പി.ജെ. ജോസഫിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു; പ്രകാശനം നാളെ
Thursday, September 18, 2025 1:18 AM IST
കോട്ടയം: ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എംഎല്‍എയുമായ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിന്റെ ജീവചരിത്രം പി.ജെ. ജോസഫ്, കാലഘട്ടത്തിന് മുമ്പേ സഞ്ചരിച്ച കര്‍മയോഗി നാളെ പ്രകാശനം ചെയ്യും.
കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗമായ ഡോ. ജോബിന് എസ്. കൊട്ടാരമാണ് പുസ്തകം രചിച്ചിരിക്കുന്നത്. നാളെ 2.30ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് സന്ദേശനിലയം ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ജീവചരിത്രം പ്രകാശനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. സ്റ്റെഡി കാഞ്ഞുപ്പറമ്പില്‍, സീറോമലബാര്‍ സഭ ഉന്നത വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ്, ഗ്രന്ഥകാരന് ഡോ. ജോബിന് എസ്. കൊട്ടാരം എന്നിവര്‍ പ്രസംഗിക്കും.
വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്ലസ് ടു നടപ്പിലാക്കിയതു വഴി കേരളത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരിക്കിയതിനെക്കുറിച്ചും നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ച് സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്സുകള്‍ അടക്കം പ്രഫഷണല്‍ കോഴ്സുകള്‍ ആരംഭിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് നടത്തിയതിനെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.