പേരുകൾ തിരുത്തി! ക്രിസ്ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ കുണ്ടള സിഎസ്ഐ പള്ളിയിലെ ഫാമിലി രജിസ്റ്റര്‍, ശവസംസ്കാര രജിസ്റ്റര്‍ തുടങ്ങിയ രേഖകള്‍ രാജ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതില്‍ രാജയുടെ മാതാപിതാക്കളായ ആന്റണി, എസ്തേര്‍ എന്നിവരുടെ പേരുകള്‍ അന്‍പുമണി, എല്‍സി എന്നിങ്ങനെ തിരുത്തി.
മുത്തച്ഛന് ലക്ഷ്മണന് എന്ന പേര് ആര്. എല്‍. രമണന് എന്നും മുത്തശി പുഷ്പയുടെ പേര് പുഷ്പമണിയെന്നും തിരുത്തിയതായി കണ്ടെത്തിയിരുന്നു. ഫാമിലി രജിസ്റ്ററിൽ കൃത്രിമം കാട്ടിയതാണെന്നു വ്യക്തമാണെന്നും രാജയെ സഹായിക്കുന്ന തിരുത്തലുകള്‍ ഇതിനു പിന്നിലാരാണെന്നു വിളിച്ചു പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. തന്റെ അച്ഛന്റെ പേര് ആന്റണിയെന്നാണെന്നും അമ്മയുടെ പേര് എസ്തര് എന്നല്ല ഈശ്വരി എന്നാണെന്നും രാജ പറയുന്നു.
രാജയുടെ വാദം തമിഴ്നാട്ടിലെ ഹിന്ദു പറയന് സമുദായത്തില്‍പ്പെട്ടവരാണ് തങ്ങളുടെ പൂര്‍വികര്‍. ഇടുക്കിയിലെ കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് അവർ കേരളത്തിലേക്ക് എത്തിയത്. കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും ഹിന്ദു പറയന് സമുദായം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ആ നിലയ്ക്കു സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ തനിക്കു യോഗ്യതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം.
അതേസമയം, രാജ വളരെ മുമ്പു തന്നെ ക്രിസ്തുമതത്തിലേക്കു മാറിയതാണെന്നും ക്രിസ്തുമത വിശ്വാസമാണു പിന്തുടരുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ സ്റ്റേ ലഭിച്ചാൽ രാജയ്ക്ക് നിയമസഭയിൽ കയറാം തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ ലഭിച്ചാൽ മാത്രമേ ഇനി രാജയ്ക്ക് നിയമസഭയിൽ പ്രവേശിക്കാനാകൂ. നിയമസഭാ നടപടികളിൽ പങ്കെടുത്താലും വോട്ടവകാശം ഉണ്ടാകില്ല. സഭയുടെ അനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല, പ്രസംഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാകും സാധാരണയായി കോടതികൾ പുറപ്പെടുവിക്കുക. സ്റ്റേ ഉത്തരവിനൊപ്പമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലും നിയമസഭാ സെക്രട്ടേറിയറ്റും തുടർ നടപടി സ്വീകരിക്കുക.
വിധിക്കെതിരേ അപ്പീൽ നൽകും ഹൈക്കോടതി വിധിക്കെതിരേ സിപിഎം സുപ്രീംകോടതിയിൽ ഇന്ന് അപ്പീൽ നൽകും. ഇന്നലെ ചേർന്ന പാർട്ടി അവയ്ലബിൾ സെക്രട്ടേറിയറ്റാണു തീരുമാനമെടുത്തത്.