സുപ്രീംകോടതി വിധി സർക്കാരിനു തിരിച്ചടി; ഇനി പോരു കടുക്കും
Friday, December 1, 2023 3:02 AM IST
സാബു ജോണ്
തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വയ്ക്കുന്ന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുപ്രീംകോടതി പരാമർശങ്ങൾ ആഘോഷമാക്കിയിരിക്കുകയായിരുന്നു ഭരണപക്ഷവും സർക്കാരും. അടുത്ത ദിവസം കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിനും കിട്ടി സുപ്രീംകോടതിയുടെ തട്ട്.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഇടതു സർക്കാരും മുഖ്യമന്ത്രിയും പ്രസ്റ്റീജ് പ്രശ്നമായി കണ്ടിരുന്നു. ഇതിനെതിരായ നിയമപോരാട്ടത്തിൽ ലോകായുക്തയിലും ഹൈക്കോടതിയിലും വിജയം വരിക്കാൻ സാധിച്ചതോടെ സർക്കാരിന് വലിയ ആത്മവിശ്വസവുമായി. എന്നാൽ സുപ്രീംകോടതിയുടെ വിധി സർക്കാരിനു വലിയ തിരിച്ചടി തന്നെയാണ്. വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടലുണ്ടായി എന്നു സുപ്രീംകോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്.
പുനർനിയമനം ആവശ്യപ്പെട്ടുകൊണ്ട് ഗവർണർക്കു കത്തു നൽകിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിക്കെതിരേ യൂത്ത് കോണ്ഗ്രസും കെഎസ്യുവും പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.
ബിജെപി ആകട്ടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ പ്രതിഷേധം കത്തിപ്പടരാനും സാധ്യതയുണ്ട്. നവകേരള സദസുമായി ജനങ്ങൾക്കിടയിലേക്കു സർക്കാർ ഇറങ്ങിച്ചെല്ലുന്ന വേളയിൽ സർക്കാരിനെതിരേ പരമോന്നത കോടതിയിൽ നിന്നുണ്ടായ വിധി സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ്.
ഗവർണർ സർക്കാരിന്റെ സമ്മർദത്തിനു കീഴടങ്ങി എന്നു കോടതി വിമർശിക്കുന്പോഴും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആഹ്ലാദിക്കാൻ വകയുണ്ട്. പുനർനിയമനത്തിന് ഒപ്പിട്ടത് സർക്കാരിന്റെ സമ്മർദം മൂലമാണെന്ന് ഗവർണർ നേരത്തെ തന്നെ തുറന്നു പറഞ്ഞതാണ്. ഇന്നലെയും അത് ആവർത്തിച്ചു. കണ്ണൂർ വിസിക്കെതിരേ പരസ്യ നിലപാടെടുത്ത ഗവർണറെ സംബന്ധിച്ചിടത്തോളം കോടതി വിധി അദ്ദേഹത്തിന്റെ വിജയമായി കാണാം.
സുപ്രീംകോടതി വിധിയോടു പ്രതികരിച്ച ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനമാണ് അഴിച്ചു വിട്ടത്. എന്നാൽ ആക്ഷേപങ്ങളെ അവഗണിച്ചു തള്ളുന്ന പതിവു ശൈലിയായിരിക്കും ഇക്കാര്യത്തിലും സർക്കാർ സ്വീകരിക്കാൻ പോകുന്നത്.
കോടതിയുടെ വിമർശനം ഗവർണർക്കു കരുത്തു പകരുന്നതായും വ്യാഖ്യാനിക്കാം. സമ്മർദങ്ങൾക്കു വഴങ്ങാതെ തീരുമാനമെടുക്കണം എന്നു സുപ്രീംകോടതി പറയുന്പോൾ ഇനിയങ്ങോട്ട് ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ കാർക്കശ്യത്തോടെ സർക്കാരിനെ നേരിടാനാണു സാധ്യത.
സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് അയച്ചതോടെ അക്കാര്യത്തിൽ ഇനി അനുകൂല നടപടി പ്രതീക്ഷിക്കേണ്ടതില്ല. ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറായി തുടരും. വൈസ് ചാൻസലർ നിയമനത്തിൽ ഉൾപ്പെടെ സർക്കാരിന് ഗവർണർ തലവേദന സൃഷ്ടിക്കും.
ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂർത്തിയാകാൻ ഒന്പതു മാസത്തിലേറെയുണ്ട്. സർവകലാശാലകളുടെ കാര്യത്തിൽ അതുവരെ തീരുമാനമെടുക്കാതെ മുന്നോട്ടു പോകേണ്ടി വരും. മറ്റു മേഖലകളിലും സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത മൂർച്ഛിക്കാനാണു സാധ്യത.
ഗവർണർ- സർക്കാർ പോരിൽ ഇരുകൂട്ടർക്കും രാഷ്ട്രീയ താൽപര്യങ്ങളാണുള്ളത്. രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. അതിന്റെ പേരിലുണ്ടാകുന്ന തർക്കത്തിൽ നഷ്ടം കേരളത്തിനാണ്.
സർവകലാശാലകൾക്കു നാഥനില്ലാതായിട്ടു തന്നെ നാളുകൾ എത്രയായി. ഈ നില ഇനിയും തുടരാൻ തന്നെയാണു സാധ്യത. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും ഒഴുകുന്ന സമയത്താണിതെന്നോർക്കണം.