പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ; പള്ളിയുടെ ഫോട്ടോ ഉൾപ്പെടുത്തിയ ബിജെപി പോസ്റ്റർ വിവാദമായി
Thursday, September 18, 2025 1:18 AM IST
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം പള്ളിയിൽ ആഘോഷിക്കുമെന്ന ബിജെപി പോസ്റ്റർ വിവാദത്തിൽ. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമെന്നാണ് പോസ്റ്ററിൽ സൂചിപ്പിച്ചിരുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, നോർത്ത് ജില്ലാ പ്രസിഡന്റ് ജോയി കോയിക്കക്കുടി, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു എന്നിവരുടെ ഫോട്ടോ ഉൾപ്പെടുത്തിയാണ് പോസ്റ്റർ അടിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇതു പ്രചരിച്ചത്.
ഇതു വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടർന്ന് കോതമംഗലം രൂപതയ്ക്കും ഇടവകയ്ക്കും പോസ്റ്ററുമായി യാതൊരു ബന്ധമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തിനായി കൂദാശകളെയോ ദേവാലയത്തേയോ പള്ളിപരിസരത്തേയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പള്ളിയുടെ ഫോട്ടോ ഉപയോഗിച്ച് പോസ്റ്റർ ഇറക്കിയത് അപലപനീയമാണെന്നും മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ പ്രസ്താവനയിൽ അറിയിച്ചു.