്റെ വീതി നിർണയിച്ചതിൽ അപാകത ഉന്നയിച്ച് ഒരു ഡസനോളം പേർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
തർക്കമുള്ളിടത്ത് റോഡിന്റെ വീതി കൃത്യമായ സ്കെച്ച് മാപ്പിന്റെ അടിസ്ഥാനത്തിൽ സർക്കാർ സർവെയർ അളക്കണമെന്ന ആവശ്യമാണ് ഇവര് ഉന്നയിക്കുന്നത്. ഇത് നാളെ നടത്തുമെന്ന് കൊയിലാണ്ടി തഹസിൽദാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കാര്യങ്ങൾ നിരത്തി റോഡിന്റെ വീതി നിർണയം നടക്കാതിരിക്കാൻ തുടക്കം മുതൽ ചിലര് തടസമുണ്ടാക്കിയിരുന്നു. കേസിന് പോയവർക്കും പരാതി ഉന്നയിച്ചവർക്കും എതിരേ ഭീഷണിയും ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേയും ആക്ഷേപമുയര്ന്നു. പല കച്ചവടക്കാരും നീണ്ടകാലം ക്ലേശങ്ങളനുഭവിച്ചു. പൊടിയും ചെളിയും സഞ്ചാരികളെ വലച്ചു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല വിധത്തിലുള്ള സമരങ്ങളും അരങ്ങേറിയിരുന്നു. പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയയും ചക്കിട്ടപാറ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയും സൗമ്യമായി ഇടപെട്ടതോടെ പ്രശ്നം തീരാൻ വഴി ഒരുങ്ങുകയായിരുന്നു. ഇതനുസരിച്ചാണ് റോഡ് അളക്കാൻ തീരുമാനമായത്. പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര മലയോര ഹൈവേ 5.5 കിലോമീറ്ററാണ്.
District News
കൊയിലാണ്ടി: ഗ്യാനേഷ്കുമാറിനെതിരേ ഡല്ഹിയില് സമരം ചെയ്യാൻ പോകുകയായിരുന്ന ആർജെഡി പ്രവർത്തകർക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പിനൊടുവിൽ സ്റ്റേഷൻ മാസ്റ്ററും മുൻ മന്ത്രി കെ.പി. മോഹനനും തമ്മിൽ വാക്കുതർക്കം. ഇന്നലെ വൈകുന്നേരമാണ് സംഭവം. അനുമതിയില്ലാതെ മുദ്രാവാക്യം വിളിച്ചതിനെ സ്റ്റേഷൻ മാസ്റ്റർ മനോജ് ചോദ്യം ചെയ്തിരുന്നു. ഇതാണ് തര്ക്കത്തിനിടയാക്കിയത്. സ്റ്റേഷൻ മാസ്റ്റർ സംഭവം റെയിൽവേ അധികാരികളെ അറിയിച്ചു.
District News
യാത്ര ദുഷ്കരമായ റോഡിൽ ഒരു മാസത്തിനിടെ നടന്നത് നാല് അപകടങ്ങൾ
മുക്കം: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്ന് തരിപ്പണമായി മാസങ്ങളായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാതെ അധികൃതർ. കൊടിയത്തൂർ പഞ്ചായത്തിലെ പത്താം വാർഡിൽപെട്ട അരിയങ്ങോട്ടുചാൽ-ഉണിക്കോരൻകുന്ന് റോഡാണ് കാൽനടയാത്ര പോലും അസാധ്യമായി തകർന്ന് കിടക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം മുൻ മെംബർ രതീഷ് കളക്കുടിക്കുന്ന്, നിലവിലെ മെംബർ സിസിന പ്രവീൺലാൽ എന്നിവര് രണ്ട് ലക്ഷം രൂപവീതം റീ ടാറിംഗിനായി അനുവദിച്ചിരുന്നു. ടെന്ഡര് നടപടികൾ പൂർത്തിയാക്കിയെങ്കിലും മഴയുടെ പേര് പറഞ്ഞ് കരാറുകാരൻ ഇതുവരെ പ്രവൃത്തിയാരംഭിച്ചിട്ടില്ല.
റോഡിന്റെ അവസ്ഥ കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നാല് വാഹനാപകടങ്ങളാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ് പലരും ചികിത്സയിലാണ്. കുത്തനെയുള്ള കയറ്റത്തിൽ വാഹനം മറിയുമ്പോൾ ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണിവിടെ. വീട്ടിലേക്ക് സാധനങ്ങളുമായെത്തുന്നവർ അപകട ഭയം മൂലം താഴെ വാഹനംവച്ച് നടന്ന് പോകുകയാണ് ചെയ്യുന്നത്.
District News
കൂരാച്ചുണ്ട്: നമ്പികുളം മലനിരകൾക്ക് സമീപമുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രമായ "കുളിർമല'യിലേക്ക് ഓഫ്റോഡേഴ്സിന്റെ നേതൃത്വത്തിൽ ഫൺഡ്രൈവ് സംഘടിപ്പിച്ചു.
കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ഫ്ലാഗ് ഓഫ് ചെയ്തു. പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും സാഹസിക വിനോദ സഞ്ചാര സാധ്യതകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക, ഓഫ്റോഡ് വാഹനങ്ങളുടെ സാങ്കേതിക മികവും ഡ്രൈവർമാരുടെ സാഹസിക ഡ്രൈവിംഗ് വൈദഗ്ധ്യവും പ്രദർശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രകൃതിസൗന്ദര്യവും സാഹസികതയും സമന്വയിപ്പിക്കുന്ന ഇത്തരം പരിപാടികൾ മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ സാധ്യതകൾ തുറക്കുമെന്ന് സംഘാടകർ പറഞ്ഞു. കുളിർമല വികസന സമിതി കൺവീനർ ലിഞ്ജു എസ്തഫാൻ, ഓഫ്റോഡേഴ്സ് ഭാരവാഹികളായ ജിയോ മെൽവിൻ, സുഹാസ്, ജിന്റൊ സി. തോമസ് എന്നിവർ നേതൃത്വം നൽകി.
District News
പെരുവണ്ണാമൂഴി: കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മുതുകാട് ചെങ്കോട്ടക്കൊല്ലി കോളനിയിൽ താമസിക്കുന്ന പൂക്കോട്ടുചാലിൽ ബബിൻലാലിനാണ് (28) പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി എട്ടിന് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊല്ലി റോഡിലെ പാഴുകുന്നേൽ പടിയിൽ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാലിനും കൈക്കും നെഞ്ചിനും പരിക്കേറ്റ ബബിൻലാലിനെ പ്രദേശവാസികൾ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വന്യമൃഗങ്ങളുടെ ശല്യം സ്ഥിരമായി നേരിടുന്ന പാതയാണിത്.
ചക്കിട്ടപാറ പഞ്ചായത്തിൽപെട്ട ഈ റോഡിൽ തെരുവ് വിളക്കുകളില്ല. ഈ റൂട്ടിൽ മുന്പ് പള്ളിത്തോട്ടത്തിൽ അസീസിനെ കാട്ടുപന്നി ആക്രമിച്ച സംഭവവും കണ്ടാപ്പള്ളി കരോട്ട് അജുവിനെ കാട്ടുപോത്ത് ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടെ ലക്ഷങ്ങൾ വകയിരുത്തി പെരുവണ്ണാമൂഴി വനപാലകർ സോളാർ തൂക്കുവേലി സ്ഥാപിച്ചിട്ടും വന്യജീവി ആക്രമണം സംഭവിക്കുന്നതിൽ നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കാട്ടുപന്നി അക്രമണത്തിനിരയായ ബബിൻലാലിന് അടിയന്തര സഹായം അനുവദിക്കണമെന്നും പെരുവണ്ണാമൂഴി വട്ടക്കയം ചെങ്കോട്ടക്കൊല്ലി മുതുകാട് റൂട്ടിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും കർഷക സംഘടന പ്രതിനിധി എം.എ. മത്തായി മംഗലത്ത് ആവശ്യപ്പെട്ടു. ചികിത്സക്കുശേഷം വീട്ടിൽ കഴിയുന്ന ബബിൻ ലാലിനെ അദ്ദേഹം സന്ദർശിച്ചു.
District News
കോഴിക്കോട്: കോഴിക്കോട് നഗരത്തില് വര്ധിച്ചുവരുന്ന ഗതാഗത തടസങ്ങളും വാഹനങ്ങളുടെ നിയമലംഘനങ്ങളും കര്ശനമായി തടയുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലിസും മോട്ടോര് വെഹിക്കിള് ഡിപ്പാര്ട്ട്മെന്റും (എംവിഡി) സംയുക്തമായി പരിശോധന നടത്തി. നിരവധി വാഹനങ്ങള്ക്കെതിരേ നടപടി സ്വീകരിച്ചു. നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാകുന്ന നിയമലംഘനങ്ങള് കണ്ടെത്തുന്നതിനാണ് സംയുക്ത പരിശോധന നടത്തിയത്.
അശ്രദ്ധവും അപകടകരവുമായ ഡ്രൈവിംഗ്, റോഡിന്റെ മധ്യഭാഗത്തും സിഗ്നലുകളിലും നിര്ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക, ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തുക, റൂട്ട് ലംഘനം, എയര് ഹോണ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്ക്ക് 80 ബസുകള്ക്കെതിരേ നടപടി സ്വീകരിച്ചു.
മീറ്റര് പ്രവര്ത്തിപ്പിക്കാതെ സര്വീസ് നടത്തുക, അമിത ചാര്ജ് ഈടാക്കുക, ആവശ്യപ്പെടുമ്പോള് പോകാതിരിക്കുക, ഫ്രീ ലെഫ്റ്റ് ബ്ലോക്കാക്കി നിര്ത്തി ഗതാഗത തടസമുണ്ടാക്കുക എന്നീ കുറ്റങ്ങള് ചെയ്ത 210 ഓട്ടോറിക്ഷകള്ക്കെതിരേയും നടപടിയെടുത്തു. ഗതാഗത തടസമുണ്ടാക്കുന്ന രീതിയില് റോഡില് അനധികൃതമായി നിര്ത്തിയിട്ട 400ലധികം മറ്റ് വാഹനങ്ങള്ക്കെതിരേയും നിയമനടപടികള് സ്വീകരിച്ചു. തുടര്ന്നുള്ള ദിവസങ്ങളിലും പരിശോധനകള് തുടരുമെന്ന് സിറ്റി ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷന് ഹൗസ് ഓഫിസര് അറിയിച്ചു.
District News
മുതുകാട്: ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി മുതുകാട് പൊതുമരാമത്ത് റോഡിന്റെ നവീകരണ പ്രവൃത്തി മെല്ലെപ്പോക്കിലെന്ന് ആക്ഷേപം. നാല് കോടിയിൽപരം രൂപ വകയിരുത്തി ആരംഭിച്ച പണി മന്ദഗതിയിലായതോടെ പ്രദേശവാസികള് യാത്ര ചെയ്യാന് കഴിയാതെ വലയുകയാണ്.ബസുകൾക്ക് സര്വീസ് നടത്താന് കഴിയുന്നില്ല. മറ്റു വാഹനങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്.
ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറുകാർ. ചില ദിവസങ്ങളിൽ പ്രവൃത്തി നടക്കും. തുടർന്ന് ദിവസങ്ങളോളം നിലച്ചു കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ് ആക്ഷേപം.
District News
കോഴിക്കോട്: മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് അര്ഹിക്കുന്ന ആദരം ലഭിച്ചില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി. ദാസ്. നവരാത്രി സര്ഗോത്സവം മൂന്നാംദിനം സര്ഗസംവാദത്തില് മലയാള ഭാഷാ പൈതൃകവും തുഞ്ചത്തെഴുത്തച്ഛനും എന്ന വിഷയത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലബാര് മെഡിക്കല് കോളജ് ചെയര്മാന് അനില്കുമാര് വള്ളില് അധ്യക്ഷത വഹിച്ചു.
നന്ദന വിനോദിന്റെ മോഹിനിയാട്ടം, ഡോ. ശൈലേന്ദ്രവര്മയും സംഘവും അവതരിപ്പിച്ച പഴയകാല ചലച്ചിത്ര ഗാനങ്ങള് കോര്ത്തിണക്കിയ സംഗീതവിരുന്ന്, ബാലഗോകുലം കോഴിക്കോട് ആവതരിപ്പിച്ച നൃത്തശില്പം എന്നിവയും അരങ്ങേറി. സരസ്വതീ മണ്ഡപത്തില് രമണവൈഖരി അവതരിപ്പിച്ച ഭജനയും ഉണ്ടായിരുന്നു.
District News
മൂത്തേടത്ത് വീണ്ടും പുലി; നായയെ കൊന്നുതിന്നു
നിലമ്പൂര്: മൂത്തേടത്ത് പുലിയുടെ ആക്രമണം തുടരുന്നു. നാരങ്ങാമൂലയില് വീട്ടുമുറ്റത്ത് കെട്ടിയിട്ട വളര്ത്തുനായയെ പുലി കൊന്ന് പാതി ഭക്ഷിച്ചു. ഇന്നലെ പുലര്ച്ചെയായിരുന്നു സംഭവം.
നാരങ്ങാമൂല തളിയത്ത് ഷിബുവിന്റെ വളര്ത്തുനായയാണ് ആക്രമണത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി മൂത്തേടം ചീനിക്കുന്നില് കോല്ക്കാടന് രവീന്ദ്രന്റെ ജര്മന് ഷെപ്പേര്ഡ് ഇനത്തില്പ്പെട്ട നായയെയും സമാനമായ രീതിയില് പുലി കൂട് തകര്ത്ത് പിടികൂടി പാതി ഭക്ഷിച്ചിരുന്നു.
ചീനിക്കുന്നില്നിന്ന് ഏഴ് കിലോമീറ്റര് അകലെയാണ് നാരങ്ങാമൂല. ഇതുവരെ നടന്ന രണ്ട് ആക്രമണങ്ങളിലും നായകളെ പിടികൂടിയത് പുലി തന്നെയാണെന്ന് വനംവകുപ്പ് അധികൃതര് സ്ഥിരീകരിച്ചു. സ്ഥലത്തെ കാല്പാടുകളും ആക്രമണ സ്വഭാവവും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര് ഈ നിഗമനത്തിലെത്തിയത്.
നാരങ്ങാമൂലയില് നായ കൊല്ലപ്പെട്ട സ്ഥലത്ത് സെക്ഷന് ഫോറസ്റ്റ് ഓഫിസര്മാരായ പി.എം. ശ്രീജിത്ത്, ആന്റണി തോമസ് മെന്ഡസ്, ബിഎഫ്ഒമാരായ വിഷ്ണു, അജിത്ത് എന്നിവരടങ്ങിയ സംഘം പരിശോധന നടത്തി കാമറ ട്രാപ്പുകള് സ്ഥാപിച്ചിട്ടുണ്ട്.
രണ്ടിടങ്ങളിലും നായകളെ ആക്രമിച്ചത് രണ്ട് വ്യത്യസ്ത പുലികളാകാമെന്നും സംശയമുണ്ട്. ഇരു സ്ഥലങ്ങളിലെയും കാമറകളില്നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില് മാത്രമേ പുലിയെ പിടികൂടാന് കെണി സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂവെന്ന് നിലമ്പൂര് റേഞ്ച് ഓഫിസര് കെ.പി. ജിനേഷ് അറിയിച്ചു.
ജനങ്ങള് ഭീതിയില്
അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളെ തുടര്ന്ന് മൂത്തേടം പഞ്ചായത്തിലെ വനയോര മേഖലകളിലെ ജനങ്ങള് കടുത്ത ഭീതിയില്. ഒന്നര മാസം മുന്പ് ചോളമുണ്ടയില് മേയാന് വിട്ട പശുവിനെ ഉടമയുടെ കണ്മുന്നില് പുലി ആക്രമിച്ചിരുന്നു. സമീപത്തെ ഉച്ചക്കുളം ഊരിലെ നാല് പോത്തുകുട്ടികളെയും പുലി പിടിച്ചതായി വിവരമുണ്ട്.
എന്നാല് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയിട്ടും കെണി സ്ഥാപിക്കാന് വനംവകുപ്പ് തയാറാകാത്തതില് നാട്ടുകാര്ക്കിടയില് അമര്ഷമുണ്ട്. ജനങ്ങള് രാത്രികാല യാത്രകള് പൂര്ണമായും ഒഴിവാക്കണമെന്നും വീടുകള്ക്ക് പുറത്തിറങ്ങരുതെന്നുമാണ് വനംവകുപ്പിന്റെ കര്ശന നിര്േദശം.
District News
പുഴക്കാട്ടിരി: മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് പുഴക്കാട്ടിരി പിഇഎസ്. ഗ്ലോബല് സ്കൂളില് ഇന്ന് തുടക്കം. ജില്ലയിലെ സഹോദയ അംഗങ്ങളായ 62 സിബിഎസ്ഇ സ്കൂളുകളില്നിന്നുള്ള 1750-ലധികം വിദ്യാര്ഥികള് പങ്കെടുക്കും. എട്ട് വേദികളാണ് ഒരുക്കിയിട്ടുള്ളത്. കലാമാമാങ്കം രാവിലെ 10ന് ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല് ഉദ്ഘാടനം ചെയ്യും.
സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുല് നാസര് അധ്യക്ഷത വഹിക്കും. പെരിന്തല്മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യാതിഥിയാകും. യുവ ഗായികയും റിയാലിറ്റി ഷോ താരവുമായ തീര്ത്ഥ സത്യന് സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. പിഇഎസ് ഗ്ലോബല് സ്കൂള് ചെയര്മാന് പി. നാരായണന് വിജയികളെ ആദരിക്കും.
ലോഗോ രൂപകല്പന ചെയ്ത കോട്ടക്കല് സേക്രഡ് ഹാര്ട്ട് സ്കൂളിലെ നീതു കൃഷ്ണയ്ക്ക് കാഷ് അവാര്ഡും സഹോദയ മാഗസിന് മത്സര വിജയികളായ കോട്ടക്കല് പീസ് പബ്ലിക് സ്കൂള്, പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂള്, വളാഞ്ചേരി എംഇഎസ് സെന്ട്രല് സ്കൂള് എന്നിവര്ക്കുള്ള അവാര്ഡുകളും വിതരണം ചെയ്യും. സമാപന സമ്മേളനം വ്യാഴാഴ്ച സഹോദയ കോണ്ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ്് ഡോ. ജോജി പോള് പുരസ്കാരങ്ങള് വിതരണം ചെയ്യും.
District News
അങ്ങാടിപ്പുറം: മങ്കട ഉപജില്ലാ പ്രഥമ ക്രോസ് കണ്ട്രി ചാമ്പ്യന്ഷിപ്പില് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും വിഭാഗങ്ങളില് വിജയം കൊയ്ത് പരിയാപുരം സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള്. ആണ്കുട്ടികളുടെ വിഭാഗത്തില് ചെറുകുളമ്പ ഐകെടി ഹയര് സെക്കന്ഡറി സ്കൂള് രണ്ടാം സ്ഥാനവും, മങ്കട ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂള് മൂന്നാം സ്ഥാനവും നേടി. പെണ്കുട്ടികളുടെ വിഭാഗത്തില് മങ്കട ഗവണ്മെന്റ്് ഹയര് സെക്കന്ഡറി സ്കൂളാണ് രണ്ടാം സ്ഥാനം നേടിയത്.
ആണ്കുട്ടികളുടെ വിഭാഗം (സെന്റ് മേരീസ്): മുഹമ്മദ് മിര്ഷാന്, കെ.ടി. അര്ജുന്, വി.പി. നവനീത്, ആരോണ് അജീഷ്, മുഹമ്മദ് ഷാദില് മാടായില്, ടി. മുഹമ്മദ് നിഹാല്. പെണ്കുട്ടികളുടെ വിഭാഗം (സെന്റ്് മേരീസ്): കെ.പി. ശ്രീനൃയ, കെ.വി. ഫാത്തിമത്ത് അഫീഫ, മരിയ സെബാസ്റ്റ്യന്, എയ്ഞ്ചല് സുനീഷ്, ആഗ്നസ് സിബി, അലീന എസ്. കുമാര് എന്നിവരാണ് വിജയികള്.
വ്യക്തിഗത പ്രകടനങ്ങള്:
ആണ്കുട്ടികള്: മുഹമ്മദ് മിര്ഷാന് (സെന്റ് മേരീസ്, പരിയാപുരം - ഒന്നാം സ്ഥാനം), അന്ഷഹ് (ഐകെടി എച്ച്എസ്എസ്, ചെറുകുളമ്പ - രണ്ടാം സ്ഥാനം), ആരോണ് അജീഷ് (സെന്റ് മേരീസ്, പരിയാപുരം - മൂന്നാം സ്ഥാനം). പെണ്കുട്ടികള്: കെ.വി. ഫാത്തിമത്ത് അഫീഫ (സെന്റ്് മേരീസ്, പരിയാപുരം - ഒന്നാം സ്ഥാനം), റെന ഫാത്തിമ (മങ്കട ഗവണ്മെന്റ്് എച്ച്എസ്എസ് - രണ്ടാം സ്ഥാനം), എയ്ഞ്ചല് സുനീഷ് (സെന്റ് മേരീസ്, പരിയാപുരം - മൂന്നാം സ്ഥാനം).
മലപ്പുറം മുണ്ടുപറമ്പ് ബൈപാസ് റോഡില് നടന്ന മത്സരം എം. അബ്ദുല് മുനീര് ഫ്ളാഗ് ഓഫ് ചെയ്തു.
ഉപജില്ലാ കായികവിഭാഗം സെക്രട്ടറി വി.എം. ഹംസ വിജയികള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. പി.പി. സജന്ദാസ്, കെ.എസ്. സിബി, എ. റിയാസ്, എം.പി. ഇബ്രാഹിം, കെ. മുഹമ്മദ് ബഷീര്, ടി. ഷാഹിര്, എന്.കെ. മുഹമ്മദ് ഹിഷാം, സി.പി. ഇസുദ്ദീന് എന്നിവര് മത്സരങ്ങള് നിയന്ത്രിച്ചു.
District News
പെരിന്തല്മണ്ണ: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കൊടികുത്തിമലയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന് അടിയന്തര നടപടി സ്വീകരിക്കുമെന്നും വരാനിരിക്കുന്ന ബജറ്റില് ആവശ്യമായ ഫണ്ട് വകയിരുത്തുമെന്നും നജീബ് കാന്തപുരം എംഎല്എ. മഴക്കാലത്ത് വെള്ളത്തിന്റെ കുത്തിയൊഴുക്ക് നിയന്ത്രിക്കാനുള്ള ഡ്രെയിനേജ് സംവിധാനം തടസപ്പെട്ടതാണ് റോഡ് തകരാന് പ്രധാന കാരണമായതെന്ന് നാട്ടുകാര് പറയുന്നു.
പ്രധാനമായും രണ്ട്, മൂന്ന് ഭാഗങ്ങളിലാണ് റോഡ് പൂര്ണമായും തകര്ന്നിരിക്കുന്നത്. ഈ തടസങ്ങള് അടിയന്തരമായി നീക്കി റോഡില് അറ്റകുറ്റപണികള് നടത്തുമെന്നും, ബജറ്റ് ഫണ്ട് ഉപയോഗിച്ച് ശാശ്വത നവീകരണം പൂര്ത്തിയാക്കുമെന്നും എംഎല്എ വ്യക്തമാക്കി.
തന്റെ സിഗ്നേച്ചര് പ്രോജക്ടുകളില് ഒന്നായ കൊടികുത്തിമലയില് പ്രകൃതിഭംഗി നിലനിര്ത്തിക്കൊണ്ടുള്ള സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്ക്കും പ്രായമായവര്ക്കും വാച്ച് ടവര് വരെ എത്തുന്നതിനായി ഇവി ഓട്ടോറിക്ഷാ സംവിധാനം ഏര്പ്പെടുത്തി.
കൂടാതെ, സഞ്ചാരികള്ക്കായി നൈറ്റ് സ്റ്റേ സൗകര്യമൊരുക്കാന് സ്ലീപ്പിംഗ് പോഡുകള് സ്ഥാപിക്കുന്ന പദ്ധതിയും പ്രദേശത്തെ പൂര്ണമായും പ്ലാസ്റ്റിക് വിമുക്ത ഗ്രീന് ടൂറിസം കേന്ദ്രമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
സൂര്യോദയവും അസ്തമയവും ആസ്വദിക്കാന് പുതിയ സമയക്രമത്തോടെ കേന്ദ്രം പൂര്ണമായി തുറന്നു നല്കിയതോടെ ദൂരദേശങ്ങളില്നിന്നുപോലും കൂടുതല് സഞ്ചാരികള് എത്തുന്നുണ്ട്. എന്നാല് റോഡിന്റെ ദുര്ഘടാവസ്ഥ ടൂറിസം സാധ്യതകള്ക്ക് വലിയ തിരിച്ചടിയാവുകയാണ്.
വഴിയറിയാതെ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള് റോഡിലെ കുഴികളില്പ്പെട്ട് കേടുപാടുകള് സംഭവിക്കുന്നത് പതിവാണ്. മുന്വര്ഷങ്ങളില് ഈ ഭാഗത്ത് അപകട മരണങ്ങള് വരെ സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാര് പറയുന്നു.
District News
പൂക്കോട്ടുംപാടം: ലഹരിക്കെതിരേ ബോധവത്കരണവുമായി പൂക്കോട്ടുംപാടം ആന്റണിക്കാട് അസംപ്ഷന് പബ്ലിക് സ്കൂള്. വിദ്യാര്ഥികളുടെ തെരുവുനാടകവും നൃത്താവിഷ്കാരവുമായാണ് സ്കൂള് തൂഫാന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചത്. പഞ്ചായത്ത് അംഗം രമ്യ സതീഷ് ഉദ്ഘാടനം ചെയ്തു. "രാഷ്ട്രസേവനത്തിനായി തൂഫാനോടൊപ്പം' എന്ന മുദ്രാവാക്യം ഉയര്ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പൂക്കോട്ടുംപാടം എസ്ഐ അബ്ദുല്കരീം മുഖ്യ സന്ദേശം നല്കി. സ്കൂള് വിദ്യാര്ഥികളും അധ്യാപകരും പിടിഎയും മാനേജ്മെന്റും സംയുക്തമായി അണിനിരന്ന പരിപാടിയില് ലഹരി ഉപയോഗം യുവതലമുറയിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള് നാടകത്തിലൂടെ വരച്ചുകാട്ടി. കുട്ടികളുടെ സ്വാഭാവികമായ അഭിനയവും ശക്തമായ സന്ദേശവും പൊതുജനങ്ങളുടെ ശ്രദ്ധയാകര്ഷിച്ചു.
പൂക്കോട്ടുംപാടം, കല്ലാമൂല, കരുളായി ചുള്ളിയോട്, വേങ്ങാപരത തേള്പ്പാറ തുടങ്ങിയ വിവിധ പ്രദേശങ്ങളില് നാടകം അവതരിപ്പിച്ചു. സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് മിനിമോള് എം. വര്ഗീസ്, അധ്യാപകരായ ഷബീബ്, സാജു, രവി പാര്വതി എന്നിവര് നേതൃത്വം നല്കി.
District News
രാമപുരം: ലക്ഷങ്ങള് വിലമതിക്കുന്ന സ്വര്ണവും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികേ നല്കി സത്യസന്ധതയുടെ മാതൃകയായി ഹോട്ടല് ഉടമ. രാമപുരം പള്ളിപ്പടി നയാര പെട്രോള് പമ്പിന് സമീപം വൈറ്റ് ലാന്ഡ് ഹോട്ടല് നടത്തുന്ന തോട്ടുങ്ങല് അബുവാണ് മാതൃകയായത്.
വലമ്പൂര് സ്വദേശി അബ്ദുല് ബാസിത്തിന്റെ പഴ്സാണ് അബുവിന് ലഭിച്ചത്. പഴ്സ് കിട്ടിയ ഉടന് തന്നെ അബു വിവരം പ്രാദേശിക വ്യാപാരി നേതാക്കളെ അറിയിക്കുകയായിരുന്നു. തുടര്ന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില് പേഴ്സ് ഉടമയായ അബ്ദുല് ബാസിത്തിന് കൈമാറി. തോട്ടുങ്ങല് അബുവിനെവ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികള് അഭിനന്ദിച്ചു.
District News
മലപ്പുറം: പാലിയേറ്റീവ് രോഗികള്ക്കും ബന്ധുക്കള്ക്കുമൊപ്പം ജന്മദിനം ആഘോഷിച്ച് ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സുകൂന് സെക്കന്ഡറി പാലിയേറ്റീവ് രോഗി-ബന്ധു സംഗമത്തിനിടെയായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.
പരിപാടിയില് പങ്കെടുക്കാനും രോഗികള്ക്കും ബന്ധുക്കള്ക്കുമൊപ്പം സന്തോഷം പങ്കിടാനും സാധിച്ചതില് കളക്ടര് സന്തോഷം അറിയിച്ചു. പാലിയേറ്റീവ് കെയര് പ്രവര്ത്തനങ്ങള്ക്ക് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ തുടര്ന്നും ഉറപ്പാക്മെന്ന് കളക്ടര് പറഞ്ഞു. കളക്ടറുടെ ജന്മദിനാഘോഷം പാലിയേറ്റീവ് സംഗമത്തിന് വേറിട്ട അനുഭവമായി.
പാലിയേറ്റീവ് രംഗത്ത് കേരളം ഒന്നാം സ്ഥാനത്തത്ത്: കളക്ടര്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് സുകൂന് എന്ന പേരില് സെക്കന്ഡറി പാലിയേറ്റീവ് രോഗിബന്ധു സംഗമം സംഘടിപ്പിച്ചു. ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ജന്മദിനം ചടങ്ങില് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
ഇന്ത്യയില് പാലിയേറ്റീവ് കെയര് രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്നും ജില്ലയിലെ ആരോഗ്യപ്രവര്ത്തകരായ ഡോക്ടര്മാര്, നഴ്സുമാര്, ഫിസിയോതെറാപ്പിസ്റ്റുകള്, ആശാ പ്രവര്ത്തകര് എന്നിവരുടെ സേവനങ്ങള് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന് കെ.പി. നുസ്റത്ത് റഹ്മാന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൗക്കത്ത് കടമ്പോട്ട്, സ്ഥിരസമിതി അധ്യക്ഷരായ കെ. സീനത്ത്, കെ. മന്സൂര് കുഞ്ഞിപ്പു, ഒതുക്കുങ്ങല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എ.കെ. മെഹ്നാസ്, പൂക്കോട്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അനീസ കോടാലി, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി. ബുഷറ, മൊറയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല് മുണ്ടോടന്, ഡിഎംഒ വി. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. മുഹമ്മദലി, ഫൗസിയ പെരുമ്പള്ളി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്. കുഞ്ഞീതു, എം.സി. കുഞ്ഞിപ്പ, എം.സി. മുജീബ്, എം.കെ. മുഹ്സിന്, എം.കെ. നാസര്, അനീസ സൈനുല് ആബിദ്, വി.കെ. ലത ടീച്ചര്, ബുഷറ സഫര്, സാജിദ അബൂബക്കര്, മണി പുല്ലാണി, സുഹറ മുംതാസ്, റിന്ഷ റിയാസലി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തില്, മെഡിക്കല് ഓഫിസര് ഇന്-ചാര്ജ് ഡോ. ഷമീമ, ഗായകന് നൗഷാദ് മലപ്പുറം എന്നിവര് പങ്കെടുത്തു.
District News
അങ്ങാടിപ്പുറം: പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ഡിവൈഎഫ്ഐ ഏറാന്തോട് യൂണിറ്റ് ഭാരവാഹികള് ആവശ്യപ്പെട്ടു. ഏറാന്തോട് പ്രദേശം ഉള്പ്പെടുന്ന എട്ട്, ഒന്പത് വാര്ഡുകളില് തെരുവുനായകളുടെ ശല്യം അതിരൂക്ഷമാണ്. ഇതുസംബ ന്ധിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികള് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്കി. ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ പി. അനീഷ്, എസ്. സ്വാതി, കെ.സി. അയ്യപ്പന്, എല്. ഹേമ, സി. സുമിത, പി.സി. മണികണ്ഠന് എന്നിവരാണ് നിവേദനം നല്കിയത്.
District News
കൊളത്തൂര്: മലബാര് മില്മയില് വന്തോതില് നെയ് നഷ്ടപ്പെട്ട സംഭവത്തില് സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികള് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്കി.
ഇക്കഴിഞ്ഞ സെപ്റ്റംബറില് റിപ്പോര്ട്ട് ചെയ്യപ്പെട്ട സംഭവത്തില് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്, ഉത്തരവാദികളെ കണ്ടെത്തി കര്ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെയും സ്റ്റോക്ക് പരിശോധനകളുടെയും റിപ്പോര്ട്ടുകളും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും ലഭ്യമാക്കണമെന്ന് പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ നെയ് കൈകാര്യം ചെയ്യുന്നതിനുള്ള കരാര് ഏറ്റെടുത്ത വ്യക്തിയുടെ വിവരങ്ങള്, കരാര് കാലാവധി, വ്യവസ്ഥകള് എന്നിവയും വെളിപ്പെടുത്തണം. മോഷ്ടിക്കപ്പെട്ട നെയ്യുടെ കൃത്യമായ അളവും സാമ്പത്തിക മൂല്യവും സ്റ്റോക്ക് രജിസ്റ്ററിന്റെ അടിസ്ഥാനത്തില് വ്യക്തമാക്കണം.
സംഭവവുമായി ബന്ധപ്പെട്ട ജീവനക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും കരാറുകാര്ക്കുമെതിരേ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് ഭാരവാഹികള് ചൂണ്ടിക്കാട്ടി.
സംഭവത്തില് ബന്ധപ്പെട്ട മാനേജര്മാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വം പരിശോധിച്ചിട്ടില്ലെങ്കില് അതിന്റെ കാരണങ്ങള് വ്യക്തമാക്കുന്ന ഔദ്യോഗിക ഫയല് കുറിപ്പുകളുടെ പകര്പ്പുകള് നല്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണ മേഖലയിലെ പൊതുസ്വത്തും സ്ഥാപനത്തിന്റെ സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കാന് കുറ്റക്കാര്ക്കെതിരേ കര്ശന നടപടി വേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്ഗ്രസ് മങ്കട മണ്ഡലം പ്രസിഡന്റ്് ഷഫീഖ് വടക്കുപ്പുറം പറഞ്ഞു.
District News
മലപ്പുറം: ജില്ലയിലെ മൊബലൈസേഷന് ഓഫ് എയ്ഡ്സ് സുരക്ഷാ പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് അവലോകന യോഗം ചേര്ന്നു.
ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില് എച്ച്ഐവി പരിശോധനകള് വര്ധിപ്പിക്കാന് യോഗത്തില് തീരുമാനിച്ചു. ഹോട്സ്പോട്ടുകള് കേന്ദ്രീകരിച്ച് പരിശോധനകള് നടത്തുക, സ്വകാര്യ ആശുപത്രികളില് നടത്തുന്ന എച്ച്ഐവി പരിശോധനകള് ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള് യോഗം ചര്ച്ച ചെയ്തു.
ആരോഗ്യ വകുപ്പ് അഡിഷണല് ഡയറക്ടറും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടറുമായ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. ദിശ ക്ലസ്റ്റര് പ്രോഗ്രാം മാനേജര് എസ്. സുനില് കുമാര്, യോഗത്തില് ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫിസര് ഡോ. എല്. ഷീന ലാല്, ആര്സിഎച്ച് ഓഫിസര് ഇന്-ചാര്ജ് ഡോ. കെ.എം. ന്യൂന മര്ജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. ഷുബിന്, ജില്ലാ പഞ്ചായത്ത് ഫിനാന്ഷ്യല് ഓഫിസര് മുഹമ്മദ് ബഷീര് തുടങ്ങിയവര് പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സൊസൈറ്റിയുടെ കീഴിലുള്ള വിവിധ പ്രോജക്ട് കോ-ഓര്ഡിനേറ്റര്മാരും പങ്കെടുത്തു.
നിര്വഹണാനുമതി നല്കി
മലപ്പുറം: നിറമരുതൂര് പഞ്ചായത്തിലെ മഞ്ഞളംപടി കനോലി കനാല് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില് ഉള്പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര് നിര്വഹണാനുമതി നല്കി. നിറമരുതൂര് പള്ളിപ്പടി കാളാട് ലക്ഷം വീട് കോളനി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില് ഉള്പ്പെടുത്തി അഞ്ചു ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും അനുമതിയായി.
കാളാട് ആലിന്ചുവട് റോഡ് ലിങ്ക് റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില് ഉള്പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കും.
മാനസികാരോഗ്യ സംരക്ഷണത്തിന്
"സന്തോഷത്തോടെ പഠിക്കാം' കാന്പയിന്
മലപ്പുറം: വിദ്യാര്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷകരമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി സന്തോഷത്തോടെ പഠിക്കാം എന്ന പേരില് ബോധവത്കരണ കാന്പയിന്. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി 17 വരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സര്ക്കാര് സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികള് നടതും.
പഠനസമ്മര്ദം, പരീക്ഷാഭയം, ഒറ്റപ്പെടല് എന്നിവ നേരിടുന്ന വിദ്യാര്ഥികളെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗണ്സലിംഗും മാനസികാരോഗ്യ പിന്തുണയും നല്കും. ഇതിനോടൊപ്പം ലഹരിക്കെതിരേയുള്ള ബോധവത്കരണവും ഭിന്നശേഷി വിദ്യാര്ഥികള്ക്ക് പ്രത്യേക കൗണ്സലിംഗ് പിന്തുണയും ഉറപ്പാക്കും. വിദ്യാര്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തില് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും ഉറപ്പാക്കും.
സര്ക്കാര് മെഡിക്കല് കോളജുകള്, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആരോഗ്യ സംവിധാനങ്ങള് എന്നിവയുടെ ഏകോപനത്തോടെ സൈക്യാട്രിസ്റ്റുകള്, ക്ലിനിക്കല് സൈക്കോളജിസ്റ്റുകള്, കൗണ്സലര്മാര് എന്നിവരുടെ സേവനം ക്യാംപയിനില് പ്രയോജനപ്പെടുത്തും.
District News
കരുവാരകുണ്ട്: മണ്ണും ചെളിയും അടിഞ്ഞ് ആഴവും നീരൊഴുക്കും നഷ്ടപ്പെട്ട ഒലിപ്പുഴയെ വീണ്ടെടുക്കാനും ചേറുമ്പ് ഇക്കോ വില്ലേജിന് ജീവന് നല്കാനും പുതിയ പദ്ധതി. ചിറക്കലില് ആറരക്കോടി രൂപ ചെലവില് ചെക്ക് ഡാം നിര്മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കി ജലസേചന വകുപ്പ് അംഗീകാരത്തിനായി സമര്പ്പിച്ചു.
ഇതിനുപുറമേ, പുഴയില് അടിഞ്ഞുകൂടിയ മണ്ണും ചെളിയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്തി നീക്കം ചെയ്യാനും തീരുമാനമായി.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തിരികേ കൊണ്ടുവരുന്നതിലൂടെ വിനോദസഞ്ചാര കേന്ദ്രത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും നാടും.
ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിന് സമീപമുള്ള മൂന്നടി പാലത്തിന് ഒരു മീറ്റര് മുന്പിലാണ് ചെക്ക് ഡാം പരിഗണിക്കപ്പെടുന്നത്. 60 മീറ്റര് നീളത്തില് നിര്മിക്കുന്ന ഡാമില്, ആവശ്യാനുസരണം തുറക്കാവുന്ന ഒരു മീറ്റര് വീതിയുള്ള ആറ് ഷട്ടറുകള് ഉണ്ടാകും.
അടുത്ത മഴക്കാലത്തിനു മുന്പ് നടപടികള് പൂര്ത്തിയാക്കി, ഒരു വര്ഷത്തിനുള്ളില് നിര്മാണം പൂര്ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എന്. ഉണ്ണീന് കുട്ടി പറഞ്ഞു.
തിരിച്ചടിയായത് പ്രളയവും മണ്ണടിയലും
കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴിയായ ഒലിപുഴയുടെ തീരത്ത് കരുവാരകുണ്ട് ചിറക്കലില് 2015-ലാണ് ഡിടിപിസിയുടെ മേല്നോട്ടത്തില് അഞ്ച് കോടി രൂപ ചെലവിട്ട് ചേറുമ്പ് ഇക്കോ വില്ലേജ് ആരംഭിച്ചത്. ആദ്യ ഘട്ടങ്ങളില് ബോട്ടിംഗ് സൗകര്യമടക്കം മികച്ച രീതിയില് പ്രവര്ത്തിച്ചിരുന്ന കേന്ദ്രത്തിലേക്ക് വന്തോതില് സഞ്ചാരികള് എത്തിയിരുന്നു.
എന്നാല് 2018-ലെ പ്രളയത്തിലുണ്ടായ മലവെള്ളപാച്ചിലിലും ഉരുള്പൊട്ടലിലും പുഴയില് വന്തോതില് മണ്ണും ചെളിയും അടിഞ്ഞു. ഇതോടെ ആഴവും നീരൊഴുക്കും കുറഞ്ഞ് ബോട്ട് സര്വീസുകള് പൂര്ണമായി നിലച്ചു.
വെള്ളം കയറി ഉദ്യാനങ്ങളും നശിച്ചു. തുടര്ന്നുണ്ടായ പ്രളയങ്ങളും കോവിഡ് നിയന്ത്രണങ്ങളും കേന്ദ്രത്തിന്റെ തകര്ച്ചയ്ക്ക് ആക്കം കൂട്ടി.ഉത്സവ ദിനങ്ങളിലും ഒഴിവുദിവസങ്ങളിലും നാമമാത്രമായ ആളുകള് മാത്രമാണ് എത്തുന്നത്.
ഇവിടെയുള്ള 16 ജീവനക്കാരില് ആറ് പേര്ക്ക് ഡിടപിസിയും ശുചീകരണത്തൊഴിലാളികളായ 10 വനിതകള്ക്ക് കുടുംബശ്രീയുമാണ് വേതനം നല്കുന്നത്. പുതിയ ചെക്ക് ഡാം പൂര്ത്തിയാകുന്നതോടെ ഇക്കോ വില്ലേജ് പൂര്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്.
District News
കരുവാരകുണ്ട്: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിരുകളും വിസ്തൃതിയും വ്യക്തമാക്കുന്ന പുതിയ മാപ്പ് സംസ്ഥാന പരിസ്ഥിതി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്ക്കാര് കേന്ദ്രത്തിന് സമര്പ്പിച്ച നിര്ദേശത്തില് ഓരോ വില്ലേജിലും ഉള്പ്പെടുന്ന പരിസ്ഥിതിലോല ഭാഗങ്ങള് ഏതൊക്കെയാണെന്ന് ഈ മാപ്പിലൂടെ വ്യക്തമായി പരിശോധിക്കാനാകും.
പുതിയ മാപ്പില് അതിരുകള് കൃത്യമായി രേഖപ്പെടുത്തിയത് ജനങ്ങള്ക്ക് ആശ്വാസമാകും. ജനവാസ മേഖലകള്, കൃഷിയിടങ്ങള്, തോട്ടങ്ങള് എന്നിവ ഒഴിവാക്കിയാണ് സംസ്ഥാനത്തിന്റെ നിര്ദേശം.
സ്ഥലത്തിന്റെ പേര് നല്കി തിരച്ചില് നടത്തി തങ്ങളുടെ പ്രദേശത്തെ അതിരുകളും വിസ്തൃതിയും പൊതുജനങ്ങള്ക്ക് സ്വയം പരിശോധിക്കാം. വീടുകള്ക്കും കൃഷിയിടങ്ങള്ക്കും സമീപമുള്ള നിര്ദിഷ്ട അതിരുകള് തിരിച്ചറിയാം. പുതിയ മാപ്പ് പ്രസിദ്ധീകരിച്ചതിനാല് മാത്രം സംസ്ഥാനത്തിന്റെ നിര്ദേശം അന്തിമമായി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. കേന്ദ്ര സര്ക്കാരിന്റെ അന്തിമ വിജ്ഞാപനത്തിന് ശേഷമേ നിര്ദിഷ്ട അതിരുകള് പ്രാബല്യത്തില് വരൂ.
വിസ്തൃതി 8,590 ചതുരശ്ര കി. മീറ്ററായി പരിമിതപ്പെടുത്താന് ശുപാര്ശ
കരുവാരകുണ്ട്: കസ്തൂരിരംഗന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് നേരത്തേ കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റര് പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിര്ദേശിച്ചിരുന്നത്. പിന്നീട് ഉമ്മന് വി. ഉമ്മന് കമ്മിറ്റി റിപ്പോര്ട്ട് പ്രകാരം ഇത് 9,993.78 ചതുരശ്ര കിലോമീറ്ററായി കുറച്ചു. എന്നാല് ജനവാസ പ്രദേശങ്ങള് പൂര്ണമായി ഒഴിവാക്കി ഈ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണമെന്നാണ് സംസ്ഥാന സര്ക്കാര് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
District News
തോട്ടുമുക്കം: കത്തോലിക്ക കോണ്ഗ്രസ് തോട്ടുമുക്കം ഫൊറോന കമ്മിറ്റി താമരശേരി രൂപതാ തലത്തില് സംഘടിപ്പിച്ച ഷട്ടില് ടൂര്ണമെന്റ് നാടിന് ആവേശമായി. കത്തോലിക്ക കോണ്ഗ്രസ് താമരശേരി രൂപത ഡയറക്ടര് ഫാ. സബിന് തൂമുള്ളില് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില് മുഖ്യപ്രഭാഷണം നടത്തി.
തോട്ടുമുക്കം ഫെറോന ഡയറക്ടര് ഫാ. ബെന്നി കാരക്കാട്ട്, ഫെറോന പ്രസിഡന്റ് ജയിംസ് തൊട്ടിയില്, യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കല് എന്നിവര് സംസാരിച്ചു.
50 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില് റെജി കണിയാംകുന്നേല് - തോമസ് പുലിക്കയം ടീം ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം സിജോ ആന്ഡ് റോജി വാലില്ലാപ്പുഴ ടീമിനാണ്. മൂന്നാം സ്ഥാനം വെട്ടുകാട്ടില് ബ്രദേഴ്സ് തേഞ്ഞിപ്പലവും കരസ്ഥമാക്കി.
50 വയസിനു താഴെയുള്ള വിഭാഗത്തില് ഒന്നാം സ്ഥാനം ബെഞ്ചമിന് തുണ്ടത്തില് ആന്ഡ് ജസ്റ്റിന് വാളിപ്ലാക്കല് മരഞ്ചാട്ടി ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ജിനീഷ് നിരപ്പത്ത് ആന്ഡ് നിര്മല് തെക്കയില് തോട്ടുമുക്കം ടീം നേടി. ക്രിസ്റ്റഫര് ആന്ഡ് തോമസ് തേക്കുംകുറ്റി ടീമിനാണ് മൂന്നാംസ്ഥാനം. വിജയികള്ക്ക് ട്രോഫികളും കാഷ് അവാര്ഡും വിതരണം ചെയ്തു.
District News
മഞ്ചേരി: അധ്യാപന മികവിനുള്ള സംസ്ഥാന സര്ക്കാരിന്റെ അവാര്ഡ് നേടിയ എം.സി. അബ്ദുല് അലിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂണിറ്റ് കമ്മറ്റി ആദരിച്ചു.
പ്രസിഡന്റ്് ഒ.പി.എ. കരിം, ജനറല് സെക്രട്ടറി ഇ.കെ. ലത്തീഫ്, ടി.പി. സൈനുദ്ദീന്, വൈസ് പ്രസിഡന്റുമാരായ പി. അബൂബക്കര്, മുള്ളന് അബ്ദുള്ള, പി. വിജയന്, ഗംഗാധരന് വൈദ്യര്, സെക്രട്ടറിമാരായ സി. കെ. അലി ബാപ്പു, എം. എ. ബഷീര്, കെ. വി. സൈനുദ്ദീന്, പി.പി. ഹമീദ്, അംഗങ്ങളായ സി. കെ. ഉണ്ണി, പി. സിദ്ധീഖ്, അബ്ദുനാസര്, ഉമ്മര് ഫാറൂഖ്, യൂത്ത് വിംഗ് പ്രസിഡന്റ്്് കെ. മുഹമ്മദ് നൗഫല്, സെക്രട്ടറി ഒ.പി. അബ്ദുല്സലാം എന്നിവര് പങ്കെടുത്തു.
District News
എടപ്പാള്: സാഹിത്യമഞ്ജരി, പൗര്ണമി പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഏര്പ്പെടുത്തിയ സാഹിത്യമഞ്ജരി പുരസ്കാരത്തിന് സുരേഷ് മണ്ണാറശാലയും പൗര്ണമി പുരസ്കാരത്തിന് ഡോ. രമ്യ ഗോകുലം നാഥനും അര്ഹരായതായി പുരസ്കാര സമിതി അറിയിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്ഡ്. പുരസ്കാര സമര്പ്പണം ഡോ. ചാത്തനാത്ത് അച്യുതന്നുണ്ണി നിര്വഹിച്ചു.
District News
മഞ്ചേരി: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്ന്ന് ഉത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില് റബ്ബറിന്റെ താങ്ങുവില 350 രൂപയായി ഉയര്ത്തണമെന്ന് കൂമംകുളം റബ്ബര് ഉത്പാദക സംഘം ആവശ്യപ്പെട്ടു. പുലര് കാലത്ത് ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികള്ക്ക് ഭീഷണിയാകുന്ന വന്യജീവികളില്നിന്ന് സംരക്ഷണം ലഭിക്കാന് വേണ്ട നടപടി സ്വീകരിക്കണമെന്നും സംഘം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
യോഗം എഡിഒ ദിവ്യ രാജി ഉദ്ഘാടനം ചെയ്തു. സാബു സെബാസ്റ്റ്യന് അധ്യക്ഷത വഹിച്ചു. ഫീല്ഡ് ഓഫിസര് വിദ്യ സാഗര് റെഡ്ഡി, കേര പദ്ധതി ഡയറക്ടര് ഫഹ്മിദ, ലക്ഷ്മി, പി.എസ്. മാത്യു, ജോമോന് ജോര്ജ്, രാജേശ്വര് എന്നിവര് പ്രസംഗിച്ചു.
സാബു സെബാസ്റ്റ്യന് പ്രസിഡന്റായും ജോമോന് ജോര്ജ് വൈസ് പ്രസിഡന്റായും പി.എസ്. മാത്യു, ടി.വി. ജോണ്സണ്, രാജേശ്വര്, തോമസ് ജോണ്, സിജേഷ് ജോസഫ് എന്നിവര് ഡയര്ക്ടര്മാരായും തിരഞ്ഞെടുക്കപ്പെട്ടു.
District News
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തോടനുബന്ധിച്ച് ബൈപ്പാസും റിംഗ് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന തലക്കോട് ജംഗ്ഷനിൽ ക്ലോവർ ലീഫ് മാതൃകയിൽ റോഡ് നിർമാണത്തിനുള്ള ഭൂമിയേറ്റടക്കിനു വേണ്ടിയുള്ള ആദ്യപടിയായ സർവേ നടപടികൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. നെയ്യാറ്റിൻകര ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ സർവേ നടപടികളാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചത്.
സ്ഥലം ഏറ്റെടുക്കലിനെ ക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കകൾക്കും വസ്തുവും വീടും നഷ്ടപ്പെടുന്നവർക്കുള്ള പാക്കേജിനെ കുറിച്ചുള്ള ചർച്ച യും നടത്തിയതിനുശേഷം തുടർ സർവേ നടപടികൾ നടപ്പിലാക്കുമെന്നു റവന്യൂ അധികൃതർ അറിയിച്ചതായി തലക്കോട് സംരക്ഷണ സമിതി ചെയർമാൻ കെ.വി. അഭിലാഷും ജനറൽ കൺവീനർ പനിയടിമ ജോണും അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് കൗൺസിലർ ലതിക കുമാരി, കെ. ബിനു, ഡോ. ഷാജി കുട്ടി, ജ്യോതിരാജ് സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. റിംഗ് റോഡ് തുടങ്ങുന്ന ഭാഗത്തുനിന്ന് 60 ഏക്കറോളം ഭൂമി ഏറ്റെടുക്കലായിരുന്നു അധികൃതരുടെ ലക്ഷ്യം.
District News
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തില് മിനിട്സില് തിരിമറിയെന്ന് ആക്ഷേപം. സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങള് രംഗത്ത്. പഞ്ചായത്ത് കമ്മിറ്റിയില് പങ്കെടുത്ത 21 അംഗങ്ങളില് 11 പേരുടെ ഭൂരിപക്ഷത്തോടെ തീരുമാനിച്ച വാര്ഷിക പദ്ധതി ഭേദഗതികള് പഞ്ചായത്ത് സെക്രട്ടറി വെട്ടിതിരുത്തി എന്നാരോപിച്ചാണ് പ്രതിഷേധവും പരാതിയും.
ആറ് എല്ഡിഎഫ് അംഗങ്ങളും അഞ്ചു കോണ്ഗ്രസ് അംഗങ്ങളും ഡിപിസിക്കും തദ്ദേശവകുപ്പ് സെക്രട്ടറിക്കും പരാതി നൽകി. ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തില് ഓഗസ്റ്റ് 21നു ചേര്ന്ന ജനറല് കമ്മിറ്റിയില് 21പേരാണ് പങ്കെടുത്തത്.
വാര്ഷിക പദ്ധതി ഭേദഗതി ചെയ്യാന് തീരുമാനിച്ച അജണ്ടയില് പ്രധാനപ്പെട്ട 16 ഭേദഗതികളാണ് വരുത്തിയത്. കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് മിനിട്സ് തയാറാക്കിയത്. എന്നാല് കേവല ഭൂരിപക്ഷത്തോടെ തീരുമാനിച്ച ഭേദഗതികള് പഞ്ചായത്ത് സെക്രട്ടറി വെട്ടുകയായിയിരുന്നുവെന്ന് പ്രതിപക്ഷം പരാതിയിൽ പറയുന്നു.
പട്ടികജാതി വികസന ഫണ്ടില് നിന്നുള്ള വലിയകാവ് റോഡ്, ചിറവിള-കുന്നുവിള, പുലിക്കുഴി-ആലുവിള റോഡ് ഫണ്ട് റിവിഷന്, വിവിധ വാര്ഡുകളില് മിനിമാസ്റ്റ് ലൈറ്റുകള് സ്ഥാപിക്കല്, ലൈഫ്, പിഎംഎവൈ ഗുണഭോക്താക്കള്ക്ക് സ്വച്ഛഭാരത് മിഷന് ഫണ്ടില്നിന്ന് ശൗചാലയത്തിനു തുക അനുവദിക്കല് എന്നിവയാണ് പൂര്ണായും വെട്ടിയത്.
എന്നാല് ജനറല് കമ്മിറ്റി അംഗീകരിക്കാത്തതും ചര്ച്ച ആകാത്തതുമായ പല പദ്ധതികളും മിനിട്സില് ഇടംപിടിക്കുകയും ചെയ്തുവെ ന്നും പരാതിയിൽ ആരോപി ക്കുന്നു. ഇത് 12നു ചേര്ന്ന ഡിപിസി അംഗീകാരത്തിനായി സെക്രട്ടറി സമര്പ്പിക്കുകയും ചെയ്തു.
ഭൂരിപക്ഷ തീരുമാനത്തെ മറച്ചുവച്ച് വ്യാജ മിനിട്സ് ഉണ്ടാക്കിയ സെക്രട്ടറിയുടെ നടപടി പഞ്ചായത്ത് രാജ് നിയമങ്ങള്ക്കും ചട്ടങ്ങള്ക്കും വിരുദ്ധമാണെന്ന് എല്ഡിഎഫ് അറിയിച്ചു. വാര്ഷികപദ്ധതികളുടെ നിലവില് സമര്പ്പിച്ച ഭേദഗതികള് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റിയുടേയും ജനറല് കമ്മിറ്റിയുടേയും ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച ഭേദഗതികള് ഉള്പ്പെടുത്തണമെന്നും മെമ്പര്മാര് പരാതിയില് പറയുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല നടപടിയും പരാതിക്കാര് ആവശ്യപ്പെട്ടു.
District News
പേരൂര്ക്കട: പൂജപ്പുര-മുടവന്മുഗള് റോഡ്, കുഞ്ചാലുമൂട്-തമലം-കേശവദേവ് റോഡ്, പൂജപ്പുര ലൂപ്പ് റോഡ്, ചിലപ്പത് തെരുവ് റോഡ് എന്നിവിടങ്ങളിൽ ടാറിംഗ് നടത്തുന്നതിനാല് 14 മുതല് 21 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വഴുതക്കാട് സിറ്റി റോഡ് സ് വിഭാഗം അസിസ്റ്റന്റ് എന്ജിനിയര് അറിയിച്ചു.