വിഎഫ്പിസികെയിൽ വൈവിധ്യവത്കരണം നടപ്പാക്കുമെന്നു കൃഷിമന്ത്രി
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: കൃഷി വകുപ്പിനു കീഴിലുള്ള സ്വയംഭരണ കന്പനിയായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കേരളയിൽ വൈവിധ്യവത്കരണം നടപ്പാക്കുമെന്നു മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ വിഎഫ്പിസികെയുടെ ഭരണപരമായ ചെലവുകൾ കുതിച്ചു കയറുന്നത് അടക്കമുള്ള വിഷയങ്ങൾ പഠന വിധേയമാക്കാൻ കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
രണ്ടു ലക്ഷത്തോളം കർഷകർ അടങ്ങുന്ന കന്പനിയെ പുനരുദ്ധരിക്കാൻ സാങ്കേതിക ഉപദേശങ്ങൾ അടക്കം നൽകാൻ സമിതിയോടു നിർദേശിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
വിഎഫ്പിസികെയിലെ ജീവനക്കാർക്ക് ശന്പളവും കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ വിതരണം നടത്തിയതിന്റെ വിലയും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു മോൻസ് ജോസഫ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
കവുങ്ങു കർഷകരുടെ കടങ്ങൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു എൻ.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മന്ത്രി പി. പ്രസാദ് മറുപടി നൽകി.