കാട്ടാനക്കലി; കോതമംഗലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു
Tuesday, March 5, 2024 2:32 AM IST
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയില്‍ ജനവാസമേഖലയില്‍ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി മുണ്ടോന്‍കണ്ടത്തില്‍ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിര (71) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെ വീടിനു സമീപത്തെ റബര്‍തോട്ടത്തിലാണ് ആനയുടെ ആക്രമണമുണ്ടായത്. ഇവരുടെ കൃഷിയിടത്തില്‍ കൂവയുടെ വിളവെടുപ്പ് നടത്തുകയായിരുന്ന രാമകൃഷ്ണന് ചായയുമായി പോയ ഇന്ദിരയെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയും കൊമ്പുകൊണ്ട് കുത്തുകയുമായിരുന്നു.
ഗുരുതര പരിക്കേറ്റ ഇന്ദിരയെ നാട്ടുകാര്‍ കോതമംഗലത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേമരിച്ചു. അയല്‍വാസിയായ സൂസന് തോമസും ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്നു. തലനാരിഴ വ്യത്യാസത്തിനാണ് സൂസന് രക്ഷപ്പെട്ടത്.
പെരിയാറിന് മറുകരയില്‍ ചെമ്പന്‍കുഴി ഭാഗത്താണ് രാത്രി ആന ഉണ്ടായിരുന്നത്. അവിടെനിന്ന് നാട്ടുകാര്‍ ഓടിച്ചപ്പോഴാണ് ആന കാഞ്ഞിരവേലിയിലെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കോതമംഗലം ടൗണില്‍ ഒരു പകല്‍ മുഴുവന്‍ നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്ദിരയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം ഇന്ന് 12നു വീട്ടുവളപ്പിൽ.മക്കൾ: ഷിബു, സിന്ധു, ഷിജ. മരുമക്കൾ: ബിന്ദു, കിഷോർ, പ്രസാദ്.