ദേശീയപാത കെട്ടിപ്പൊക്കിയത് ദുർബലമായ മണ്ണിൽ
Friday, May 23, 2025 12:46 AM IST
വി. മനോജ്
മലപ്പുറം: കൂരിയാട് ഇടിഞ്ഞുതാഴ്ന്ന ആറുവരിപ്പാത കെട്ടിപ്പൊക്കിയത് അതിദുർബലമായ മണ്ണിൽ. നിർദേശങ്ങളും അഭിപ്രായങ്ങളും പാടേ അവഗണിച്ചതിന്റെ ഫലമാണ് പാതയുടെ നിർമാണ കരാറുകാരായ കെഎൻആർ കണ്സ്ട്രക്ഷൻസ് കമ്പനിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തിയതെന്ന് വ്യക്തം.
ദേശീയപാത തകർച്ചയിൽ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് നടപടി. കൂരിയാട്ട് വയലുള്ള ഭാഗത്താണ് കഴിഞ്ഞദിവസം വിള്ളലുണ്ടായത്. തുടർന്ന് ദേശീയപാതയിലെ തലപ്പാറയിലും മമ്മാലിപ്പടിയിലും വിള്ളൽ രൂപംകൊണ്ടു.
അമ്പതടിയോളം ഉയരത്തിൽ വയലിലൂടെയാണ് വേങ്ങര ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് മുങ്ങുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്ന് വ്യക്തമാവുകയാണ്.
വലിയ ഉയരത്തിൽ കോണ്ക്രീറ്റ് കട്ടകൾ കൊണ്ട് വശങ്ങൾ കെട്ടിപ്പൊക്കി മണ്ണിട്ടുയർത്തിയ റോഡിൽ വേനൽ മഴയിൽ അടിത്തറയിലുണ്ടായ സമ്മർദത്താൽ ദുർബലമായ വയൽ മണ്ണ് ഇളകിമാറി വശങ്ങളിലെ കെട്ട് തകർന്ന് ഇടിഞ്ഞ് വീഴുകയാണ് കൂരിയാട്ടുണ്ടായത്.
വയൽ നികത്തി പണിത സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തിൽ നിർമിച്ച ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു.
റോഡ് തകർച്ചയുടെ പിറ്റേന്ന് മലപ്പുറം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആറുവരി പ്പാത നിർമാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് ദേശീയപാത 66 പ്രോജക്ട് ഡയറക്ടർ അൻഷിൽ ശർമ പറഞ്ഞത്. എന്നാൽ പാത നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും ജനപ്രതിനിധികളും ഒട്ടേറെ തവണ പരാതികൾ ഉയർത്തിയിരുന്നു.
ജില്ലാ വികസന സമിതിയോഗങ്ങളിലടക്കം ഈ വിഷയം ചർച്ചയ്ക്കും വന്നു. എന്നാൽ ദേശീയപാത അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തൃപ്തികരമായ മറുപടി ലഭിക്കാറില്ലെന്ന് യോഗത്തിൽ പങ്കെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ജനപ്രതിനിധികൾ വിമർശനമുന്നയിച്ചു.
ജനപ്രതിനിധികളും പ്രദേശവാസികളും കർഷകരും മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഹരിക്കാത്തതിന്റെ ഫലമാണ് കൂരിയാട് റോഡ് തകർച്ചക്കിടയാക്കിയതെന്ന് അവർ ആരോപിക്കുന്നു.
മഴ കനത്താൽ കൂരിയാട് പ്രദേശത്ത് പ്രശ്നങ്ങൾ സംഭവിക്കുമെന്ന് പാതയ്ക്ക് സമീപമുള്ള കൂരിയാട്, കൊളപ്പുറം, കൂറ്റൂർ പാടശേഖരങ്ങളിലെ കർഷകരും പറഞ്ഞിരുന്നു. മുകൾ ഭാഗത്തു നിന്ന് വരുന്ന കടലുണ്ടിപ്പുഴയിലെ വെള്ളം പാതയ്ക്ക് കുറുകെ ഒഴുകി കൂരിയാട് തോട്ടിലൂടെ വീണ്ടും പുഴയിലെത്താനുതകുന്ന കലുങ്ക് നിർമാണമെന്നതായിരുന്നു കർഷകരുടെ ആവശ്യം. ഇതൊന്നും പരിഗണിക്കാതെ അധികൃതർ വീണ്ടും നിർമാണവുമായി മുന്നോട്ടുപോയി.
ആറുവരിപ്പാതയുടെ മലപ്പുറത്തെ രണ്ടു റീച്ചുകളും 99 ശതമാനം പണിയും പൂർത്തിയായി മുഴുവനായി തുറക്കാനിരിക്കെയാണ് കൂരിയാട്ടെ റോഡ് തകർച്ച. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പരിശോധനകളുടെ കൃത്യതയില്ലായ്മയാണോ നിർമാണത്തിലെ പാകപ്പിഴവാണോ പ്രശ്നമെന്ന് വിദഗ്ധ സംഘത്തിന്റെ അന്തിമ പരിശോധനയിലൂടെ മാത്രമേ മനസിലാകൂ. റോഡ് നിർമാണത്തിലും മറ്റും അടിത്തറ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് നടപടികൾ സൂചിപ്പിക്കുന്നത്.