ഇടിച്ചുകയറിയ കാറിനു മുകളിൽ വെയ്റ്റിംഗ് ഷെഡ് തകർന്നുവീണു
Tuesday, October 15, 2019 1:52 AM IST
കോതമംഗലം: നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി കാത്തിരിപ്പു കേന്ദ്രത്തിന്റെ കോണ്ക്രീറ്റ് മേൽക്കൂര ഉൾപ്പെടെ കാറിനു മുകളിൽ പതിച്ചെങ്കിലും നവജാതശിശു അടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
പോത്താനിക്കാ ടിനു സമീപം കക്കടാശേരി-കാളിയാർ റോഡിൽ പുളിന്താനത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. മുവാറ്റുപുഴ ഭാഗത്തുനിന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചശേഷം ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൈങ്ങോട്ടൂർ ആയങ്കര കരികുളത്തിൽ ഉദയന്റെ ഭാര്യ രജനിയെ പ്രസവശേഷം ഡിസ്ചാർജ് ചെയ്തു വരുന്നവഴിയാണ് അപകടം.
നിസാര പരിക്കേറ്റ ഉദയന്റെ മൂത്ത കുട്ടി, ഉദയന്റെ അമ്മ, ഭാര്യയുടെ അമ്മ എന്നിവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.