കോട്ടയത്ത് വ്യവസായി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
Wednesday, April 23, 2025 2:11 AM IST
കോട്ടയം: തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെയാണ് എരുത്തിക്കല്‍ അമ്പലത്തിനു സമീപമുള്ള ഇരുനിലവീട്ടില്‍ തലയില്‍ കോടാലിക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.45നു വീട്ടുജോലിക്കെത്തിയ രേവമ്മയാണു മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ഇവര്‍ സമീപവീട്ടില്‍ അറിയിക്കുകയും തുടര്‍ന്നു കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി കൊലപാതകമെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് കിടപ്പുമുറിയിലുമായിരുന്നു. മൃതദേഹത്തില്‍ നിരവധി വെട്ടേറ്റ് രക്തം വാര്‍ന്നിട്ടുണ്ട്. മുഖം വികൃതമാക്കി വസ്ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലാണ്. സമീപത്തുനിന്നു കോടാലിയും വീടിനു മുന്‍വശത്തെ വാതിലിനു സമീപത്തുനിന്ന് അമ്മിക്കല്ലും കണ്ടെത്തി. സിസിടിവിയുടെ ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വര്‍ഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തിവരുകയായിരുന്നു വിജയകുമാര്‍. മുന്‍പ് ഇവരുടെ മകന് ഗൗതം കൃഷ്ണകുമാര്‍ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. വിജയകുമാറും ഭാര്യയും തനിച്ചാണു വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി വരെ വിജയകുമാര്‍ ഇന്ദ്രപ്രസ്ഥം ഓഫീസിലുണ്ടായിരുന്നു. മകള്‍ ഗായത്രി അമേരിക്കയിലാണ്.
ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം വീട്ടിലെത്തി. ഫോറന്‍സിക് സംഘം, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ പരിശോധന നടത്തി. ഏതാനും നാള് മുമ്പ് വിജയകുമാറിന്റെ വീട്ടില്‍ ആസാം സ്വദേശിയായ അമിത് ജോലിക്കു നിന്നിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ ജോലിയില്‍നിന്നു പറഞ്ഞുവിട്ടിരുന്നു. അടുത്തനാളില്‍ ഇയാള്‍ വീട്ടിലെത്തി വിജയകുമാറുമായി വഴക്കുണ്ടാക്കി. അമിതിനെ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടക്കുന്നത്.
മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വീട്ടില്‍നിന്നു മൂന്നു മൊബൈല്‍ ഫോണുകളും കാണാതായിട്ടുണ്ട്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൊലപാതകത്തില്‍ പ്രഫഷണല്‍ ശൈലി കാണുന്നില്ലന്നും പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് പറഞ്ഞു.
2017 ജൂണ്‍ 13ന് തെള്ളകത്തെ റെയില്‍വേ ട്രാക്കില്‍ മകന് ഗൗതമിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മകന്റെ മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരേ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.
പോലീസ് അന്വേഷണത്തില്‍ തൃപ്തനാകാതെ വിജയകുമാര്‍ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്താന്‍ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. അഞ്ചു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും ഫെബ്രുവരിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
മരണകാരണം തലയ്ക്കേറ്റ ക്ഷതം
ഗാന്ധിനഗര്‍: കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം.
തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവമുണ്ടായതായും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ഇരുവരെയും പരിക്കേൽപ്പിച്ചതായും സൂചനയുണ്ട്. വിജയകുമാറിന്റെ നെഞ്ചിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിക്രൂരം; പ്രതി മുൻ ജീവനക്കാരൻ?
കോട്ടയം: വിജയകുമാറിനെയും ഭാര്യയെയും അതിക്രൂരമായ രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. അസം സ്വദേശിയായ അമിതാണ് പ്രതിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിജയകുമാറിന്റെ തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരനും വിശ്വസ്തനുമായിരുന്നു അമിത്.
ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 2.40 ലക്ഷം രൂപ പല തവണയായി അമിത് തട്ടിപ്പിലൂടെ സ്വന്തമാക്കിയതു സംബന്ധിച്ചു വിജയകുമാര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമിത്തിനെ അറസ്റ്റ് ചെയ്തു.
ഈ ഏപ്രില്‍ മൂന്ന് വരെ അമിത് കോട്ടയം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം.
ഇതിനിടെ ഇരട്ടക്കൊലപാതകം നടന്ന തിരുവാതുക്കലിലെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം സിബിഐ സംഘം എത്തിയതായും സൂചനയുണ്ട്. മകന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിജയകുമാര്‍ കോടതിയെ സമീപിക്കുകയും കോടതി സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സിബിഐ എത്തിയതെന്നാണ് സൂചന.