പോര് കടുക്കുന്നു !!! പരസ്പരം കടന്നാക്രമിച്ച് രാഹുലും പിണറായിയും
Sunday, April 21, 2024 1:58 AM IST
സാബു ജോണ്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്കു കടന്നപ്പോൾ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം കടന്നാക്രമിച്ച് രാഷ്ട്രീയപ്പോര് കടുപ്പിച്ചു.
ഇരുപക്ഷത്തെയും നേതാക്കൾ ഇവർക്കൊപ്പം ചേർന്നതോടെ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി അതു മാറുകയാണ്. ഇതിനിടെ മഹാരാഷ്ട്രയിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷമായ കടന്നാക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെ കളത്തിൽ നിലയുറപ്പിച്ചു.
പിണറായി വിജയനെ ഇഡി എന്തുകൊണ്ടു ചോദ്യം ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും ചൊടിപ്പിച്ചത്. നിങ്ങൾക്കു നേരത്തേ ഒരു പേരുണ്ടല്ലോ എന്നു പറഞ്ഞ് രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടായിരുന്നു പിണറായി വിജയൻ രാഹുലിനു മറുപടി കൊടുത്തത്.
പിണറായിക്കെതിരേ പ്രിയങ്കയും
ഇന്നലെ കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയും മൂന്നിടങ്ങളിൽ നടത്തിയ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ അതിരൂക്ഷ വിമർശനമാണ് അഴിച്ചു വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രം വിമർശിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതു മോദിയെ പേടിച്ചിട്ടാണെന്നാണ് കോണ്‍ഗ്രസിന്റെ വിമർശനം.
ഒട്ടേറെ ആരോപണങ്ങൾ വന്നിട്ടും പിണറായി വിജയനെ ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടില്ലെന്നു പ്രിയങ്ക പറഞ്ഞു. കുഴൽപ്പണ കേസിൽ ഉൾപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പിണറായിയും തൊട്ടിട്ടില്ലെന്നു പറഞ്ഞു കൊണ്ട് സിപിഎം-ബിജെപി അന്തർധാര എന്ന ആരോപണവും പ്രിയങ്ക പറയാതെ പറഞ്ഞു.
മോദിയെ പേടിച്ചു കഴിയുന്ന മുഖ്യമന്ത്രി എന്നു വിളിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിണറായി വിജയനെ പരിഹസിച്ചത്. ഇലക്ടറൽ ബോണ്ടിൽ അഴിമതിയുണ്ടെന്നു പറഞ്ഞ് പോസ്റ്റിട്ടയാൾ മോദിയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കി എന്നു പറഞ്ഞാണ് കേസെടുത്തത്.
താൻ നൽകിയ പത്തു പരാതികളിൽ ഒന്നിൽ പോലും കേസെടുത്തില്ലെന്നു സതീശൻ ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേപോലെയാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യാ മുന്നണിയെ പിന്നിൽ നിന്നു കുത്തുന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യാത്തതെന്താണെന്നു ചോദിച്ചാണ് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ രാഹുലിനു മറുപടി പറഞ്ഞത്. ബിജെപി- കോണ്‍ഗ്രസ് അന്തർധാര എന്ന ആരോപണം ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചു. പൗരത്വ ഭേദഗതി നിയമത്തിലുൾപ്പെടെ വ്യക്തമായ നിലപാടു കൈക്കൊണ്ടില്ലെന്നു പറഞ്ഞാണ് കോണ്‍ഗ്രസിനെ പിണറായി കുറ്റപ്പെടുത്തിയത്.
രാഹുൽ തോൽക്കുമെന്നു മോദി
രാഹുൽ ഗാന്ധി വയനാട്ടിൽ തോൽക്കുമെന്നാണു പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ പറഞ്ഞത്. അതുകൊണ്ട് മറ്റൊരിടത്തുകൂടി മത്സരിക്കാൻ ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു.
കേരളത്തിന്റെ ഉദാഹരണം ഉയർത്തിക്കാട്ടി ഇന്ത്യ ബ്ലോക്ക് തകർന്നു എന്നു വരുത്തിത്തീർക്കാനാണ് മോദി ഉത്തരേന്ത്യയിൽ ശ്രമിക്കുന്നത്. ആദ്യഘട്ട വോട്ടിംഗിനു ശേഷം പരാജയം മുൻകൂട്ടി കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി പരാജയപ്പെടുമെന്ന് പറയുന്നതെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ തിരിച്ചടിച്ചു.