ഇടയശ്രേഷ്ഠനെ ഒരുനോക്കു കാണാൻ പതിനായിരങ്ങൾ...
Wednesday, March 22, 2023 12:51 AM IST
ജോണ്സണ് വേങ്ങത്തടം
ചങ്ങനാശേരി: ചുറ്റും ആയിരങ്ങൾ ഇരന്പിയെത്തി, എന്നിട്ടും നിശ ബ്ദത നഗരത്തെ പുല്കി നിന്നു. ഉച്ചവെയിൽ കത്തിക്കയറി, എ ങ്കിലും ആരും വാടിത്തളർന്നില്ല. തങ്ങൾക്കു വേണ്ടി ജീവിതം മുഴുവൻ ഒാടിത്തളർന്ന മഹാപ്രതിഭ തന്റെ നഗരത്തിലൂടെ അവസാനമായി കടന്നുപോകുന്പോൾ അടക്കിപ്പിടിച്ച മനസുമായി അവർ ഒപ്പം നടക്കുകയായിരുന്നു. നന്മനിറഞ്ഞ ജീവിതത്തിന്റെ വർണപ്പൂക്കൾ പോലെ മുത്തുക്കുടകൾ വഴിനിറഞ്ഞുനിന്നു.
ത്യാഗോജ്വല ജീവിതത്തെ അടയാളപ്പെടുത്തിയതു പോലെ നൂറുകണക്കിനു കുരിശുകൾ അന്തരീക്ഷത്തിൽ ഉയർന്നുനിന്നു. നമ്രശിരസ്കരായും കൈകൾ കൂപ്പിയും നാനാജാതി മതസ്ഥരായ ആയിരങ്ങൾ വീഥിക്കിരുവശവും ഒരുനോക്കു കാണാൻ കാത്തുനിന്നു. ചങ്ങനാശേരി നഗരം ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വികാരനിർഭരവും പ്രാർഥനാനിരത വുമായ വിലാപയാത്രയ്ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
ഹൃദയംതൊട്ട്...
കാലംചെയ്ത സീറോ മലബാര്‍ സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആർച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പവ്വത്തിലിനു പതിനായിരങ്ങളുടെ പ്രണാമം.
സഭയുടെ കിരീടം എന്നു മാർപാപ്പയാൽ വിശേഷിപ്പിക്കപ്പെട്ട ആചാര്യൻ പലവട്ടം കടന്നുപോയിട്ടുള്ള പാതയിലൂടെ യാത്രപറഞ്ഞുനീങ്ങിയപ്പോൾ അതു ഹൃദയസ്പർശിയായ അനുഭവമായി. അതിരൂപതാധ്യക്ഷൻ എന്ന നിലയിൽ താൻ പതിറ്റാണ്ടുകൾ ജീവിതം ചെലവിട്ട അതിമെത്രാസന മന്ദിരത്തില്‍നിന്നു മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കായിരുന്നു അന്ത്യയാത്ര.
ആധ്യാത്മിക വിശുദ്ധിയില്‍ വഴി നടത്തിയ ആ ധന്യാത്മാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളൊഴുകിയെത്തിയപ്പോൾ നഗരം വീർപ്പുമുട്ടി. പോകുന്നേ ഞാനും എന്‍ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍... എന്ന ദുഃഖാർദ്രമായ ഗാനം അന്തരീക്ഷത്തെ മൂകമാക്കി.
ഇന്നലെ രാവിലെ ആറിനു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഗ്ലാസ് മോര്‍ച്ചറിയില്‍നിന്നു മാര്‍ ജോസഫ് പവ്വത്തിലിന്റെ പൂജ്യദേഹം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അലങ്കരിച്ച വാഹനത്തിൽ ചങ്ങനാശേരി അതിമെത്രാസന മന്ദിരത്തിലെത്തിച്ചു. ആയിരക്കണക്കിനു വൈദികരും സന്യസ്തരും ദൈവജനവും ഇതിനകം മെത്രാസന മന്ദിരത്തിലേക്ക് എത്തിയിരുന്നു.
വിലാപയാത്ര
അരമന മെത്രാപ്പള്ളിയിൽ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗത്തിലേക്കു കടന്നു. ബിഷപ്പുമാരായ മാര്‍ ജോസഫ് അരുമച്ചാടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ ജോര്‍ജ് കൊച്ചേരി, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. പള്ളിയില്‍നിന്ന് അന്ത്യയാത്ര ചൊല്ലി പിരിയുന്ന രംഗത്തിനു വികാരവായ്പോടെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച വൈദികർ സാക്ഷ്യംവഹിച്ചത്.
9.30നു ചങ്ങനാശേരി അതിരൂപത മന്ദിരത്തില്‍നിന്നു വിലാപയാത്ര ആരംഭിച്ചു. മുന്നില്‍ ചങ്ങനാശേരി മേഖലയും ഏറ്റവും പിന്നിലായി കുറുമ്പനാടം മേഖലയും പിതാവിന് അന്ത്യയാത്ര ഒരുക്കി. മുത്തുക്കുടകളും മര, വെള്ളി, സ്വര്‍ണക്കുരിശുകളും പിടിച്ചു വിശ്വാസീസമൂഹം നഗരത്തിൽ നിറഞ്ഞു.
വാഹനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ പ്രാര്‍ഥനകളോടെ ഒപ്പമുണ്ടായിരുന്നു. മാര്‍ മുരിക്കന്‍ വാഹനത്തെ അനുധാവനം ചെയ്തു. വിശ്വാസീസമൂഹവും വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന ജനസഞ്ചയം വഴിയെ ജനസാഗരമാക്കി.