അടിയന്തരപ്രമേയ ചർച്ച: മന്ത്രിയുടെ പ്രസംഗത്തിനിടെ സഭ ബഹിഷ്കരിച്ചു പ്രതിപക്ഷം
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തേക്കുറിച്ചു നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രമേയ അവതാരകനായ എൻ. ഷംസുദ്ദീനെ അപമാനിച്ച് മന്ത്രി നടത്തിയ പരാമർശങ്ങൾക്കു മറുപടി നൽകാൻ അവസരം നൽകിയില്ലെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം. മസ്തിഷ്കജ്വരം നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഷംസുദ്ദീൻ കുറ്റപ്പെടുത്തിയിരുന്നു.
ഷംസുദ്ദീന്റെ മണ്ഡലത്തിലുൾപ്പെടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ആലോചനായോഗങ്ങളേക്കുറിച്ചു വിശദമാക്കിയ മന്ത്രി, ഷംസുദ്ദീൻ മണ്ഡലത്തിലെങ്ങുമില്ലേ എന്നു ചോദിച്ചതാണ് ഷംസുദ്ദീനെയും പ്രതിപക്ഷത്തെയും ചൊടിപ്പിച്ചത്.
ഇതിനു മറുപടി പറയുന്നതിനായി ഷംസുദീൻ എഴുന്നേറ്റെങ്കിലും മന്ത്രി വഴങ്ങിയില്ല. സ്പീക്കറോട് അഭ്യർഥിച്ചെങ്കിലും വിശദീകരണത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ ഷംസുദ്ദീൻ സ്വന്തം സീറ്റിൽ നിന്ന് എഴുന്നേറ്റ് മുൻഭാഗത്തേക്കു നടന്നു വന്നു. പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ ഷംസുദീൻ നടത്തിയ പരാമർശം ശരിയായില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ ഷംസുദ്ദീന്റെ പരാമർശം എന്തെന്നു കേൾക്കാമായിരുന്നില്ല. ഒരു അംഗത്തേക്കുറിച്ച് മന്ത്രി തെറ്റിദ്ധാരണാജനകമായ പരാമർശം നടത്തിയാൽ അതിൽ വിശദീകരണം നൽകാൻ അംഗത്തിന് അവകാശമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ ഷംസുദ്ദീന്റെ പരാമർശത്തേക്കുറിച്ചായിരുന്നു സ്പീക്കർ വീണ്ടും പറഞ്ഞത്.
ഷംസുദ്ദീൻ ഒന്നും പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷ നേതാവും പറഞ്ഞു. ഉടൻ തന്നെ ബഹിഷ്കരണം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. സ്വന്തം സീറ്റിൽ നിന്നു മാറിനിന്ന് ബഹളത്തിനിടയിൽ അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ രേഖകളിൽ ഉണ്ടാകില്ല.