വൈകുന്നേരം നാലിന് കളക്ടറുടെ ചേംബറിലായിരുന്നു യോഗം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഡോ. ഷെയ്ഖ് ദർവേശ് സാഹബ്, എഡിജിപി എം.ആർ. അജിത്കുമാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.
കൃത്യസമയത്തെത്തി; മടക്കം വൈകി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സ്വീകരിച്ചു. ഇന്നലെ രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തിയത്. കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടിയൊഴുകിയ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. വയനാട്ടിലെ ദുരന്തമേഖലകളും ക്യാന്പുകളിലും ആശുപത്രികളിലുമുള്ളവരെ സന്ദർശിച്ച പ്രധാനമന്ത്രി നേരത്തേ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ഡൽഹിക്ക് മടങ്ങാനായി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
വൈകുന്നേരം 3.45ന് വയനാട്ടിൽനിന്ന് തിരിച്ചെത്തി ഡൽഹിക്ക് മടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയും സംഘവും രണ്ടു മണിക്കൂർ വൈകി വൈകുന്നേരം 5.45നാണ് തിരിച്ചെത്തിയത്. തുടർന്ന് ആറോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ പ്രധാനമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി.